മാറ്റങ്ങളോടെ അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ( IFFK ) നിയമാവലി സമഗ്രമായി പരിഷ്കരിക്കുന്നു. ഇതിനായി രൂപീകരിച്ച ആറംഗ കമ്മിറ്റി നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു. ഏറെക്കാലമായി ഈ വിഷയത്തിൽ നടന്നു വരുന്ന വിമർശനങ്ങളും നിർദേശങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള ഭേദഗതികൾ മലയാള സിനിമകൾക്ക് കൂടുതൽ പ്രയോജനം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു , ബീന പോൾ, ഡോ. ബിജു, സണ്ണി ജോസഫ്, വിപിൻ വിജയൻ എന്നിവരാണ് റൂൾസ് ആൻഡ് റെഗുലേഷനുകളിൽ മാറ്റം വരുത്താനായി രൂപീകരിച്ച കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.

മലയാള സിനിമ വിഭാഗത്തിലും അന്താരാഷ്ട്ര മത്സര വിഭാഗത്തിലുമായി ഉൾപ്പെടുത്തുന്ന മലയാള ചിത്രങ്ങളുടെ എണ്ണം കീഴിൽ നിന്ന് പതിനാലായി ഉയർത്തി. പതിനാലിൽ 6 ചിത്രങ്ങൾ നിർബന്ധമായും പുതുമുഖ സംവിധായകരുടേതായിരിക്കണം എന്ന നിർദേശവും ഉണ്ട്. മറ്റൊരു നിർദേശം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമകൾ കേരളത്തിൽ മുൻപ് പ്രദർശിപ്പിച്ചിരിക്കുവാൻ പാടില്ല എന്നുള്ളതാണ്.

ആദ്യപ്രദർശനം ഐ എഫ് എഫ് കെ യിൽ ആയിരിക്കണം. അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട മലയാള/ ഇതരഭാഷാ ചലച്ചിത്രങ്ങളും ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ മലയാളചലച്ചിത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ‘ഫെസ്റ്റിവൽ കാലിഡോസ്കോപ്’ എന്ന പുതിയൊരു വിഭാഗം തുടങ്ങാനും നിർദേശമുണ്ട്.

മികച്ച നടൻ/ നടി ,സാങ്കേതികവിഭാഗം, ജൂറി പ്രൈസ് എന്നീ മൂന്ന് അവാർഡുകളുടെ കൂടി തിളക്കം ഇനി മുതൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിനുണ്ടാകും. അന്തരിച്ച പ്രമുഖ സംവിധായകൻ കെ ആർ മോഹനന്റെ സ്മരണക്കായി ഫിലിം സൊസൈറ്റി ഫെഡറേഷൻ ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ എൻഡോവ്മെന്റ് അവാർഡും മേളയുടെ ഭാഗമാകും .

വർഷങ്ങളായി ചലച്ചിത്ര പ്രവർത്തകർ ഉന്നയിച്ചുവരുന്ന ഒട്ടേറെ ആവശ്യങ്ങൾ ഭേദഗതികളായി കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ നിരന്തരമായി ഇടപെട്ട് വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ഡോ.ബിജുവിനെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ ക്രിയാത്മകമായ നിലപാടെടുത്ത സാംസ്‌കാരിക വകുപ്പിനേയും ചലച്ചിത്ര അക്കാദമിയേയും അഭിനന്ദിച്ചുകൊണ്ട് ഡോ. ബിജു രംഗത്തെത്തി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ബിജുവിന്റെ പ്രതികരണം. ഏതാണ്ട് പത്തു കൊല്ലക്കാലമായി താൻ ഈ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ട് എന്ന് അദ്ദേഹം പറയുന്നു.

ഡോ . ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

കേരള ചലച്ചിത്ര മേളയുടെ ഇരുപത്തി മൂന്നാമത് വർഷമാണ് 2018. മേള തുടങ്ങിയതിനു ശേഷം മേളയുടെ നിയമാവലികളിലും സെക്ഷനുകളിലും സമൂലമായ ഒരു പരിഷ്കരണം ഇതുവരെ ഉണ്ടായിരുന്നില്ല .എത്രയോ വർഷങ്ങളായി ഞാൻ ഉൾപ്പെടെയുള്ള ആളുകൾ മേള മലയാള സിനിമകൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന തരത്തിൽ റൂൾസ് ആൻഡ് റെഗുലേഷനുകൾ പരിഷ്കരിക്കണം എന്നാവശ്യപ്പെടുന്നു. ഈ വിഷയത്തിൽ വിശദമായ ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഏതാണ്ട് പത്ത് കൊല്ലത്തിലധികമായി ഈ ആവശ്യം ഉന്നയിക്കുകയാണ് . ഇപ്പോഴത്തെ സർക്കാരും ചലച്ചിത്ര അക്കാദമി ഭാരവാഹികളും ഏതായാലും ഈ വിഷയത്തിൽ ക്രിയാത്മകമായ ഒരു നിലപാട് എടുത്തു. ചലച്ചിത്ര മേളയുടെ നിയമാവലി പരിഷ്കരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു.

അക്കാദമി ചെയർമാൻ കമൽ , സെക്രട്ടറി മഹേഷ് പഞ്ചു , ബീനാപോൾ , വി .കെ ജോസഫ് , സണ്ണി ജോസഫ് , വിപിൻ വിജയൻ എന്നിവരോടൊപ്പം ഞാനും അടങ്ങിയ ഒരു കമ്മിറ്റിയെ ആണ് ഈ ചുമതല ഏൽപ്പിച്ചത് . മൂന്ന് തവണയായി ചേർന്ന മീറ്റിങ്ങിലൂടെ മലയാള സിനിമയ്ക്ക് ഏറെ ഗുണകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തി നിയമാവലി ഈ വർഷം മുതൽ പരിഷ്കരിച്ചു. ഏറെ സന്തോഷവും അഭിമാനവും ഉണ്ട് 22 വർഷങ്ങൾക്ക് ശേഷമുള്ള ഒരു പരിഷ്കരണത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിൽ സഹകരിക്കാൻ സാധിച്ചതിൽ. ഇന്ന് ഈ വർഷത്തെ മേളയിലേക്ക് അക്കാദമി ഔദ്യോഗികമായി അപേക്ഷകൾ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഐ എഫ് എഫ് കെ യിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്:

1 . ഐ എഫ് എഫ് കെയിൽ മലയാള സിനിമാ വിഭാഗത്തിൽ 7 ചിത്രങ്ങളും അന്താരാഷ്‌ട്ര മത്സരത്തിൽ 2 ചിത്രങ്ങളും ഉൾപ്പെടെ 9 ചിത്രങ്ങൾ ആയിരുന്നു ഇതുവരെ തിരഞ്ഞെടുത്തിരുന്നത്. ഈ വർഷം മുതൽ അത് 14 ചിത്രങ്ങൾ ആയിരിക്കും. ഈ 14 ചിത്രങ്ങളിൽ 6 ചിത്രങ്ങൾ നിർബന്ധമായും ആദ്യ സിനിമ ചെയ്യുന്ന പുതുമുഖ സംവിധായകരുടേത് ആയിരിക്കണം (ഒരു സംവിധായകന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ സിനിമ മാത്രമാണ് ആദ്യ സിനിമ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്).

ബാക്കി 8 ചിത്രങ്ങൾ രണ്ടിലധികം സിനിമകൾ സംവിധാനം ചെയ്യുന്ന സംവിധായകരുടേതാകും. ഈ 14 സിനിമകളിൽ നിന്നും 2 സിനിമകൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കും (അടുത്ത വര്ഷം മുതൽ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്ന മലയാള സിനിമകൾ കേരളത്തിലെ ആദ്യ പ്രദർശനം ആയിരിക്കണം എന്ന നിബന്ധന കൂടി ഉണ്ടാകും എന്ന നിർദ്ദേശം കമ്മിറ്റി നൽകിയിട്ടുണ്ട് )

2 . അന്താരാഷ്‌ട്ര മത്സരത്തിൽ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ സിനിമകൾ കേരളത്തിലെ ആദ്യ പ്രദർശനം ആയിരിക്കണം എന്നത് നിർബന്ധമാക്കി.

3 . ഫെസ്റ്റിവൽ കാലിഡോസ്കോപ് എന്ന ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു. ഫിയാപ് ഫ് (FIAPF ) അംഗീകാരമുള്ള ഇന്ത്യക്ക് പുറത്തെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള മലയാളത്തിൽ നിന്നും മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നും ഉള്ള ചിത്രങ്ങൾ ആണ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടുന്ന മലയാള സിനിമ, മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടുന്ന മലയാള സിനിമ, മികച്ച സിനിമയ്ക്കുള്ള കേരളാ സ്റ്റേറ്റ് അവാർഡ് നേടുന്ന മലയാള സിനിമ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 8 സിനിമകൾ ആണ് ഈ വിഭാഗത്തിൽ ഉണ്ടാവുക.

4 . അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മൂന്ന് അവാർഡുകൾ കൂടി ഏർപ്പെടുത്തി. മികച്ച നടൻ / നടി , മികച്ച സാങ്കേതിക വിഭാഗം , ജൂറി പ്രൈസ് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങൾ.

5 . മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രെസ്‌കി പുരസ്കാരം അന്താരാഷ്ട്ര മത്സരത്തിലും, ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച നവാഗത സംവിധായകന് മാത്രം ആക്കി (ആദ്യത്തെയോ രണ്ടാമത്തെയോ ചിത്രം സംവിധാനം ചെയ്ത പുതുമുഖ സംവിധായകന്.)

6 . മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം അന്താരാഷ്ട്ര മത്സരത്തിലും , മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു സിനിമയ്ക്ക്.

7 . പ്രിയ സംവിധായകൻ കെ .ആർ. മോഹനന്റ്റെ ഓർമയ്ക്കായി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ കേരള ഘടകം ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ കെ ആർ മോഹനൻ എൻഡോവ്മെന്റ്റ് പുരസ്കാരം അന്താരാഷ്‌ട്ര മത്സര രംഗത്തും ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലും ഉള്ള ആദ്യ സിനിമ / രണ്ടാമത്തെ സിനിമ സംവിധാനം ചെയ്ത ഇന്ത്യൻ/ മലയാളം സംവിധായകരുടെ ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്.

8 . ഇതോടൊപ്പം സാധാരണയായി മുൻവർഷങ്ങളിൽ പലപ്പോഴും ഉണ്ടായിട്ടുള്ള വിവാദങ്ങളും വിമർശനങ്ങളും പരിശോദിച്ചു അവ പരിഹരിക്കുന്നതിനായി കൃത്യമായ ഒട്ടേറെ നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചലച്ചിത്ര മേള തുടങ്ങി 22 വർഷങ്ങൾക്ക് ശേഷം സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും കേരള ചലച്ചിത്ര മേളയുടെ നിയമാവലി സമൂലമായി പരിഷ്കരിക്കാൻ ശ്രമം നടത്തിയത് എന്തുകൊണ്ടും അഭിനന്ദനീയമായ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സാംസ്കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമിക്കും അഭിനന്ദനങ്ങൾ. ഈ മാറ്റങ്ങളിൽ ഒരു പങ്കു വഹിക്കാൻ നൽകിയ അവസരത്തിന് നന്ദി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

peace, Hiroshima day, CP Narayanan , MP ,AIPSO  students, politics, campus, High Court, women, freedom, Kashmir, Kerala, tourism, refugees, cyber attacks, politics,  Rajya Sabha ,Executive Committee, Kerala Agricultural University, Member, State Planning Board,Political Secretary , Chief Minister,elected ,Committee on Rural Development , Rohingya, Syria, terrorism, Pakistan, military, war, Japan, AIPSO , students 

ലോകസമാധാന ഭീഷണികളെ ഓർമ്മപ്പെടുത്തി മറ്റൊരു ഹിരോഷിമാദിനാചരണം കൂടി വരവാകവെ

‘കയർ കേരള’ കയർ മേഖലയ്ക്ക് പുത്തൻ ഉണർവു നൽകി: മന്ത്രി ജി. സുധാകരൻ