സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ വേണം

തിരുവനന്തപുരം: സ്ത്രീകളുടെ തുല്യതയും അവകാശങ്ങളും നേടിയെടുക്കുന്നതിന് സ്ത്രീപക്ഷ ചര്‍ച്ചകള്‍ തടസ്സങ്ങളില്ലാത്ത നിരന്തര പ്രക്രിയയായി മാറണമെന്നും ഇതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അത്യാവശ്യമാണെന്നും കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര അഭിപ്രായപ്പെട്ടു.

കേരള വനിതാ കമ്മീഷനും കേരള യൂണിവേഴ്‌സിറ്റി എന്‍എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിമണ്‍ കപ്പാസിറ്റി ബില്‍ഡിങ്’ എന്ന വിഷയത്തിലുളള ത്രിദിന ശില്പശാല യുണിവേഴ്‌സിറ്റി ചേംബറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.എം.എസ്. താര.

നിലവിലെ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ പുരുഷന്‍മാര്‍ തീരുമാനിക്കുന്ന ചട്ടക്കൂടുകളിലാണ് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണ സഭകളില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ആവശ്യമാണെന്നും അഡ്വ.എം.എസ്.താര. പറഞ്ഞു.

സ്ത്രീകളെ ആദരിക്കുന്ന അവരുടെ അവകാശങ്ങളെ അംഗീകരിക്കുന്ന പുതിയ തലമുറ വളര്‍ന്നു വരണം. അതിനായി ആണ്‍കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കണം. വ്യക്തിത്വമുളളവരായി വരും തലമുറയെ കൈപിടിച്ചുയര്‍ത്തുകയാണ് വനിതാ കമ്മീഷന്റെ ലക്ഷ്യം.

സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ തടസ്സങ്ങളെ വകഞ്ഞു മാറ്റി സ്ത്രീയുടെ അന്തസ്സും പദവിയും ഉറപ്പാക്കുന്ന വിധം നീതിക്കായി വനിതാ കമ്മീഷന്‍ ഇടപെടുന്നതുകൊണ്ടാണ് ഇന്ന് വിദ്യാസമ്പന്നര്‍ വരെ കമ്മീഷനെ സമീപിക്കുന്നതെന്നും  അഡ്വ.എം.എസ്.താര. പറഞ്ഞു

ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍. ലതാദേവി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം എം.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് റീജീണല്‍ ഡയറക്ടര്‍ സി.പി. സജിത്ത് ബാബു, പ്രോഗ്രാം കോര്‍ഡിനേറേറര്‍ ഡോ.എ.ഷാജി., ഗായത്രി എസ്. മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ആര്‍ എം. അമൃതരാജ്, ബ്രഹ്മനായക മഹാദേവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. ശില്പശാല വെള്ളിയാഴ്ച്ച സമാപിക്കും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എസ്.എ.ടി. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് അധാര്‍മികത: രമേശ് ചെന്നിത്തല.