
ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഐ എസ് ആർ ഒ യിൽ ( ISRO ) ഒരു വന്‍ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 ( GSAT-11 ) എന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് സൂചന.
രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. രാജ്യത്ത് ആശയ വിനിമയ രംഗത്ത് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് -11 രൂപപ്പെടുത്തിയത്.
ഫ്രഞ്ച് എരിയൻ – 5 റോക്കറ്റ് ഉപയോഗിച്ച് ജിസാറ്റ്-11 വിക്ഷേപിക്കുന്നതോടെ ഉപഗ്രഹത്തില്‍ അധിഷ്ടിതമായി ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍വത്ക്കരിക്കുവാനുള്ള ശ്രമങ്ങൾക്ക് കരുത്തേകും.
ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിനെ തുടർന്ന് ഫ്രഞ്ച് എരിയന്‍-5 റോക്കറ്റ് ഇതിനോടകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തിയായ ജിസാറ്റ്-11 ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഉപഗ്രഹം വിക്ഷേപിക്കുന്ന തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
500 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഈ വന്‍ ഉപഗ്രഹത്തിൽ നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സോളാര്‍ പാനലുകൾക്ക് ഒരു വലിയ മുറിയുടെ മേൽക്കൂരയോളം വലിപ്പമുണ്ട്.
ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെ ആകെ ശേഷിയ്ക്ക് തുല്യമാണ് ജിസാറ്റ്-11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാണ് ഈ ഉപഗ്രഹത്തിന്റെ പ്രവർത്തനമെന്ന് ഐ എസ് ആർ ഒ വൃത്തങ്ങൾ വെളിപ്പെടുത്തി.