ആധുനിക സാങ്കേതിക വിദ്യയും ഉല്പന്നങ്ങളുമായി രാജ്യാന്തര സ്പോര്‍ട്സ് എക്സ്പോ തലസ്ഥാനത്ത്

തിരുവനന്തപുരം: കായികരംഗത്ത് ഏറ്റവുമധികം ഉണര്‍വു നേടിയ കേരളത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്  അത്യാധുനിക  ഉപകരണങ്ങളും  സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്നതിന് ഇതാദ്യമായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പ്രദര്‍ശനം സംഘടിപ്പിക്കും.  ‘ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സ്പോ കേരള 2019’ എന്ന പേരില്‍ സംസ്ഥാന കായിക യുവജന കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന ത്രിദിന പ്രദര്‍ശനം മാര്‍ച്ച് 7 മുതല്‍ 9 വരെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും.

‘ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സ്പോ കേരള 2019’ ന്‍റെ ലോഗോ വ്യവസായ-കായിക-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന്‍ പ്രകാശനം ചെയ്തു. കായിക യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, കായിക യുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ അജിത് കുമാര്‍ ബി, കായിക യുവജന കാര്യാലയം സ്പോര്‍ട്സ് ഡെമോണ്‍സ്ട്രേറ്റര്‍ സജു കുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ രതീഷ് എന്നിവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകോത്തര അടിസ്ഥാന സൗകര്യവികസനമുള്‍പ്പെടെ കായികമേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുവാന്‍ സ്പോര്‍ട്സ് എക്സ്പോ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കായികമേഖലയിലെ വാണിജ്യ, വ്യവസായ സാധ്യതകള്‍ ആരായുന്നതിന് സെമിനാര്‍, ക്യാമ്പ്, പരിശീലന പരിപാടി, ശില്പശാലകള്‍ എന്നിവ ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. കായികരംഗത്തെ ആധുനിക പ്രവണതകളും സ്റ്റാര്‍ട്ടപ്പ്  സംരംഭങ്ങളുടെ സാധ്യതകളും സെമിനാറില്‍ അവതരിപ്പിക്കും.

കായികോപകരണ നിര്‍മാതാക്കളുടെ നൂറില്‍പരം ഉല്പന്നങ്ങളാണ്  പ്രദര്‍ശനത്തിനെത്തുന്നത്.  കായിക, ശാരീരികക്ഷമത, വിനോദം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താവുന്ന ആയിരത്തില്‍പരം ഉല്പന്നങ്ങളും അണിനിരത്തും. സഹായോപാധികള്‍, വസ്ത്രങ്ങള്‍, കായികശൈലി ഉല്പന്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികോപകരണങ്ങള്‍, ഫിറ്റ്നെസ് ഉപാധികള്‍ എന്നിവയെ അധികരിച്ചുള്ള ഉല്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

കായികമേഖലയെക്കുറിച്ച് ഏറ്റവുമധികം അവബോധമുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ സാധ്യതകളുണ്ട്. ഇവയുടെ ഉല്പാദനം, വിപണനം, സര്‍വീസിംഗ് എന്നിവയില്‍ തൊഴില്‍സാധ്യതകളുമുണ്ട്. ഇത് ലക്ഷ്യമിട്ടാണ് ഈ മേഖലയിലെ പങ്കാളികളെ ഉള്‍പ്പെടുത്തി വിപുലമായ പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കുന്നത്.

കായിക മത്സരങ്ങളുടെ സംപ്രേഷണവും  സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളും ഇതര ശാസ്ത്ര, സാങ്കേതിക പ്രവണതകളും ചര്‍ച്ച ചെയ്യപ്പെടുന്ന സെമിനാറില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സഞ്ജയന്‍ കുമാര്‍ പറഞ്ഞു. കായിക താരങ്ങള്‍, ഫെഡറേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവരും  ഇതില്‍ ഭാഗഭാക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പോര്‍ട്സ് എക്സ്പോ-2019 നോടനുബന്ധിച്ചു കായികരംഗത്തെ മികച്ച  തൊഴില്‍ദായക സ്ഥാപനത്തിനും മികച്ച സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിനും പുരസ്കാരങ്ങള്‍ നല്‍കുന്നുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചിക്കൻപോക്‌സ്: ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

നവാഗത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ്യുഎം- ഐഐഎം സംരംഭക പരിപാടി