​​പ്രതിസന്ധി കാണാതെ പോകരുത്; ഇന്ത്യൻ ടീമിനോട് പോണ്ടിങ് 

വേനൽക്കാല ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം ആത്മവിശ്വാസത്തിൽ തന്നെയാകും.  കാരണം ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടി ശക്തരായി തുടരുകയാണ് വിരാട് കോഹ്‌ലിയും കുട്ടികളും. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്ന നിരീക്ഷണം  നടത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.

 ഓസ്‌ട്രേലിയൻ സാഹചര്യങ്ങളെ ഉൾക്കൊണ്ട് കളിക്കുന്നതിൽ സമീപ വർഷങ്ങളിലെല്ലാം ടീം ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ടെന്നും ഇത്തവണ സ്വിങ് ബോളിങ്ങിന് അനുകൂലമായ സാഹചര്യമാണെങ്കിൽ ഇന്ത്യൻ ടീം പ്രതിസന്ധി നേരിടുമെന്നുമാണ് രണ്ട് തവണ ലോക ചാംപ്യൻഷിപ് നേടിയ ഓസ്‌ട്രേലിയൻ ടീം ക്യാപ്റ്റൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്കായി ഇന്ത്യ തയ്യാറെടുക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പോണ്ടിങ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നുവെങ്കിലും ഓസ്‌ട്രേലിയയിൽ ഒരു പരമ്പര പോലും ജയിക്കുവാൻ ഇതുവരെ ടീമിനായിട്ടില്ല. കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിൽ ഒരു വിജയം പോലും അവകാശപ്പെടാൻ ഇന്ത്യയ്ക്ക് സാധിക്കില്ല എന്നതും നിരാശാജനകമാണ്.

ഡിസംബർ 6ന്  അഡലൈഡിൽ ആരംഭിക്കുന്ന നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്‌ട്രേലിയയുടെ മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയ്ക്ക് അനുകൂലമായി കാര്യങ്ങൾ സംഭവിച്ചാൽ ഇത്തവണയും കഴിഞ്ഞ ഫലങ്ങൾ ആവർത്തിക്കുമെന്നും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പുൾ ഷോട്ട് ബാറ്റ്സ്മാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം അഭിപ്രായപ്പെടുന്നു.

പന്ത് കൂടുതൽ സ്വിങ് ചെയ്യുകയോ കൂടുതൽ വേഗത കൈവരിക്കുകയോ ചെയ്താൽ ഇന്ത്യയ്ക്ക് വിഷമകരമാകും കാര്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.  ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയെ വിലയിരുത്തികൊണ്ടാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.

വിദേശത്ത് വിജയം കൈവരിക്കുക എന്നത് എല്ലാ ടെസ്റ്റ് രാഷ്ട്രങ്ങളും നിലവിൽ നേരിടുന്ന വെല്ലുവിളിയാണെന്നും എന്നാൽ ഏതൊരു ടീമിന്റെയും ഏറ്റവും മികച്ച പ്രകടനങ്ങൾ അത്തരം സന്ദർഭങ്ങളിലാണ് വെളിപ്പെടുന്നതെന്ന് താൻ വിശ്വസിക്കുന്നതായും താരം വ്യക്തമാക്കി. കഴിഞ്ഞ 10, 15 വർഷങ്ങൾക്കിടയിൽ സൗത്ത് ആഫ്രിക്കൻ ടീമാണ് അത്തരം പ്രകടനങ്ങളിൽ മറ്റാരേക്കാളും മികവ് പ്രകടിപ്പിച്ചിട്ടുള്ളതെന്നും ഈ വലങ്കയ്യൻ ബാറ്റ്സ്മാൻ ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 593 റൺസ് നേടുകയും ശരാശരി 60 ആയി നിലനിർത്തുകയും ചെയ്ത നായകൻ വിരാട് കോഹ്‌ലിയുടെ ഫോമിനെ ആശ്രയിച്ചാകും ഇന്ത്യയുടെ പ്രകടനമെന്നും പോണ്ടിങ് പറയുന്നു.

വ്യക്തിഗത പ്രകടനം മികവുറ്റതായിരുന്നെങ്കിലും ഇംഗ്ലണ്ട് പരമ്പരയിൽ നായകനായി കോഹ്‌ലിക്ക് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 4-1ന് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയ സാഹചര്യത്തിൽ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്‌കർ ഉൾപ്പെടെ കോഹ്‌ലിയെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ കോഹ്‌ലിയെ പ്രതിരോധിച്ച പോണ്ടിങ്  ടെസ്റ്റ് മത്‌സരത്തിൽ ക്യാപ്റ്റന്റെ ജോലി തീരുമാനങ്ങളെടുക്കലല്ല മറിച്ച് ഫീൽഡിലെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും  വാദിച്ചു.

താൻ അത്തരമൊരു ക്യാപ്റ്റൻ ആയിരുന്നുവെന്ന്  അഭിപ്രായപ്പെട്ട പോണ്ടിങ് സഹകളിക്കാരോടൊപ്പം സമയം ചിലവഴിക്കുകയും അവരെ മനസ്സിലാക്കുകയും ചെയ്‌തുകൊണ്ട് ഗ്രൗണ്ടിൽ അവരുടെ പ്രകടനം മികച്ചതാക്കുവാനുള്ള വഴികൾ കണ്ടെത്തുകയാണ് ക്യാപ്റ്റൻ ചെയ്യേണ്ടതെന്നുമാണ് പോണ്ടിങ്ങിന്റെ പക്ഷം.

പോണ്ടിങ്ങിന്റെ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പരയെ ഉറ്റുനോക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും, നിരൂപകരുമെല്ലാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർക്കാരിൽ വിജയ് പ്രതിനായകനോ?

കൂടുതല്‍ കരുത്തോടെ മുന്നോട്ട്: രമേശ് ചെന്നിത്തല