കുട്ടിക്കളിയല്ല ഈ സിനിമ, അമ്പരപ്പിക്കുന്ന സൃഷ്ടി 

ലൂയി മൻഡോക്കി  എന്ന ചലച്ചിത്രകാരൻ മലയാളിക്ക് പരിചിതനാകുന്നത് ഇന്നസെന്റ് വോയ്സസ് എന്ന മെക്സിക്കൻ ചലച്ചിത്രത്തിലൂടെയാണ്.  വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തിൽ  പ്രദർശിപ്പിച്ച  ചിത്രം അന്ന് കണ്ടവരെല്ലാം ഈ ഒറ്റ ചിത്രത്തോടെ മൻഡോകി ആരാധകരായി.

എൺപതുകളിൽ എൽ സാൽവദോറിൽ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്  ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്.  സാങ്കേതികത്തികവുകൊണ്ടും സംവിധാന മികവുകൊണ്ടും കുട്ടികളടക്കമുള്ള അഭിനേതാക്കളുടെ കരുത്തുറ്റ  പ്രകടനം കൊണ്ടും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ചലച്ചിത്രമാണ് ഇന്നസെന്റ് വോയ്സസ് എന്നു പറയാം.

എണ്ണമറ്റ ചലച്ചിത്രോത്സവങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. സംവിധാനത്തിനും അഭിനയത്തിനും സാങ്കേതിക മികവിനും അടക്കം  നിരവധി പുരസ്‌കാരങ്ങൾ കൈക്കലാക്കിയിട്ടുമുണ്ട്. നിറഞ്ഞ കയ്യടികളോടെ ഊഷ്‌മളമായാണ്  നിഷ്കളങ്കരുടെ ശബ്ദങ്ങളെ  ലോക  ചലച്ചിത്രപ്രേമികൾ വരവേറ്റത്. ചിത്രത്തിന്റെ പ്രധാന ആകർഷണം കുട്ടികളാണ്. എട്ടും ഒൻപതും പത്തും പതിനൊന്നും  വയസ്സ് മാത്രം  പ്രായമുള്ള, ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന കുട്ടികളുടെ പ്രകടനം പ്രേക്ഷകരിൽ വല്ലാത്തൊരു  വിസ്മയം തീർക്കും. അത് തന്നെയാണ് ഇന്നസെന്റ് വോയ്സസ്സിന്റെ ഹൈ ലൈറ്റ് എന്നും പറയാം.

അത്ര സ്വാഭാവികമായി, നൈസർഗികമായ ഭാവപ്പകർച്ചകളോടെ അവർ  അക്ഷരാർത്ഥത്തിൽ വെള്ളിത്തിര കീഴടക്കുകയാണ്. ഈ പ്രയത്നത്തിൽ മുതിർന്നവരും വമ്പന്മാരുമായ താരങ്ങളെയെല്ലാം അവർ നിഷ്പ്രഭരാക്കുന്നുമുണ്ട്.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ , കുട്ടികളെക്കൊണ്ട് “അഭിനയിപ്പിക്കാൻ ” പെടാപ്പാടുപെടുന്ന മലയാളത്തിലെ  മാൻഡോക്കിമാർ ഇതുപോലുള്ള ചിത്രങ്ങൾ പാഠപുസ്തകമായി തന്നെ എടുക്കണം. അഭിനയത്തിന്റെ രസതന്ത്രം കുട്ടികൾക്കുള്ളിൽ സ്വാഭാവികമായി തന്നെ  ഉണ്ടെന്നും അത് പുറത്തെടുക്കാനുള്ള വിദ്യ തങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നും മനസ്സിലാക്കാനെങ്കിലും ഇത്തരം സിനിമാ കാഴ്ചകൾ പ്രയോജനം ചെയ്‌തേക്കും.

ലൂയി മൻഡോക്കി

യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് മൻഡോക്കി ഇന്നസെന്റ് വോയ്സസ് ഒരുക്കിയിട്ടുള്ളത്. പതിനൊന്നുകാരൻ ഹാവയാണ് കഥാകേന്ദ്രം.

അവന്   അഞ്ചു വയസ്സുള്ളപ്പോഴാണ് രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം. അവനെയും അമ്മയെയും കുസ്‌കാതൻസിക്കോയിലെ വീട്ടിലുപേക്ഷിച്ച് അച്ഛൻ   അമേരിക്കയിലേക്ക് കടന്നു കളയുന്നു. വീട്ടിലിരുന്ന്  അമ്മ തുന്നുന്ന വസ്ത്രങ്ങൾ കടകളിൽ കൊണ്ടുപോയി വിറ്റും ബസ്സിൽ, സ്റ്റേഷനുകളുടെ പേര് വിളിച്ചുപറയുന്ന പാർട്ട് ടൈം വേല ചെയ്തുമൊക്കെ ഹാവയും തന്റെ കുടുംബത്തിന്റെ അതിജീവന ശ്രമങ്ങളിൽ പങ്കാളിയാണ്.

1986. രാജ്യത്ത് ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട വർഷം. സൈന്യവും ഗറില്ലാ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുന്നു.  പന്ത്രണ്ടു വയസ്സ് തികഞ്ഞാൽ രാജ്യത്ത് നിർബന്ധിത സൈനിക സേവനമാണ്. ആർക്കും ഒഴിഞ്ഞു നില്ക്കാൻ പറ്റില്ല. പട്ടാള ഉദ്യോഗസ്ഥർ   സ്‌കൂളിലെത്തി മുതിർന്ന കുട്ടികളെ  മിലിറ്ററിയിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടുപോകുന്നത് അവൻ  ഭീതിയോടെ കണ്ടു നിൽക്കാറുണ്ട്.

ഏതാനും നാളുകൾ കഴിഞ്ഞാൽ ഹാവയ്ക്കും സൈന്യത്തിൽ ചേരേണ്ടിവരും. ഒരുദിവസം  ഗറില്ലാ പോരാളികൾക്കൊപ്പം ചേർന്ന് സൈന്യവുമായി ഏറ്റുമുട്ടുന്ന അവന്റെ അമ്മാവൻ ബെറ്റോ അതീവ രഹസ്യമായി അവരുടെ വീട്ടിലെത്തുന്നു. നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്താനായി അവനെ തനിക്കൊപ്പം കൊണ്ടുപോകാനാണ് അയാളുടെ ശ്രമം. എന്നാൽ ഹാവയുടെ അമ്മക്ക് അതിനു സമ്മതമല്ല. ബെറ്റോ എന്തൊക്കെ പറഞ്ഞിട്ടും അവരതിന് സമ്മതം മൂളുന്നില്ല.

നിവൃത്തിയില്ലാതെ അയാൾക്ക്  മടങ്ങിപ്പോകേണ്ടി വരുന്നു. പോകുമ്പോൾ അയാൾ  അവനൊരു റേഡിയോ സമ്മാനിക്കുന്നു. ഗറില്ലകളുടെ നിരോധിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷനുണ്ട്. അത്  പ്ലേ ചെയ്തു കേൾക്കാൻ അയാളവനെ പഠിപ്പിക്കുന്നു.

ലൂയി മൻഡോക്കി  സംവിധാനം ചെയ്ത 152 മിനിറ്റ് ദൈർഘ്യമുള്ള ഈ സ്പാനിഷ് ചിത്രം 1980 കളിലെ സിവിൽ വാർ കാലത്ത് എൽസാൽവദോറിൽ നടന്ന ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥയാണ് പറയുന്നത്. കുട്ടികളുടെ കഥയാണ് ഇന്നസെന്റ് വോയ്സസ് എന്ന് പറയാം. കളിച്ചും ചിരിച്ചും ഉല്ലസിച്ച് നടക്കേണ്ട പ്രായത്തിൽ അരക്ഷിതാവസ്ഥയും ഭയവും നിസ്സഹായതയും വേട്ടയാടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ  ഹൃദയഭേദകമായ കഥ.

ഓസ്കർ ടോറസിന്റെ ‘ ചൈൽഡ് ഹുഡ് ‘ എന്ന കൃതിയാണ് ചിത്രത്തിന്റെ ആധാരം. കൊച്ചു കുട്ടികളെ നിർബന്ധപൂർവം പട്ടാള സേവനത്തിന് എടുക്കുന്ന യുദ്ധകാല ഭീകരത അതിന്റെ പൂർണതയിൽ തന്നെ ഇതിൽ  ചിത്രീകരിച്ചിരിക്കുന്നു. യഥാർത്ഥ സംഭവങ്ങൾ തന്നെയാണ് ആദിമധ്യാന്തം ചിത്രത്തിലുള്ളത്. മനോഹരമായ ഛായാഗ്രഹണവും ഹൃദയത്തിൽ തൊടുന്ന സംഗീതവും പ്രേക്ഷകരെ വല്ലാതെ ആകർഷിക്കും.

ലിയോൺ വരേല പാല്മ

കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാണ് ഇന്നസെന്റ് വോയ്സസ്സിലേത്. ഗില്ലോ പോണ്ടികോർവയുടെ ബാറ്റിൽ ഓഫ് അൾജിയേഴ്സിലും മറ്റും നാം  കണ്ടുമുട്ടിയതിന് തുല്യമായ കരുത്തുള്ള  കഥാപാത്രങ്ങൾ.  എടുത്തുപറയേണ്ടത്   ചിലിയൻ നടിയും മോഡലുമായ ലിയോൺ വരേല പാല്മയുടെ അമ്മ വേഷമാണ്. ഹാവയുടെ സ്നേഹനിധിയും തന്റേടിയും നിശ്ചയ ദാർഢ്യക്കാരിയുമായ അമ്മയായി ഗംഭീരമായ പ്രകടനമാണ് അവർ കാഴ്ചവെച്ചിട്ടുള്ളത്. എക്കാലവും ഓർമയിൽ തങ്ങി നിൽക്കും വിധം അവരത് മനോഹരമാക്കി.

ഇച്ഛാശക്തിയും നിശ്ചയ ദൃഢതയും കൊണ്ട് പട്ടാളക്കാരെയും ഗറില്ലകളെയും  വെല്ലുന്ന സ്ത്രീകൾ  യുദ്ധസിനിമയ്ക്കപ്പുറം ഒരു  സ്ത്രീപക്ഷ സിനിമ എന്ന  നിലയിലേക്ക് കൂടി ചിത്രത്തെ ഉയർത്തി നിർത്തുന്നുണ്ട്. കാർലോസ് പാഡില്ല എന്ന പതിനൊന്നുകാരനാണ് കേന്ദ്രകഥാപാത്രമായ ഹാവയായി  തിളങ്ങുന്നത്.

 

സിറ്റിലൈറ്റ്സ്,  സിനിമ പാരദീസോ, ബാറ്റിൽ ഓഫ് അൾജിയേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ  കുട്ടികളുടെ അസാമാന്യമായ അഭിനയ പ്രതിഭ കണ്ട് വിസ്മയം കൊണ്ടവർക്ക്‌ പാഡില്ലയുടെ പെർഫോമൻസ് അമ്പരപ്പുളവാക്കും. അത്രമാത്രം സ്വാഭാവികതയോടെയാണ് ഹാവോ എന്ന കഥാപാത്രത്തിന്  പാഡില്ല എന്ന പതിനൊന്നുകാരൻ  ജീവൻ പകരുന്നത്.

  • എൻ ബി രമേശ്

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എസ്.എ.ടി: ഐ.വി.എഫ്. ചികിത്സയില്‍ ജനിച്ചത് 100ലധികം കുഞ്ഞുങ്ങള്‍

സ്‌കൂളുകളിൽ മഴവെള്ള സംപോഷണ പദ്ധതി