​ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിലച്ചിട്ട്  4 കൊല്ലം: എം ബി രാജേഷിന് പറയാനുള്ളത് 

ന്യൂ ഡൽഹി: വരുന്ന ഏപ്രിലിൽ ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയുടെ നൂറാം വാർഷികം ആചരിക്കാനിരിക്കേ  സംരക്ഷിത സ്മാരകത്തെ സർക്കാർ  തീർത്തും അവഗണിക്കുന്നു എന്ന പരാതിയുമായി എം ബി രാജേഷ് എം പി.  3000 കോടി രൂപ ചിലവിട്ട് പ്രതിമ കെട്ടിപ്പൊക്കുന്നവർ മൂവായിരം രക്തസാക്ഷികളെ അപ്പാടെ  മറന്നു കളഞ്ഞതായി അദ്ദേഹം കുറ്റപ്പെടുത്തുന്നു. “ഒരു പ്രതിമക്ക് 3000 കോടി. 3000 രക്തസാക്ഷികൾക്ക് ഒരു രൂപ പോലുമില്ല,” രാജേഷ് ട്വീറ്റ് ചെയ്തു.

സ്വാതന്ത്ര്യ സമര സ്മാരകത്തിന് നേരെയുള്ള സർക്കാർ അവഗണന കനത്ത അപരാധമാണെന്ന് ഓർമിപ്പിച്ചും ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാൻ ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തെഴുതിയിട്ടുണ്ട്.

എം പിയും  കുടുംബവും അടുത്തിടെ ചരിത്ര നഗരം സന്ദർശിക്കാനെത്തിയിരുന്നു . അപ്പോഴാണ് സർക്കാരിന്റെ അനാസ്ഥയും അവഗണനയും മൂലം ലൈറ്റ് ആൻഡ് സൗണ്ട് ഷോ മുടങ്ങിയിട്ട് അഞ്ചുവർഷത്തോളമായി എന്ന വിവരം അറിയുന്നത്.  പ്രധാനമന്ത്രി ചെയർമാനായ ജാലിയൻ വാലാബാഗ് മെമ്മോറിയൽ ട്രസ്റ്റിനാണ് ചരിത്ര സ്മാരകത്തിന്റെ സംരക്ഷണച്ചുമതല.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ രക്ത സാക്ഷികളായവരോടുള്ള ആദരസൂചകമായാണ് കേന്ദ്ര സർക്കാർ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് തുടക്കമിട്ടത്. 2010 ഏപ്രിലിൽ അന്നത്തെ പ്രതിരോധ മന്ത്രി എ. കെ ആന്റണിയാണ് ഷോ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നല്ല രീതിയിൽ നടന്നുപോന്നിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറിയതുമുതൽ പരിപാടി പൂർണമായി നിലച്ചു. 

ചരിത്ര സ്മാരകത്തിന്റെ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ വകയിരുത്തുന്നുണ്ടെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു . എന്നാൽ പണം ചിലവാക്കുന്നില്ല. ട്രസ്റ്റിന്റെ അനുമതിയും സമ്മതവും ഇല്ലാത്തതാണ് കാരണം. ഇക്കാര്യത്തിനായി  ട്രസ്റ്റിൽ നിന്നുള്ള എൻ ഒ സി കിട്ടാത്തതാണ് പ്രശ്‍നം. 

രാജ്യത്തിൻറെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പൈശാചിക സംഭവമായിരുന്നു ജാലിയൻ വാലാബാഗിൽ 1919 ഏപ്രിൽ 13 നു നടന്നത്. ജനങ്ങൾ സമാധാനപരമായി യോഗം ചേർന്ന ഉദ്യാനത്തിലേക്ക്  ഒരു പ്രകോപനവുമില്ലാതെ ഇരച്ചെത്തി വെടിയുതിർക്കുകയായിരുന്നു ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ എച്ച് ഡയർ എന്ന ബ്രിട്ടീഷ് പൊലീസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം.

പത്തു മിനിറ്റോളം നീണ്ടു നിന്ന വെടിവെപ്പിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 379 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ  1650 റൌണ്ട് വെടിയുതിർത്തതായി കണക്കുകളുള്ള   കൂട്ടക്കൊലയിൽ   മരിച്ചവരുടെ എണ്ണം അതിന്റെ പത്തു മടങ്ങെങ്കിലും വരുമെന്നാണ് പറയപ്പെടുന്നത്. കൊല്ലപ്പെട്ടവരുടെ  മൃതദേഹങ്ങൾ കൂട്ടത്തോടെ വാരിവലിച്ചിട്ടു മൂടിയ കിണറും വെടിയുണ്ടകൾ തറഞ്ഞു കിടക്കുന്ന ചുറ്റു  മതിലുമെല്ലാം സംരക്ഷിത സ്മാരകത്തിന്റെ ഭാഗമായി വരുന്നവയാണ്.

2019 ഏപ്രിൽ 13 നാണ് ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയുടെ നൂറാം വാർഷികാചരണം നടക്കാനിരിക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തെ ഇത്തരത്തിൽ അവഗണിക്കുന്നതും സ്മാരകത്തെ മറവിയിലേക്കു തള്ളിയിടുന്നതും പൊറുക്കാനാവാത്ത അപരാധമാണെന്ന്  പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ എം ബി  രാജേഷ്  പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ  10 നൂതന സംവിധാനങ്ങള്‍