തിരുവനന്തപുരം: രൂപകല്പനയിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലൂം നൂതന പരിശീലനം ലക്ഷ്യമാക്കി കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ഷന് ഡിസൈന്‍ (സിഐഐഡി) ഇന്ത്യയിലാദ്യമായി സമ്മര്‍ സ്കൂള്‍ പഠന പരിപാടി സംഘടിപ്പിക്കുന്നു.
കേരള സ്റ്റാര്‍ട്ടപ് മിഷനുമായി (കെഎസ്യുഎം) സഹകരിച്ച് കൊച്ചിയില്‍ ഡിസംബര്‍ 3 മുതല്‍ 21 വരെ വിദഗ്ധരെ ഉള്‍പ്പെടുത്തി 12 ശില്പശാലകളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്.
ഇന്ററാക്ഷന് ഡിസൈന്‍, സര്‍വ്വീസ് ഡിസൈന്‍, ബ്ലോക്ചെയ്നോടൊപ്പമുള്ള ഡിസൈനിംഗ്, മെഷീന് ലേണിംഗ്, ഡിസൈനിംഗ് കണക്ട്ഡ് പ്രോഡക്ട് തുടങ്ങിയ നൂതന വിഷയങ്ങളിലാണ് ഈ ശില്പശാലകള്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ നേതൃത്വം നല്കുന്ന സമ്മര്‍ സ്കൂള്‍ ഐക്യരാഷ്ടസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നടത്തപ്പെടുന്നത്. എല്ലാ ആഴ്ചയും വ്യത്യസ്ത തരത്തിലുള്ള മൂന്നോ നാലോ ശില്പശാലകള് ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് ഇവയില്‍നിന്ന് തിരഞ്ഞെടുക്കാം.
ഓരോ ആഴ്ചയിലേയും ശില്പശാലകളില് വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നാഴ്ചയിലെ ഏതെങ്കിലും ശില്പശാലകളില് പങ്കെടുത്താല്‍ മതിയാകും. പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സൗകര്യപ്രകാരം ഒരാഴ്ചയോ അല്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടോ മൂന്നോ ശില്പശാലകളോ തെരഞ്ഞെടുത്ത് സ്വന്തം പാഠ്യപദ്ധതിയുണ്ടാക്കാം.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെയാണ് ശില്പശാല ക്രമീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 15നു മുന്‍പ് ആദ്യം അപേക്ഷിക്കുന്ന അന്‍പതു ശതമാനം പേര്‍ക്ക് ഓരോ അഞ്ചു ദിവസത്തെയും ഫീസായി 650 ഡോളര്‍ നല്കിയാല് മതി.
സര്‍ഗാത്മക ചിന്തകരുടെ ആഗോള ശൃംഖല സൃഷ്ടിക്കുക എന്നാണ് സിഐഐഡി ഇതിലൂടെ ലക്ഷ്യമിടുന്നത്. നൂതന ഉല്പന്നങ്ങളും സേവനവും അന്തരീക്ഷവും സൃഷ്ടിച്ച് ഈ മേഖലയില്‍ പുതിയ ഭാവി സൃഷ്ടിക്കുക എന്നതും ലക്ഷ്യമാണ്. രൂപകല്‍പ്പനയും നവീന സാങ്കേതിക വിദ്യയുടെ ഉപയോഗവും മനസ്സിലാക്കുന്നതിനാവശ്യമായ ആശയവിനിമയവും പ്രായോഗിക സെഷനുകളും ശില്പശാലകളില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏത് അക്കാദമിക പശ്ചാത്തലത്തിലുള്ളവര്‍ക്കും പങ്കെടുക്കാമെന്നതാണ് സമ്മര്‍ സ്കൂളിന്റെ സവിശേഷതയെന്ന് കെഎസ്യുഎം സിഇഒ സജി ഗോപിനാഥ് പറഞ്ഞു. പഠിക്കുന്നതിനുള്ള അഭിനിവേശവും ടീമായി സഹകരിക്കുന്നതിനുള്ള മനോഭാവവും അനിവാര്യം. കൂടാതെ ലഭ്യമായ അറിവ് തൊഴില്‍ മേഖലകളില്‍ പ്രായോഗികമാക്കാന്‍ താല്പര്യമുള്ള വ്യക്തികളെയാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാങ്കേതികവ്യവസ്ഥിതിയില് രൂപകല്പ്പനാത്മകത നഷ്ടമായിക്കൊണ്ടിരിക്കുകയാണും ഇതിനു മാറ്റം വരുത്താന്‍ ഡിസൈന്‍ രംഗത്തെ ലോകോത്തര സ്ഥാപനമായ സിഐഐഡിയുടെ സമ്മര്‍ സ്കൂള്‍ സഹായിക്കുമെന്നും കെഎസ്യുഎം മുന്‍ അംഗവും സി ഐഐഡി പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ അര്‍വിന്ദ് സഞ്ചീവ് പറഞ്ഞു. ജനങ്ങളേയും ജീവിതങ്ങളേയും കേന്ദ്രീകരിച്ച നവീന സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്താന്‍ ഇത് പ്രചോദനം നല്‍കുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മര്‍ സ്കൂളിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ചൊവ്വാഴ്ചകളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ഡിസംബര്‍ 4,11,18 തീയതികളിലായാണ് ഇത് നടത്തപ്പെടുക. കൂടാതെ വെളളിയാഴ്ചകളിലായി ഡിസംബര്‍ 7,14,21 തീയതികളില്‍ സമ്മര്‍ സ്കൂളില്‍ പങ്കെടുക്കുന്നവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സിബിഷനിലും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ സ്കൂളുകളില്‍ പ്രശസ്ത സ്ഥാപനമാണ് 2008 ല്‍ ഡെന്മാര്ക്കില് ആരംഭിച്ച സിഐഐഡി. പരമ്പരാഗത രൂപകല്‍പ്പനയില്‍ സാമൂഹിക-സാങ്കേതിക തരംഗങ്ങള്‍ സംയോജിപ്പിച്ചുള്ള ഇന്ററാക്ഷന് ഡിസൈനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കലയിലും സംഗീതത്തിലും മനഃശാസ്ത്രത്തിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപൂര്‍വ്വ സ്ഥാപനങ്ങളില്‍ ഒന്നാണിത്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
Comments
0 comments