സാമ്പത്തിക സംവരണം നില നിൽക്കുമോ എന്ന്  കണ്ടറിയണമെന്ന് ജസ്റ്റിസ് ചെലമേശ്വർ 

മുംബൈ: സംവരണത്തിന്റെ അടിസ്ഥാന തത്വം സാമൂഹിക പിന്നാക്കാവസ്ഥയാണെന്നും സാമ്പത്തിക സംവരണത്തെ ഭരണഘടന അനുവദിക്കുന്നില്ലെന്നും സുപ്രീം കോടതി  മുൻ ജസ്റ്റിസ് ചെലമേശ്വർ. മുംബൈ ഐ ഐ ടി യിൽ നടന്ന അംബേദ്‌കർ അനുസ്മരണത്തിൽ ഭരണഘടനയുടെ എഴുപത് വർഷങ്ങൾ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നതിനിടയിൽ ഉയർന്നുവന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി വിഭാവനം ചെയ്തതാണ് സംവരണം. സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡം സാമൂഹിക പിന്നാക്കാവസ്ഥയാണ്. സാമ്പത്തികമായി ദുർബലരായ ജനവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ ഭരണഘടന അനുവദിക്കുന്നില്ല. 124 ആം ഭേദഗതി നിലനിൽക്കുമോ എന്ന് കണ്ടറിയണം. ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ് അത് എന്നുമാത്രമേ തല്ക്കാലം പറയുന്നുള്ളൂ, അദ്ദേഹം പറഞ്ഞു.

2019 ജനുവരി 8 നാണ് 124 ആം  ഭരണഘടനാ ഭേദഗതി ബിൽ ലോക സഭ പാസാക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ രാജ്യസഭയുടെ അംഗീകാരവും നേടി. ജനുവരി 12 ന്  രാഷ്‌ട്രപതി കൂടി  ബില്ലിൽ ഒപ്പുവച്ചതോടെ സാമ്പത്തിക സംവരണം രാജ്യത്ത് യാഥാർഥ്യമായി. എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള  ഉപരിജാതി വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭാസ സ്ഥാപനങ്ങളിലും സംവരണം അനുവദിച്ചുകൊണ്ടാണ്‌ ഭരണഘടനാ ഭേദഗതി വന്നിരിക്കുന്നത്. 

പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായാണ് നിലകൊണ്ടത്. എന്നാൽ രാജ്യത്തെ ദളിത്, പിന്നാക്ക സംഘടനകലും സിവിൽ റൈറ്റ്സ് ഗ്രൂപ്പുകളും  സർക്കാർ നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. ചരിത്രപരമായി നൂറ്റാണ്ടുകളോളം  അടിച്ചമർത്തപ്പെട്ടു കഴിയുന്ന ജനസമൂഹങ്ങളെ മുഖ്യ ധാരയിൽ എത്തിക്കാനുള്ള ശ്രമം ആയിരുന്നു സംവരണത്തിലൂടെ ഭരണ ഘടനാ ശിൽപികൾ നടത്തിയതെന്നും  ദാരിദ്ര്യ നിർമാർജനമല്ല അത് ലക്‌ഷ്യം വച്ചതെന്നും വിമർശനങ്ങൾ ഉയർന്നുവന്നു. ഭരണത്തിലും  അധികാര സ്ഥാപനങ്ങളിലും  തൊഴിൽ രംഗത്തും  ഇപ്പോഴും മൃഗീയ ഭൂരിപക്ഷമായി തുടരുന്ന ഉപരിജാതികൾക്ക്  സംവരണത്തിന് യാതൊരു അർഹതയും ഇല്ല. മുന്നാക്ക വിഭാഗങ്ങളിൽ ദരിദ്രരുണ്ട് . അത് യാഥാർഥ്യമാണ്.  അവർക്കു വേണ്ടി പ്രത്യേകമായി ദാരിദ്ര്യ നിർമാർജ്ജന പദ്ധതികൾ  കൊണ്ടുവരണം. അതുവഴി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. സംവരണത്തിന്റെ അടിസ്ഥാനമായ   പ്രാതിനിധ്യ സങ്കൽപ്പത്തെ  അട്ടിമറിച്ചല്ല  അത് നടപ്പിലാക്കേണ്ടത്. 

ഒറ്റപ്പെട്ട  വ്യക്തികൾക്കല്ല  ഒരു ജനവിഭാഗത്തിന് മൊത്തമായി വിഭാവനം ചെയ്തതാണ്  സംവരണം. പതിറ്റാണ്ടുകളിലെ സംവരണം കൊണ്ട് പിന്നാക്ക വിഭാഗങ്ങളിൽ കുറേപ്പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട് . എന്നാൽ ജനാധിപത്യ സംവിധാനത്തിൽ  തുല്യ നിലയിലുള്ള അധികാരപങ്കാളിത്തം എന്ന ആത്യന്തിക ലക്ഷ്യം സാക്ഷാൽക്കരിക്കാൻ കഴിഞ്ഞിട്ടില്ല. അത് യാഥാർഥ്യമാവുന്ന കാലം വരെ നിലവിലുള്ള സംവരണം തുടരണം. 

എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നിലയും അധികാര പങ്കാളിത്തവും  കൈവരിക്കാൻ കഴിയുന്നതോടെ സംവരണം എടുത്തുകളയണം എന്ന ലക്ഷ്യത്തോടെയാണ് അതിപ്പോഴും തുടർന്നുപോരുന്നത്. സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവർ കാണാതെ പോകുന്നത് ഈ വസ്തുതയാണ്.  ഏതാനും വ്യക്തികളുടെ ദാരിദ്ര്യം മാറ്റാൻ   ഒരു  സമുദായത്തിന് മൊത്തം സംവരണം ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല  എന്നിങ്ങനെയാണ് ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉയർന്നത്. 

ജനാധിപത്യ സംവിധാനം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ജസ്റ്റിസ് ചെലമേശ്വർ തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞത്. നിലവിലുള്ള  വ്യവസ്ഥയിലെ പാളിച്ചകൾ തിരുത്തപ്പെടണം. 50  കോടി ചിലവാക്കിയാണ് ഒരാൾ പാർലമെന്റംഗം ആവുന്നതെന്നും ഭരണഘടനാ തത്വങ്ങൾ നടപ്പിലാക്കലല്ല,  ചിലവാക്കിയ പണം തിരിച്ചുപിടിക്കലാണ് പിന്നീട്  അവരുടെ  മുൻഗണനയെന്നുമുള്ള  മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ഹരിശങ്കർ ബ്രഹ്മയുടെ നിരീക്ഷണത്തെ  അദ്ദേഹം പ്രഭാഷണത്തിനിടയിൽ  ഓർമിപ്പിച്ചു.

രാജ്യത്ത് ജുഡീഷ്യൽ പരിഷ്‌ക്കാരങ്ങൾ ആവശ്യമാണെന്നും  കോടതിവിധികളെ  വിമർശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ പൗരന്മാർക്കുണ്ടാവണം എന്നും അഭിപ്രായപ്പെട്ട അദ്ദേഹം  കോടതിയലക്ഷ്യമായി അത് വിലയിരുത്തപ്പെടുന്നത് ശരിയായ കാര്യമല്ലെന്നും നിരീക്ഷിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാഭ്യാസ പരിഷ്കരണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സിനിമാ റിലീസ് ദിവസത്തെ തട്ടിപ്പ് ഇനി വേണ്ടെന്ന് പാൽ വിതരണക്കാർ