in

മസൂദ് അസറിനെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ 

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജെയ്ഷ് -ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെ സമൂർത്തമായ നയതന്ത്ര നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയോടും ലോക രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടു.

നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി സംഭവത്തെ ശക്തിയായി അപലപിക്കുക, പാരീസിൽ ഈയാഴ്ച നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്ലീനറിയിൽ പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുക എന്നീ ആവശ്യങ്ങളും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. നാല്പതിലേറെ സൈനികരാണ് പുൽവാമ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ തീവ്രവാദ സംഘടനയായ ജെയ്‌ഷ് -ഇ -മുഹമ്മദിന്റെ പങ്കാണ് ഇന്ത്യ എടുത്തുപറയുന്നത്.

ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ജപ്പാൻ, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ  നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ ഈ ആവശ്യങ്ങൾ ഉന്നയിച്ചു. ആസിയാൻ രാജ്യങ്ങളുമായും ഇറാൻ, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ, മധ്യേഷ്യൻ, ആഫ്രിക്കൻ പ്രതിനിധികളോടും ഇതേ ആവശ്യം ആവർത്തിച്ചു. നയതന്ത്ര തലത്തിൽ ശക്തിയായ സമ്മർദ്ദം ചെലുത്തി പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. തങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്ക് പാകിസ്ഥാൻ സുരക്ഷിത താവളമാണ് ഒരുക്കുന്നതെന്നത് ഇന്ത്യയുടെ കാലങ്ങളായുള്ള ആരോപണമാണ്.

പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുപിറകേ രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമ്പതിലേറെ ലോകരാജ്യങ്ങൾ മുന്നോട്ടുവന്നിരുന്നു.

എന്നാൽ അമേരിക്ക മാത്രമാണ് പാകിസ്താന്റെ പേരെടുത്ത് പറഞ്ഞുള്ള വിമർശനം  ഔദ്യോഗികമായി പ്രകടിപ്പിച്ചത്. ജെയ്‌ഷ് -ഇ -മുഹമ്മദ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണെന്നും ഇത്തരം തീവ്രവാദി സംഘടനകൾക്ക് സുരക്ഷിത താവളം ഒരുക്കുന്ന പ്രവർത്തനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണമെന്നുമായിരുന്നു അമേരിക്കയുടെ പ്രസ്താവന.

ഇതേ രീതിയിൽ പാകിസ്താന്റെ പേരെടുത്തു പറഞ്ഞുള്ള വിമർശനം  മറ്റു ലോക രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഇതേവരെ ഉണ്ടായിട്ടില്ല. പാകിസ്താനി  നയതന്ത്ര പ്രതിനിധികളെ വിളിച്ചു വരുത്തി സംഭവത്തെ ശക്തിയായി  അപലപിക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം.  അതോടൊപ്പം  ലോക രാഷ്ട്രങ്ങൾ പാകിസ്താന് നൽകുന്ന സൈനിക സഹായങ്ങൾ അവസാനിപ്പിക്കണം. വികസന പദ്ധതികൾക്കുള്ള സഹായങ്ങളും നിർത്തണം.

സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂടിന്റെ 2018 ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം ആയുധ ഇറക്കുമതി നടത്തുന്ന രാഷ്ട്രങ്ങളിൽ ഒൻപതാം സ്ഥാനത്താണ് പാകിസ്താൻ. 2013-2017 വർഷത്തിൽ പാകിസ്താന്റെ ആയുധ ഇറക്കുമതിയിൽ 70 ശതമാനവും ചൈനയിൽ നിന്നായിരുന്നു. അമേരിക്ക(12 %), റഷ്യ (5.7 %) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.

പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നതും യു എൻ എസ് സി 1267 സാങ്ഷൻസ് സമിതി ജയ്ഷ് -ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രമേയം പാസാക്കണം എന്നതുമാണ് ഇന്ത്യയുടെ മറ്റു രണ്ട് ആവശ്യങ്ങൾ. കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും  ഇക്കാര്യത്തിൽ ചൈനക്കുള്ള മേൽക്കൈ ആണ് സാങ്കേതിക തടസം സൃഷ്ടിക്കുന്നത്.

2018 ലെ ഷുവാൻ ഉച്ചകോടിയോടെ ഇന്ത്യ – ചൈന ബന്ധം മെച്ചപ്പെട്ടത്‌ കാര്യങ്ങൾ അനുകൂലമാക്കിയേക്കും എന്ന് കണക്കു കൂട്ടുന്നവരുമുണ്ട്. ഇക്കാര്യത്തിൽ വാഷിംഗ്ടൺ ചെലുത്തുന്ന അധികസമ്മർദ്ദമാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. പാരീസിൽ ഈയാഴ്ച നടക്കാനിരിക്കുന്ന എഫ് എ ടി എഫ് പ്ലീനറിയിൽ ഇത് സംബന്ധിച്ചുള്ള അനുകൂല നടപടികൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാൻ കഴിയുന്ന തലമുറയ്ക്കെ  ഈ നാടിനെ രക്ഷിക്കാനാകൂ എന്ന് ജോയ് മാത്യു   

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം