in ,

ആദിവാസികളുടെ നാട്ടറിവ് നഷ്ടം: ഐഐഐടിഎം-കെ പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം 

തിരുവനന്തപുരം: കേരളത്തിലെ ആദിവാസികള്‍ക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന് അഭിമാനിക്കപ്പെട്ടിരുന്ന അമൂല്യമായ അറിവുകള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര  പട്ടികവര്‍ഗ ക്ഷേമ മന്ത്രാലയം തീരുമാനിച്ചു.

ഇതിന്‍റെ ഭാഗമായി പഠനം കൂടുതല്‍ വിപുലമായി നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍  മന്ത്രാലയത്തിന്‍റെ കീഴില്‍ ഗവേഷണകാര്യങ്ങള്‍ക്കായുള്ള ഉപദേശക സമിതി (ആര്‍എസി) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെ. സോമപ്രസാദ് എംപി അറിയിച്ചു.  

പഠനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ട പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബാക്കിയുള്ള നാട്ടറിവുകളെങ്കിലും  നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നും കെ.സോമപ്രസാദ് രാജ്യസഭയില്‍ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ഭാവിയില്‍ മന്ത്രാലയത്തിന്‍റെ ഇത്തരത്തിലുള്ള ഗവേഷണ പദ്ധതികളില്‍ ഐഐഐടിഎം-കെയ്ക്ക് പ്രാധാന്യം ലഭിക്കുമെന്ന് ശ്രീ സോമപ്രസാദ് അറിയിച്ചു. രാജ്യത്ത് ഇരൂനൂറോളം ഗോത്രവര്‍ഗങ്ങളുണ്ട്. ആയിരത്തഞ്ഞൂറോളം നാട്ടറിവുകളാണ് ഇവര്‍ക്കുള്ളത്. ഇവയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളിലും ഐഐഐടിഎം-കെയ്ക്ക് ഭാഗമാകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ടത്തിലെ എട്ട് ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍  ഐഐഐടിഎം-കെയിലെ സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് ആണ് വ്യത്യസ്തമായതും ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതുമായ ഈ പഠനം നടത്തിയത്. വയനാട്ടിലെ കുറിച്യര്‍, കാട്ടുനായ്ക്കര്‍, നിലമ്പൂരിലെ ചോലനായ്ക്കര്‍, പണിയര്‍, പാലക്കാട് അധിവസിക്കുന്ന ഇരുളര്‍, കുറുമ്പര്‍, കൊല്ലത്തെ കാണിക്കാര്‍, മലപണ്ടാരം എന്നീ വിഭാഗങ്ങളാണ് പഠനവിധേയമായത്.

സാമുഹികമായ ഘടകങ്ങളെ ശാസ്ത്രത്തിന്‍റെ പിന്‍ബലത്തില്‍ ഇങ്ങനെ  അപഗ്രഥിച്ചു കിട്ടിയപ്പോള്‍ അതിനെ നിയമനിര്‍മാണ വേദിയില്‍ അവതരിപ്പിക്കുകയും ഭരണപരമായ പിന്തുണ ലഭ്യമാക്കുകയുമാണ് ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു ഗവേഷണ സ്ഥാപനം സ്വന്തം നിലയില്‍ നടത്തിയ പഠനം രാജ്യസഭയില്‍ പരാമര്‍ശിക്കപ്പെടുന്നതും അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുന്നതും അപൂര്‍വമാണെന്ന് ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ആദിവാസികളുടെ പരമ്പരാഗത വിജ്ഞാനശേഖരം രേഖപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതിന്‍റെ അവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന്  ഐഐഐടിഎംകെ-യിലെ സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് മേധാവി ഡോ. ജയശങ്കര്‍ ആര്‍. നായര്‍  ചൂണ്ടിക്കാട്ടി.

തേന്‍ ശേഖരണം, വിവിധ ഔഷധസസ്യങ്ങളുടെയും പ്രയോഗങ്ങളുടെയും അറിവ്, നെല്‍വയലിലെ ചാഴിയുടെ പ്രതിരോധം, ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഇലകളും കൂണുകളും കണ്ടെത്തല്‍, മഴ-മഞ്ഞള്‍-ചെമ്പരത്തി-നെല്ല് മുതലായവയുടെ ആരാധന, കൂടനിര്‍മാണം, വിഷചികിത്സ, വിവിധ ഗോത്രകലകള്‍, കരകൗശലം  തുടങ്ങിയവയിലെ അറിവുകളാണ് പഠന വിഷയമാക്കിയത്.  ഡോ.സരോജ് കുമാര്‍ വി, സൂരജ് എന്‍.പി, പ്രൊഫ. എം.സോമശേഖരന്‍ പിള്ള എന്നിവരാണ് പഠനത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കൊച്ചിയുടെ കഥ പറയുന്ന യുവകലാകാരന്മാരെ പരിശീലിപ്പിക്കാന്‍ ഒരിജിത് സെന്‍

ഓണം, ബക്രീദ് ഉത്സവകാലത്ത് 8000 പ്രത്യേക ചന്തകള്‍ തുടങ്ങും