in ,

ഐഎസ് ബന്ധം; കണ്ണൂരിലെ അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി (IS) ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ വളപട്ടണം (Valapattanam) പോലീസ് അറസ്റ്റ് ചെയ്തു. 2016 ഒക്ടോബറില്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഐഎസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേരെയാണ് വളപട്ടണം പോലീസ് പിടികൂടിയത്.

കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായവരെ കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിയ ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഇവര്‍ക്ക് ഐ.എസ് പരിശീലനം ലഭിച്ചുവെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്കു മുൻപ് വിദേശത്ത് പോയ ഇവര്‍ സിറിയയിലെത്തിയാണ് പരിശീലനം നേടിയത്. ഇവരുടെ പേര് വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയുമായി നയതന്ത്ര ബന്ധം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിനെതിരെയാണ് കേസെടുത്തത്.

വളപട്ടണം മേഖലയില്‍ നിന്നും നിരവധി പേര്‍ ഐഎസില്‍ എത്തിയിട്ടുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം പോലീസിന് നൽകിയിട്ടുണ്ട്. സിറിയയിലും അഫ്ഗാനിസ്ഥാനിലും പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ 15 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഗള്‍ഫില്‍ നിന്ന് നാടുകടത്തിയ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദിന്‍ പാറക്കടവത്തിനെ കനകമല രഹസ്യയോഗവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ പ്രതിചേര്‍ത്തിരുന്നു. ഐഎസിനുവേണ്ടി ഇയാള്‍ രഹസ്യ ആശയപ്രചാരണം നടത്തുകയും മറ്റ് പ്രതികള്‍ക്ക് സാമ്പത്തികസഹായം നല്‍കുകയും ചെയ്തുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ കനകമല സംഭവത്തില്‍ കേരളത്തിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കോഴിക്കോട് സ്വദേശി ഷെജീര്‍ മംഗലശേരി, ചെന്നൈയില്‍ താമസിക്കുന്ന കമാല്‍ എന്നിവരെയും എന്‍ഐഎ സംഘം പ്രതിചേര്‍ത്തിരുന്നു.

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ വധിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനായിരുന്നു കനകമലയില്‍ ഐഎസ് രഹസ്യയോഗം ചേര്‍ന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന യോഗസ്ഥലത്തേക്ക് കടന്നെത്തിയ എഎന്‍ഐഎ സംഘം 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം; നിയമ നിര്‍മ്മാണത്തിന് ശുപാര്‍ശ

കേരള മന്ത്രിസഭാ യോഗത്തിലെ പുതിയ തീരുമാനങ്ങൾ