in

എത്ര മനുഷ്യരുടെ ചോരയിൽ ചവിട്ടിയാകും നമ്മൾ …!  

ചില  ഇമേജുകൾ എന്നും  ഓർമ്മയിലുണ്ടാവും. ക്രൂരതയും കാരുണ്യവും സഹതാപവും  മാറിമാറി നിഴലിക്കുന്ന  ചില കോൺട്രാസ്റ്റിംഗ് ഇമേജുകൾ.  ജീവിതകാലം മുഴുവൻ നമ്മെ പിന്തുടർന്ന് വേട്ടയാടാൻ മാത്രം കരുത്തുള്ളതും കാലമെത്ര കഴിഞ്ഞാലും ഓർമയിൽ നിന്ന്  മാഞ്ഞു പോകാത്തതുമായ ഇമേജുകൾ. ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന ചിത്രങ്ങൾ. അതത് കാലത്തെ രാഷ്ട്രീയമാണ് ഈ ചിത്രങ്ങളുടെ ഉൽപ്പാദകർ. 

വരൂ , ഈ തെരുവുകളിലെ  കലാപം  കാണൂ എന്ന് അത് ലോകത്തോട് നിസ്സഹായരായി നിലവിളിക്കും. കൊലവാളുകളുമായി ഉറഞ്ഞു തുള്ളുന്നവരുടെ മുൻപിൽ സ്വന്തം  ജീവന് വേണ്ടി തൊഴുകൈകളോടെ നിന്ന്  യാചിക്കുന്ന കുത്തബുധിൻ അൻസാരിയുടെ ചിത്രം ഓർമയില്ലേ? ഭീതി നിറഞ്ഞുതുളുമ്പുന്ന അൻസാരിയുടെ കണ്ണുകളിൽ നാം അരക്ഷിതമായ ഇന്ത്യയുടെ അക്കാലത്തെ ആത്മാവിനെ കണ്ടു. ഒരു മുഴുവൻ സമൂഹത്തിന്റെ ഉൽക്കണ്ഠയും ഭയാശങ്കകളും അതിൽ പ്രതിഫലിച്ചിരുന്നു. 

ഗുജറാത്ത്  കലാപത്തിന്റെ മുഖചിത്രമായി മാറിയ അശോക് പാമർ എന്ന ചമാറിന്റെയാണ് മറ്റൊന്ന്. ചുരുട്ടിപ്പിടിച്ച മുഷ്ടികളിൽ  ഇരുമ്പു ദണ്ഡുമായി നിന്ന് ആക്രോശിക്കുന്ന ആ ദളിത് യുവാവിന്റെ  ചിത്രവും ആരുടേയും  കണ്ണിൽനിന്ന് മായാനിടയില്ല. കലാപകാല  നാൾവഴികളിലുടനീളം നമുക്ക് ഇത്തരം ഇമേജുകൾ കണ്ടെടുക്കാനാവും. ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ 2002 ലെ ഗുജറാത്ത് കലാപത്തെ പ്രതീകവൽക്കരിച്ച ഇമേജുകളായിരുന്നു രണ്ടും. 

    ഷിജു ദിവ്യ

അൻസാരിയെ നാം പിന്നീടും കണ്ടു. ഇങ്ങു കേരളത്തിലും അദ്ദേഹം എത്തി;.വർഗീയവിരുദ്ധതയുടെ ജീവിത രാഷ്ട്രീയം നിഷ്കളങ്കമായ ഭാഷയിൽ സംസാരിക്കാൻ. എന്നാൽ  അശോക് പാമറിനെ പിന്നീട്  നാം കാണുന്നത് മറ്റൊരു വഴിയിയിൽ വെച്ചാണ്. ശരിക്കും പറഞ്ഞാൽ ജീവിതം മാറിമറിഞ്ഞ നിർണായകമായ  മറ്റൊരു വഴിത്തിരിവിൽ വച്ച്. ഹിന്ദുത്വ വിരുദ്ധ ദളിത് മുന്നേറ്റകാലത്ത് ജിഗ്നേഷ് മേവാനി നയിച്ച ഉന സമര പ്രക്ഷോഭങ്ങളിൽ പങ്കാളിയായി. 

ചരിത്രത്തിലെ അതീവ  ശ്രദ്ധേയമായ  ഈ രണ്ടു ഇമേജുകളോടൊപ്പം  ചേർത്ത് വെക്കേണ്ടതാണ് ശബരിമലയുടെ പേരിൽ  ആത്മാഹുതിക്കൊരുങ്ങുന്ന ആദിവാസി സ്ത്രീ  രത്നമ്മയുടെ ചിത്രവും. സ്ത്രീപ്രവേശനത്തെ എതിർത്തും അതിന്റെ പേരിൽ ഒരു കലാപത്തിന് കോപ്പുകൂട്ടിയും ശബരിമലയ്ക്ക് ചാവേറുകളുടെ ചരിത്രഭാരവും കൂടി ചാർത്തി നൽകാൻ  ഒരുമ്പെടുന്ന ഹിന്ദു വർഗീയ ശക്തികളുടെ കയ്യിൽ കളിപ്പാവയായി മാറാൻ വിധിക്കപ്പെടുന്ന ആദിവാസി സ്ത്രീ രത്നമ്മയുടേത്. 

ഗുജറാത്ത് കലാപകാലത്ത് കഥയറിയാതെ ആടിയ അശോക് പാമർ എന്ന ‘ചമാർ ‘ തന്നെയാണ് ശബരിമല പ്രക്ഷോഭ കാലത്തെ  ‘ആദിവാസി’ രത്നമ്മയും എന്ന് വിലയിരുത്തുകയാണ് ഷിജു ദിവ്യ. തലയിൽ ചുറ്റാൻ  നൽകുന്ന ഒരു കാവിത്തുണിക്കും കഴുത്തിലിടാൻ നൽകുന്ന കയറിനും തമ്മിലുള്ള അസാമാന്യ സാദൃശ്യത്തിന്റെ രാഷ്ട്രീയത്തെ പറ്റിയാണ് ഷിജു  പറയുന്നത്.

ചിത്രം ഒന്ന് 

ആരും മറന്നുപോയിട്ടുണ്ടാവില്ല. രണ്ടായിരം മനുഷ്യരുടെ ജീവനും അതിലേറെ ജീവിതങ്ങളും നൂറുകണക്കിന് വർഷങ്ങൾ കൊണ്ട് കെട്ടിയുയർത്തിയ നാഗരികതയും കത്തിക്കരിഞ്ഞു പോയ ഗുജറാത്ത് കലാപകാലത്തെ ഒരു ചിത്രമാണിത്. അശോക് പാമർ എന്ന ഇദ്ദേഹം ‘ചമാർ’ സമുദായക്കാരനാണ് .വംശഹത്യക്കാർക്ക് ആവേശവും സമാധാനപ്രേമികളിൽ ഭീതിയും പടർത്തുന്ന വിധം കലാപത്തിന്റെ ഐക്കണായി ഈ മനുഷ്യൻ മാറിയതിനു പിന്നിൽ ഇദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട് . ദുരന്തമുഖത്താണെങ്കിലും നിസ്സഹായമായ ചിരി പടർത്തുന്ന ഒരു പ്രണയനൈരാശ്യത്തിന്റെ കഥ. സ്വന്തമായി വീടും സ്ഥിരവരുമാനവുമില്ലാത്തതിനാൽ ഇയാളുടെ കാമുകി വേറൊരാളെ വിവാഹം ചെയ്തതിന്റെ തകർച്ചയിൽ നിൽക്കുമ്പോഴാണ് ഗുജറാത്തിൽ കലാപം നടക്കുന്നത്. അപ്പോഴാണ് ആരോ തലയിൽ ചുറ്റാൻ ഒരു കാവിത്തുണിയും കയ്യിൽ ഒരു ഇരുമ്പുദണ്ഡും കൊടുക്കുന്നത്. തന്റെ പ്രണയഭംഗത്തിലെ വ്യഥയും അമർഷവുമാണയാൾ അലറിത്തീർത്തിട്ടുണ്ടാവുക. സൂക്ഷിച്ചു നോക്കിയാൽ ജാതിഹിന്ദുത്വവും രാഷ്ട്രീയ സാമ്പത്തിക ഘടനയുമല്ലേ ആ പ്രണയത്തെ അപഹരിച്ചത്?

കേസും മാസങ്ങൾ നീണ്ട ജയിൽവാസവുമാണ് ഈ ചിത്രം അശോകിന് സമ്മാനിച്ചത്. തടവു കഴിഞ്ഞിറങ്ങിയ അശോകിനെ ആ കലാപകാലം, പക്ഷേ ഒട്ടും ആവേശം കൊള്ളിച്ചില്ല. അരമനകളിൽ ഉണ്ടുമുറങ്ങിയും സുഖിച്ചു കിടന്ന സവർണ്ണ നേതൃത്വം, തങ്ങളുടെ കയ്യിൽ ആയുധവും പണവും വച്ചു തന്ന്, ഒഴുക്കിയ ചോരപ്പുഴയുടെ ലാഭമുണ്ടാക്കിയത് ആരാണ് എന്നയാൾക്കറിയാം. മുസ്ലിമുകൾക്കെതിരായ കലാപത്തിൽ ദളിത് / ദരിദ്രരെ ഇളക്കിവിട്ടവർ വാസ്തവത്തിൽ ഞങ്ങളുടെ ബന്ധുക്കളല്ലെന്നും ചൂഷകരാണെന്നും അദ്ദേഹം തിരിച്ചറിയുന്നു.  ആ തിരിച്ചറിവ് അദ്ദേഹത്തെ ജിഗ്നേഷ് മേവാനിയുടെ ‘ഉന ‘ പ്രക്ഷോഭത്തിലെത്തിക്കുന്നുണ്ട്.

ചിത്രം രണ്ട്

ഉന സമരവേദിയിലേതാണ് ഈ ചിത്രം.  അതിനോടുമദ്ദേഹം അധികാലമൊത്തുപോയില്ലെങ്കിലും നരേന്ദ്രമോഡിയിലോ മാറിയ ഹൈടെക് ഗുജറാത്തിലോ ചാമർ അടക്കമുള്ള കീഴാള വിഭാഗങ്ങൾക്ക് എന്തെങ്കിലും ഇടമില്ലെന്നും തങ്ങൾ വഞ്ചിതരായ ഒരു ജനതയാണെന്നും അദ്ദേഹത്തിനറിയാം. തന്നെത്തേടിയെത്തുന്ന മാദ്ധ്യമകൗതുകങ്ങളോട് മറയില്ലാതെ ആ ബോദ്ധ്യം പങ്കുവച്ച് അയാളിന്നും ഗോധ്രയിലെ തെരുവിലുണ്ട്. 

രണ്ടായിരം മനുഷ്യരുടെ ചോര വേണ്ടി വന്നു ആ ബോദ്ധ്യത്തിന് എന്നത് ചരിത്രത്തിന്റെ ഒരു ദുരന്തമാവാം. 

ചിത്രം മൂന്ന് 

ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ ആത്മാഹുതിക്കൊരുങ്ങുന്ന ആദിവാസി സ്ത്രീയുടെ ചിത്രം. പേര് രത്നമ്മ. ആദിവാസികളുടെ ആരാധനാവകാശങ്ങൾ മുഴുവൻ ചവിട്ടിത്തൊഴിച്ച ബ്രാഹ്മണ്യത്തിന്റെ കുതന്ത്രങ്ങളുടെ കയററ്റത്താണ് തന്റെ കഴുത്തെന്ന് അവരറിയുന്നതേയില്ലല്ലോ..! ഇത് അവരുടെ മാത്രം കുഴപ്പമല്ല. ന്യൂസ് മുറിത്തണുപ്പിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമിരുന്ന് മുഖത്തെ ചായത്തിനും ചമയത്തിനും ഉലച്ചിൽ തട്ടാതെ, കസവുടയാടകളുലയാതെ കലാപങ്ങൾക്കും കത്തിച്ചാമ്പലാവാനും ഉപദേശിക്കുന്ന നേതൃപ്രമാണിത്തത്തെയും ആ ആഹ്വാനം കേട്ട് തെരുവിൽ മഴകൊണ്ട് കൊല്ലാനും ചാവാനും നിൽക്കുന്ന സാധാരണ മനുഷ്യരെയും കണ്ടപ്പോൾ അശോക് പാമറിനെ ഓർത്തു പോയി. 

എത്ര മനുഷ്യരുടെ ചോരയിൽ ചവിട്ടിയാകും നമ്മൾ ….!

Leave a Reply

Your email address will not be published. Required fields are marked *

ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം 

ബി ജെ പിയുടെ തട്ടിപ്പ് യഥാർഥ വിശ്വാസികൾ തിരിച്ചറിയും: കടകംപള്ളി