ജ്യോതിഷിന് ഇനി സ്വതന്ത്രമായി സഞ്ചരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് വീല്‍ ചെയര്‍

തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറില്‍ നിന്നും ഇലക്‌ട്രോണിക് വീല്‍ ചെയര്‍ ഏറ്റുവാങ്ങുമ്പോള്‍ ജ്യോതിഷിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി.

സ്വന്തമായി സഞ്ചരിക്കാനും സ്‌കൂളില്‍ പോകാനും വീല്‍ ചെയര്‍ സഹായകമാവുമെന്ന് അറിഞ്ഞതോടെ അതിലേറെ സന്തോഷം. സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് 1,41,750 രൂപ വിലയുള്ള പ്രത്യോകം തയ്യാറാക്കിയ ഇലക്ട്രോണിക് വീല്‍ ചെയര്‍ സമ്മാനിച്ചത്.

ആധുനിക സവിശേഷതകള്‍ ഉള്ളതും പ്രത്യേകം രൂപകല്‍പന ചെയ്തതുമായ ഈ വീല്‍ ചെയറിലൂടെ ഏതു ദിശയിലേക്കും സഞ്ചരിക്കാന്‍ കഴിയും. വേഗത നിയന്ത്രിക്കാനും റോഡിലൂടെയും വീടിനകത്തും ഒരുപോലെ ഓടിക്കാനും കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 15 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ജ്യോതിഷിനെപ്പോലെയുള്ളവര്‍ക്ക് വി കെയര്‍ പദ്ധതി കരുത്ത് പകരുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരിക വെല്ലുവിളി നേരിടുന്നവരും ഭാരിച്ച ചികിത്സാ ചെലവുകള്‍ വേണ്ടി വരുന്നവരുമായ 300 ലധികം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ജ്യോതിഷിന് വിജയാശംസകളും മന്ത്രി നേര്‍ന്നു.

തിരുവനന്തപുരം കോവളം പുത്തന്‍ വീട്ടില്‍ ജ്യോതിബസുവിന്റെയും ഷീബയുടെയും ഏക മകനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്യോതിഷ്. ഫോക്കോമീലിയ ബാധിച്ച് തൊണ്ണൂറ് ശതമാനത്തോളം ശാരീരിക പ്രായാസം നേരിടുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ജ്യോതിഷിന്റേത്. പിതാവ് ജ്യോതിബസു മത്സ്യതൊഴിലാളിയാണ്. ഉപകരണ സംഗീത പഠനം നടത്തുന്ന ജ്യോതിഷ് നന്നായി കീ ബോര്‍ഡ് വായിക്കുകയും പാട്ടു പാടുകയും ചെയ്യും. പരിമിതികളെ മറികടക്കാന്‍ ജ്യോതിഷിന് ഈ വീല്‍ ചെയര്‍ വളരെയധികം സഹായകരമാകുമെന്ന് ജ്യോതി ബസു പറഞ്ഞു.

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വികലമായ സര്‍ക്കാര്‍ നയസമീപനം ഉപേക്ഷിക്കണം: വി എം സുധീരന്‍

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹ സ്‌പോണ്‍സറായി സ്റ്റാന്‍ഡേര്‍ഡ്