അഭിനയ രംഗത്തേക്ക് വീണ്ടും ജഗതി ശ്രീകുമാർ. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ സിനിമയിൽ തിരിച്ചെത്തുന്നത്. കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം രണ്ടാംവരവിന് ഒരുങ്ങുന്നത്. ഇത്തവണത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഒരു ഞായറാഴ്ച്ച എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ ശരത് ചന്ദ്രൻ നായരാണ് ചിത്രത്തിന്റെ സംവിധായകൻ.
പി. കെ ശ്രീകുമാറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മുരളി ചന്ദ്, ഭരത്, റേച്ചൽ ഡേവിസ്, സുധീർ കരമന, മേജർ രവി, ബിജുക്കുട്ടൻ, കൈലാഷ് ,താരാ കല്യാൺ, സോനാ നായർ, നോബി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രൻ, അൽഫോൻസ് ജോസഫ് എന്നിവർ ഈണമിടുന്നു. ഷൂട്ടിങ് സെറ്റിൽ ഇരിക്കുന്ന ജഗതിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് .
ശരത്തും ശൈലജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാമറ ഉദയൻ അമ്പാടി. സിനിമയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജഗതിയുടെ മകൻ രാജ്കുമാറിന്റെ പരസ്യകമ്പനിയായ ജഗതി ശ്രീകുമാർ എന്റെർറ്റൈന്മെന്റ്സ് നിർമിച്ച ഒരു വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള തന്റെ രണ്ടാം വരവിന് ജഗതി തുടക്കം കുറിച്ചത്.
Comments
0 comments