ചെറുകിട വ്യവസായങ്ങള്‍ക്ക് അനന്ത സാധ്യതകള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ 

കൊച്ചി: സംസ്ഥാനത്തെ തെരഞ്ഞെടുത്ത കോള്‍-പൊക്കാളിപ്പാടങ്ങള്‍ ചെമ്മീന്‍ കൃഷിക്ക് മാത്രമായി ഉപയോഗപ്പെടുത്തണമെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം.പി.ഇ.ഡി.എ) ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന അസെന്‍ഡ് കേരള 2019 ല്‍ ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിലെ അഡീ. സെക്രട്ടറിയും ഡവലപ്മന്‍റ് കമ്മീഷണറുമായ  റാം മനോഹര്‍ മിശ്ര, കേന്ദ്ര-ഭക്ഷ്യ സംസ്ക്കരണ വകുപ്പ് ജോ. സെക്രട്ടറി മിന്‍ഹാജ് ആലം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച നയിച്ചത് കെഎസ്ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസായിരുന്നു.

സംസ്ഥാനത്തെ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഒറ്റനെല്ലും മീനും പദ്ധതി തുടങ്ങിയെങ്കിലും അത് ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ പറഞ്ഞു. നെല്‍കൃഷിയും മത്സ്യകൃഷിയും ശരിയായി നടക്കുന്നില്ല. അതേസമയം തെരഞ്ഞെടുത്ത പാടങ്ങളില്‍ പൂര്‍ണമായും ചെമ്മീന്‍ കൃഷി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മികച്ച ആഭ്യന്തര ഡിമാന്‍ഡ്,സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, മികച്ച ഗവേഷണ കേന്ദ്രങ്ങള്‍, കായല്‍, തടാകം, ജലാശയങ്ങള്‍, ഗള്‍ഫ് കേന്ദ്രീകൃതമായി നിരവധി സമുദ്രോത്പന്ന സാധ്യതകള്‍ എന്നിവ കേരളത്തിന് അവകാശപ്പെടാവുന്ന മേډകളാണ്. മത്സ്യോത്പന്നങ്ങളുടെ ഗുണനിലവാരത്തിനായി ആന്ധ്രാപ്രദേശിന്‍റെ മാതൃകയില്‍ ആന്‍റി ബയോടിക്കുകളുടെ ഉപയോഗത്തിനെതിരായി നിയമം കൊണ്ടു വരണം. മത്സ്യബന്ധന തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. അതിനായി പൊതു-സ്വകാര്യ-പങ്കാളിത്തമോ ബി ഒ ടി മാതൃകയോ അവലംബിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ-സംസ്ക്കരണ വ്യവസായങ്ങള്‍ക്കായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന പറഞ്ഞു. തുറമുഖത്തിന്‍റെ സ്ഥലത്തായി ബിസിനസ് ജില്ല വിഭാവനം ചെയ്ത് 20 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. വ്യവസായ പാര്‍ക്കിനായി 96 ഏക്കര്‍ സ്ഥലവും തുറമുഖത്തിനുണ്ട്. ഹോട്ടലുകളും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി  56 ഏക്കര്‍ സ്ഥലവും തുറമുഖത്ത് ലഭ്യമാണെന്ന് അവര്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന-സ്വകാര്യമേഖലകളുടെ കൂട്ടായ സഹകരണമാണ് ചെറുകിട വ്യവസായ മേഖല ഇന്ന് ഏറ്റവുമധികം ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര അഡി. സെക്രട്ടറി റാംമോഹന്‍ മിശ്ര പറഞ്ഞു. വിപണിയെ അറിയുക ഏറെ പ്രധാനമാണ്. ഉത്പന്നത്തിന് മികച്ച റേറ്റിംഗ് കരസ്ഥമാക്കാന്‍ സംരംഭകര്‍ ശ്രമിക്കണം. കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ ഇതു വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍ അനുവദിച്ചത് കേരളത്തിലെ ചെറുകിട വ്യവസായ മേഖലയ്ക്ക് ഏറെ നിര്‍ണായകമാണെന്ന് ഭക്ഷ്യ സംസ്ക്കരണ വകുപ്പ് ജോ. സെക്രട്ടറി മിന്‍ഹാജ് ആലം ചൂണ്ടിക്കാട്ടി. കോള്‍ഡ് ചെയിന്‍ മേഖലയില്‍ കേരളത്തിന്‍റെ പ്രാധാന്യം മനസിലാക്കി നിരവധി പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഗതാഗത സംവിധാനങ്ങള്‍, ചെറുതും വലുതുമായ 17 തുറമുഖങ്ങള്‍, 4 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, നൈപുണ്യമുള്ള തൊഴിലാളികള്‍ എന്നിവ കേരളത്തിന്‍റെ അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെ സംബന്ധിക്കുന്ന സുപ്രധാന ചര്‍ച്ചകളാണ് അസെന്‍ഡ് കേരള സമ്മേളനത്തില്‍ നടന്നത്. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ പ്രതിനിധികള്‍, സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങിയവര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി 3000-ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വ്യത്യസ്ത ജീവിത വീക്ഷണവുമായി സൈറസ് കബീറു 

പ്രളയമടക്കം തളര്‍ത്തിയില്ല; കേരള ടൂറിസത്തിന് വളര്‍ച്ച