ഐ എഫ് എഫ് കെ 2018 ൽ ഇറാനിയന്‍ വസന്തം

തിരുവനന്തപുരം: ലോകമെങ്ങും സ്വീകാര്യത നേടിയ കലാമൂല്യമുള്ള ഒരുപിടി ഇറാനിയന്‍ സിനിമകള്‍ ഇക്കുറി മേളയിലുണ്ട്.

ജാഫര്‍ പനാഹിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ത്രീ ഫേസസാണ് ഇവയില്‍ ശ്രദ്ധേയം. സ്ത്രീകളുടെ വര്‍ത്തമാനകാല അവസ്ഥയെ വേറിട്ട വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഉപരിപഠനത്തിന് അനുവാദം നല്‍കാത്ത മാതാപിതാക്കളില്‍ നിന്ന് മോചനം യാചിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത ബെയ്‌നാസ് ജഫ്രി എന്ന സിനിമാനടി കാണാനിടവരുന്നു.

പെണ്‍കുട്ടിയെ സഹായിക്കാന്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ച് ബെയ്‌നാസ് ജഫ്രി സംവിധായകന്‍ ജാഫര്‍ പനാഹിയെ സമീപിക്കുന്നു. മാതാപിതാക്കളില്‍ നിന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ഇരുവരും ചേര്‍ന്ന് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. 20 വര്‍ഷത്തോളം സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്നും വിലക്കു നേരിട്ട വ്യക്തിയാണ് ഇറാനിയന്‍ നവതരംഗ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ജാഫര്‍ പനാഹി.

ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഡ്രസ്സേജ് എന്ന ചിത്രവും മേളയിലുണ്ട്. പൂയ ബദ്കൂബേയാണ് ചിത്രത്തിന്റെ സംവിധാനം. 

16-ാം വയസ്സില്‍ കൂട്ടുകാരുമായി തമാശയ്ക്ക് ഏര്‍പ്പെടുന്ന മോഷണത്തില്‍ നിന്നും പിടിക്കപ്പെടാതെ രക്ഷപ്പെടുന്ന ഗോല്‍സ എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിന്റെ കേന്ദ്രം. ചുറ്റുമുള്ള ലോകത്തിന്റെ സ്വാര്‍ത്ഥത തിരിച്ചറിയുന്ന ഗോല്‍സ അനുഭവിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയിലൂടെ കുറ്റത്തെയും ശിക്ഷയേയും കുറിച്ച് സംസാരിക്കുകയാണ് ചിത്രം. 

രാജ്യാന്തര ചലച്ചിത്രമേള ജൂറി ചെയര്‍മാനായ മജീദ് മജീദിയുടെ മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്, റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാര്‍ക്ക് റൂം, മുസ്തഫ സെറിയുടെ ദി ഗ്രേവ്‌ലെസ്സ്, ബെഹ്മാന്‍ ഫര്‍മനാരയുടെ ടേല്‍ ഓഫ് ദി സീ എന്നിവയാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ഇറാനിയന്‍ ചലച്ചിത്രങ്ങള്‍.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബര്‍ഗ്മാന്റെ എട്ട് അനുപമ സൃഷ്ടികള്‍ ചലച്ചിത്രമേളയില്‍

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിൽ സിവരഞ്ജനി