
എത്ര കണ്ടാലും മതിവരാത്ത ദൃശ്യാനുഭവമാണ് കടൽ സമ്മാനിക്കുന്നത്. ഓരോ കാഴ്ച്ചയിലും കണ്ട് തീരാത്ത എന്തോ ഒന്ന് എവിടെയോ മറഞ്ഞിരിക്കുന്നതു പോലെ ഒരു പ്രത്യേക അനുഭൂതി കടൽ ബാക്കി വയ്ക്കാറുണ്ട്. എന്നാൽ ദ്വീപുകളിൽ ( islands ) നിന്നുള്ള കടൽക്കാഴ്ച്ചയുടെ അനുഭവം തികച്ചും വ്യത്യസ്തമാണ്. ആഞ്ഞടിച്ചും അലച്ചും തിമിർത്തും വരുന്ന തിരമാലകൾ നമ്മെ പുണരുമ്പോൾ എന്തെന്നില്ലാത്ത ഒരു പ്രാശാന്തതയും സന്തോഷവുമാണ് ഉള്ളിൽ വന്ന് നിറയുക. ആഞ്ഞടിക്കുന്ന തിരമാലകൾക്കും ഓളങ്ങളിട്ട് ഒഴുകുന്ന വെള്ളത്തിനും മനുഷ്യമനസ്സിനെ വളരെയേറെ സ്വാധീനിക്കുവാനുള്ള വശ്യമായ കഴിവുണ്ട്.
എത്ര കലുഷിതമായ ഹൃദയത്തെയും ശാന്തമാക്കാൻ കടൽക്കാഴ്ചയിലൂടെ സാധിക്കുമെന്ന് പല പ്രഗത്ഭ മനഃശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചുറ്റിലും വെള്ളം, ആ വെള്ളത്തെ തട്ടിത്തലോടി വരുന്ന കുളിർകാറ്റ്, ശാന്തത നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം, പ്രകൃതിയോട് ഇഴുകി ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന താമസസൗകര്യം ഇവയൊക്കെ മനസിനും ശരീരത്തിനും പകരുന്ന ഉന്മേഷം പറഞ്ഞറിയിക്കാനാവില്ല. അതുകൊണ്ട് തന്നെ അവധിക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് സുന്ദരമായ ദ്വീപുകളും റിസോർട്ടുകളുമാണ്. അത്തരത്തിൽ ദൃശ്യസൗന്ദര്യം കൊണ്ടും ആതിഥേയത്വ മികവ് കൊണ്ടും പേരുകേട്ട ലോകത്തെ പ്രശസ്തമായ ദ്വീപുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
പ്രകൃതിയുടെ ദൃശ്യപ്പെരുമയുമായി മോറിയ ദ്വീപ്
ഫ്രഞ്ച് പോളിനേഷ്യയിലെ അഗ്നിപർവ്വത്തിൽ നിന്ന് രൂപം കൊണ്ട അതിമനോഹര ദ്വീപായ മോറിയ അതിന്റെ ദൃശ്യപ്പെരുമ കൊണ്ട് സമ്പന്നമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. തൂവെള്ള മണൽത്തരികൾ നിറഞ്ഞ കടലോരങ്ങൾ, തെളിഞ്ഞ നീല നിറമാർന്ന ജലം, ചിന്നിച്ചിതറിയ പച്ചനിറത്തിലുള്ള കുഞ്ഞൻ കല്ലുകൾ, വെള്ളത്തിന് മുകളിൽ കെട്ടിപ്പടുത്ത ബംഗ്ലാവുകളോടു കൂടിയ ആഡംബര ഹോട്ടലുകൾ എന്നിവ മോറിയ ഐലൻഡിന്റെ സവിശേഷതകളാണ്.
അധികം തിരക്കുകളും ആരവങ്ങളും ഇല്ലാതെ വളരെ ശാന്തമായ ഒരിടത്ത് മധുവിധു ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്. അമേരിക്കയിലെ ചില വിവാഹ പരസ്യങ്ങളിലൂടെയും മോറിയ ദ്വീപ് വളരെ സുപരിചിതമായിട്ടുണ്ട്.
പ്രകൃതി സൗന്ദര്യം നിറഞ്ഞ ജമൈക്ക
വശ്യമായ പ്രകൃതി സൗന്ദര്യത്തോടു കൂടിയ കരീബിയൻ കടലിലെ ദ്വീപ് രാഷ്ട്രമാണ് ജമൈക്ക. മഴക്കാടുകളും കുന്നുകളും മലകളും പാറക്കൂട്ടങ്ങൾ നിറഞ്ഞ കടലോരങ്ങളും ജമൈക്കയെ കൂടുതൽ സുന്ദരിയാക്കുന്നു. ജമൈക്കയിൽ രണ്ട് നഗരങ്ങൾ മാത്രമാണ് ഉള്ളത്. തലസ്ഥാന നഗരിയും, വാണിജ്യകേന്ദ്രവുമായ കിംഗ്സ്റ്റ, തെക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന മോണ്ടിഗോ ബേ എന്നിവയാണവ.
മോണ്ടിഗോ ബേയിലെ ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യയാൽ പണികഴിപ്പിച്ച റിസോർട്ടുകൾ പ്രസിദ്ധമാണ്. ജമൈക്കയുടെ റെഗെ സംഗീതത്തിന്റെ ജന്മസ്ഥലമായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. പ്രശസ്ത ജമൈക്കൻ സംഗീതജ്ഞൻ ബോബ് മാർലിയെ അനുസ്മരിച്ചുകൊണ്ട് കിംഗ്സ്റ്റണിൽ ബോബ് മാർലി മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.
ഇവയെല്ലാം ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് ആഥിതേയത്വമരുളുന്നു. ഇവിടെ തീരുന്നില്ല കിംഗ്സ്റ്റണിന്റെ സവിശേഷതകൾ. കിംഗ്സ്റ്റണിലെ തുറമുഖമാണ് ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ തുറമുഖമായി അറിയപ്പെടുന്നത്. വൃക്ഷങ്ങളും അപൂർവ്വ ജന്തുക്കളുമുള്ള
ബ്ലൂ ആൻഡ് ജോൺ ക്രോ മൗണ്ടൻസ് നാഷണൽ പാർക്ക് ജമൈക്കയുടെ മറ്റൊരു പ്രത്യേകതയാണ്.
സ്വപ്ന തുല്യവും സുന്ദരവുമായ കാപ്രി ദ്വീപ്
ഇറ്റലിയിലെ ബേ ഓഫ് നേപ്പിൾസിൽ സ്ഥിതി ചെയ്യുന്ന കാപ്രി ദ്വീപ് ഓരോ വിനോദ സഞ്ചരിക്കും മനസ്സിൽ അവർണ്ണനീയമായ അനുഭൂതിയാണ് സമ്മാനിക്കുന്നു. കാപ്രി ദ്വീപിന് ചുറ്റുമുള്ള കടൽ നീലവർണ്ണങ്ങൾ വാരിവിതറിയപോലെയാണ് കാണപ്പെടുന്നത്. പന്ത്രണ്ടോളം പള്ളികൾ, ഏഴു മ്യൂസിയങ്ങൾ എന്നിവയ്ക്ക് പുറമെ നിരവധി സ്മാരകങ്ങളാലും സമ്പന്നമാണ് കാപ്രി ദ്വീപ്. കാപ്രി ദ്വീപിലെ ഏറ്റവും തിരക്കേറിയ അതിമനോഹരമായ ഒന്നാണ് ഗ്രോട്ട അസൂരാ (ബ്ലൂ ഗ്രോട്ടോ).
പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശ ടൂറിസ്റ്റുകൾ കണ്ടുപിടിച്ച വളരെ പ്രത്യേകതകളുള്ള ഒരു ഗുഹയാണ് ഗ്രോട്ട അസൂരാ. ഗ്രോട്ടയുടെ ഒരു വശത്ത് പുരാതന റോമൻ പാറയുടെ അവശിഷ്ടങ്ങൾ കാണാനാകും. ലോകത്തിലെ അതിമനോഹരമായ ദ്വീപുകളുടെ പട്ടികയിൽ കാപ്രിയ്ക്ക് പ്രഥമ സ്ഥാനമുണ്ട്. കാപ്രി ദ്വീപിന്റെ വശ്യമായ സൗന്ദര്യം നിരവധി കവി വർണ്ണനകൾക്ക് പാത്രമായിട്ടുണ്ട്.
മനോഹര ഭൂപ്രകൃതിയാൽ സമ്പന്നമായ ഫിജി
ദക്ഷിണ പസഫിക്കിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് ഫിജി. 300-ലധികം ദ്വീപുകൾ ചേർന്ന ഒരു ദ്വീപസമൂഹമാണിത്. അതിമനോഹരമായ ഭൂപ്രകൃതിയും വരിവരിയായി നിരന്നുനിൽക്കുന്ന കടലോരങ്ങളിലെ പനകളും പവിഴപ്പുറ്റുകളും നല്ല തെളിമയാർന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകർഷണീയമാക്കുന്നു. വിറ്റി ലെവു, വനുവ ലെവു തുടങ്ങിയവയാണ് ഫിജിയിലെ പ്രധാന ദ്വീപുകൾ. ഫിജിയിലെ മുഴുവൻ ജനസംഘയുടെ 87 ശതമാനവും ഈ ദ്വീപുകളിലാണ് വസിക്കുന്നത്. സുവയാണ് ഫിജിയുടെ തലസ്ഥാനം.
ബ്രിട്ടീഷ് കൊളോണിയൽ വസ്‌തുവിദ്യയിലുള്ള ഒരു തുറമുഖമാണ് സുവ. ഫിജിയിലെ ഏറ്റവും ആദ്യത്തേതും പ്രമുഖവുമായ ഒരു ക്ഷേത്രമാണ് സുബ്രമണ്യ ക്ഷേത്രം. നദി, കോറൽ കോസ്റ്റ്, ഡെന്മാറ ദ്വീപ്, മമാമക്യു ദ്വീപുകൾ തുടങ്ങിയവയാണ് ഫിജിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. മൃദുവായ പവിഴപുറ്റുകളും സ്കൂബ ഡൈവിംങ്ങും വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. കൂടാതെ വളരെ അനുയോജ്യമായ കാലാവസ്ഥ, നല്ല തൂവെള്ള മണൽത്തരികൾ ഇവയെല്ലാം തന്നെ ഫിജിയുടെ മറ്റു സവിശേഷതകളാണ്.
ഊഷ്മളമായ ആതിഥ്യമരുളി ബാലി ദ്വീപ്
ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമാണ് ബാലി ദ്വീപ്. വളരെ ഊഷ്മളമായ ആതിഥ്യത്തിന് പേരുകേട്ട ഒരു പുരാതന സംസ്കാരവുമുണ്ട് ബാലി ദ്വീപിന്. അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യവും അതിനോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന ആകർഷകങ്ങളായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ബാലിയെ കൂടുതൽ മികവുറ്റതാക്കുന്നു.
കാടുകൾക്കിടയിലെ അഗ്നി പർവതങ്ങൾ, ദൃശ്യചാരുതയേകി നിൽക്കുന്ന ഉൾപ്രദേശങ്ങൾ, നെൽക്കൃഷി, പവിഴപ്പുറ്റുകൾ നിറഞ്ഞ കടലോരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കാഴ്ച്ചകൾ ബലിയിൽ കാണാനാകും. യോഗയിലും ധ്യാനത്തിലും വളരെ പേരുകേട്ട ഒരു ദ്വീപാണ് ബാലി. തെക്കൻ ബീച്ച് ഭാഗത്തുള്ള കുത, സെമിന്യാക്ക്, സനൂർ ,ന്യൂസാ ദ്യുവ തുടങ്ങിയവ ബാലിയിലെ പ്രശസ്തമായ റിസോർട്ട് പട്ടണങ്ങൾ.
ഏറ്റവും ശുദ്ധമായ വായുവുമായി മൗറീഷ്യസ്
അഗ്നിപർവ്വതവിസ്ഫോടനത്തിലൂടെ രൂപപ്പെട്ട അതിമനോഹരമായ ഒരു ദ്വീപാണ് മൗറീഷ്യസ്. മലനിരകളാലും കാടുകളാലും ചുറ്റപ്പെട്ട വളരെ ആകർഷണീയമായ ഭൂപ്രകൃതിയുള്ള ഒരു ദ്വീപാണിത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഗുണനിലവാരമുള്ള വായു പ്രദാനം ചെയ്യുന്ന രണ്ടാമത്തെ ദ്വീപാണ് മൗറീഷ്യസ്. അതിനാൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് ലഭിക്കുന്നത് ലോകത്തിൽ വച്ച് ഏറ്റവും ശുദ്ധമായ വായുവാണ്.
ആഫ്രിക്കൻ വൻകരയിൽപ്പെടുന്ന ഈ രാജ്യത്ത് എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ് അധിവസിക്കുന്നത്. അതിൽ അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. തുടർച്ചയായി മൂന്ന് പ്രാവശ്യം വേൾഡസ് ലീഡിങ് ഐലന്റ് ഡെസ്റ്റിനേഷൻ അവാർഡും 2012 ജനുവരിയിലെ ലോക ട്രാവൽ അവാർഡും മൗറീഷ്യസ് സ്വന്തമാക്കിയിരുന്നു.
പവിഴപ്പുറ്റുകളുടെ സ്വന്തം മാലിദ്വീപ്
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന രണ്ടായിരത്തിലേറെ ചെറിയ ദ്വീപുകളുടെ ഒരു സമൂഹമായ മാലിദ്വീപ് വിനോദസഞ്ചാര മേഖലയിൽ അതിപ്രശസ്തമാണ്. 26-ഓളം പവിഴ ദ്വീപുകൾ ഒന്നിച്ചു ചേർന്നതാണ് മാലിദ്വീപ്. മണൽ നിറഞ്ഞ ദ്വീപിൽ തെങ്ങും, പ്ലാവും, ആലുമാണ് പ്രധാന വൃക്ഷങ്ങൾ. കേരളത്തിന്റെ കാലാവസ്ഥയുമായി വളരെ സാമ്യമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.
വൈവിധ്യമാർന്ന ആഹാരം മാലിദ്വീപിൻറെ മറ്റൊരു സവിഷേതയാണ്. ചൂരമീനാണ് ഇവിടത്തെ പ്രധാന ഭക്ഷണ വിഭവം. ഗുല, ചൂര സമൂസ, ചൂര റോൾ എന്നിവ ഉൾപ്പെടെ ചൂരമീൻ കൊണ്ടുള്ള വൈവിധ്യമാർന്ന പലഹാരങ്ങൾ ഇവിടെ ലഭിക്കും. ഇക്കാലത്തെ നവദമ്പതികൾ അവരുടെ മധുവിധു കാലം ചിലവിടാൻ കൂടുതലായി തെരഞ്ഞെടുക്കുന്ന ഒരു പ്രമുഖ സ്ഥലം കൂടിയാണ് മാലിദ്വീപ്.
സെന്റ് ലൂസിയ, സാൻറ്റൊറിനി, കുക്ക് ഐലൻഡ്, ക്രൊയേഷ്യയിലെ ഡാൽമേഷ്യൻ ഐലൻഡ്, ഫ്രഞ്ച് പോളിനേഷ്യയിലെ ബൊറ ബൊറ, ഫിലിപ്പീൻസിലെ പാലവാൻ, ആസ്ട്രേലിയയിലെ വിറ്റ്‌സൺഡേ ഐലൻഡ്, തായ്‌ലൻഡിലെ കൊ ഫിഫി എന്നിവ ഉൾപ്പെടെ ഇനിയുമേറെയുണ്ട് ലോകത്തിലെ അതിസുന്ദരമായ ദ്വീപുകളുടെ പട്ടികയിൽ സ്ഥാനം നേടിയവ. അപ്പോഴിനി സംശയം വേണ്ടേ വേണ്ട. അടുത്ത അവധിക്കാലത്ത് വിദേശ വിനോദ സഞ്ചാരത്തിനായി തയ്യാറെടുക്കുന്നവർ തീർച്ചയായും ഈ സുന്ദര ദ്വീപുകൾ കൂടി പരിഗണിച്ചേക്കാം.