ശബ്ദത്തിന്‍റെ സൂക്ഷ്മാംശങ്ങൾ തേടി 

കൊച്ചി: ശബ്ദത്തെക്കുറിച്ചുള്ള ബിനാലെ പരിശീലന കളരിയില്‍ പങ്കെടുക്കാനെത്തിയവരെ കണ്ണുകെട്ടിയാണ് പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ മൈക്കിള്‍ നോര്‍ത്താം ശബ്ദങ്ങള്‍ കേള്‍പ്പിച്ചത്. ശബ്ദമെന്ന കലയുടെ സൂക്ഷ്മാംശങ്ങള്‍ മനസിലാക്കി കൊടുക്കാനായിരുന്നു അദ്ദേഹം ഈ രീതി സ്വീകരിച്ചത്.

ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനിലാണ് സോണിക് ആര്‍ട്ട് എന്ന പേരില്‍ ദ്വിദിന പരിശീലന കളരി നടന്നത്. ശബ്ദത്തിന്‍റെ ഇടവേളകളും അതുമായി ബന്ധപ്പെട്ട പൊതുധാരണകളും അടിസ്ഥാനമാക്കിയായിരുന്നു പരിശീലന കളരി.

18 വയസ്സ് മുതല്‍ യാത്ര ചെയ്യുന്നയാളാണ് മൈക്കിള്‍ നോര്‍ത്താം. ശബ്ദങ്ങള്‍ കേള്‍ക്കുന്നതിന് പുതിയൊരു രീതി പഠിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദത്തിന്‍റെ സങ്കലനത്തിലെ സൂക്ഷ്മാംശങ്ങള്‍ പരിശീലന കളരിയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം മനസിലാക്കികൊടുത്തു.

പ്രത്യേക ശബ്ദമിശ്രണവും സംഗീതത്തിലെ വിവിധ പരീക്ഷണങ്ങളുമാണ് ചൊവ്വയും ബുധനുമായി നടന്നത്. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന അനുഭവസമ്പത്തിലെ മായിക കാഴ്ചകളാണ് ഈ പരിപാടിയുടെ അടിസ്ഥാനമെന്ന് മൈക്കിള്‍ പറഞ്ഞു. പ്രാഥമിക ശബ്ദഘടകങ്ങളാണ് ആദ്യം പഠിച്ചത്. പിന്നീട് വിവിധ തലങ്ങളിലേക്കുള്ള ശബ്ദങ്ങളിലേക്ക് പോയി. 

48 കാരനായ മൈക്കിള്‍ പശ്ചിമബംഗാളിലെ ശാന്തിനികേതന്‍, ഡല്‍ഹിയിലെ അശോക സര്‍വകലാശാല, ഗോവയിലെ വാട്ടര്‍മാന്‍ വില്ലേജ് എന്നിവിടങ്ങളിലും സമാനമായ പരിശീലനകളരികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ശബ്ദങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നത് മൊബൈല്‍ ഫോണിന്‍റെയും ആധുനിക സാങ്കേതിക വിദ്യയുടെയും കാലത്ത് ഏറെ ലളിതമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ തരം ശബ്ദങ്ങളോടുള്ള അഭിനിവേശം ഇനിയും മാറിയിട്ടില്ല. അതിനാല്‍ ഈ രംഗത്ത് കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ദി വേ ഓഫ് ലൈറ്റ് എന്ന പേരില്‍ സറൗണ്ട് സൗണ്ട് ഉപയോഗിച്ച് അദ്ദേഹം സംഗീതാവതരണം നടത്തിയിരുന്നു.

ശബ്ദങ്ങള്‍ക്ക് ഒരു വ്യക്തിയില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരിശീലന കളരിയില്‍ പങ്കെടുത്ത കീര്‍ത്തി പറഞ്ഞു. ആഴത്തിലുള്ള ശബ്ദ ശ്രവണത്തിനും ശബ്ദാന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനും വലിയ അവസരമാണ് ലഭിച്ചതെന്നും പരിപാടിയില്‍ പങ്കെടുത്ത ആരതി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മെഡിക്കൽ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും

ഓർമകളിൽ കലാഭവൻ മണി