കെ ആർ മോഹനൻ വിട പറഞ്ഞിട്ട് ഒരു വർഷം; ജൂൺ 25-ന് ചലച്ചിത്ര സംവാദം

KR-Mohanan_

തിരുവനന്തപുരം: കെ.ആർ.മോഹനൻ ( K. R. Mohanan ) എന്ന പ്രഗത്ഭനായ ചലച്ചിത്രകാരൻ വിടപറഞ്ഞിട്ട് ജൂൺ 25 ന് ഒരു വർഷം തികയും. ഒത്തുതീർപ്പുകൾക്ക് ഒട്ടും വഴങ്ങാത്ത മാധ്യമബോധമായിരുന്നു കെ.ആർ.മോഹനന്റേത്.

നിഷേധിയും സ്വതന്ത്രനുമാകാനും വേറിട്ടവഴി തിരഞ്ഞെടുക്കാനും അതദ്ദേഹത്തെ പ്രാപ്തനാക്കി. സിനിമാക്കാഴ്ചകളുടെ പതിവു ശീലങ്ങളിൽ ഒന്നിന്റെയും പിടിയിലാവാതിരിക്കാൻ പ്രേരണയായതും ഇതേമട്ടിലുള്ള ഉറച്ച ബോധ്യങ്ങൾ തന്നെ.

മൂന്നേ മൂന്ന് ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും മുൻപന്തിയിൽത്തന്നെ ഇരിപ്പുറപ്പിക്കാൻ അദ്ദേഹത്തിനായി.

1975-ൽ ചെയ്ത ആദ്യചിത്രം അശ്വത്ഥാമായും 1987-ൽ ചെയ്ത പുരുഷാർത്ഥവും മികച്ച ചിത്രങ്ങൾക്കുള്ള അതത് വർഷത്തെ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിരുന്നു.

അവസാന ചിത്രമായ സ്വരൂപമാവട്ടെ (1992) ഏറ്റവും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തന്നെ കരസ്ഥമാക്കി.

പുരസ്കാരങ്ങൾക്കപ്പുറം സമാന്തര സിനിമാരംഗത്ത് ശ്രദ്ധ നേടിയതും ചർച്ച ചെയ്യപ്പെട്ടവയുമാണ് കെ.ആർ.മോഹനൻ ചിത്രങ്ങൾ.

എന്നിട്ടും സ്വരൂപത്തിനു ശേഷമുള്ള 25 വർഷക്കാലം പ്രതിഭാധനനായ ആ സംവിധായകൻ സിനിമകളൊന്നും ചെയ്തതേയില്ല.

എന്നാൽ ചെയ്തു വച്ച മൂന്ന് സിനിമകളിൽ കണ്ട ഉൾക്കരുത്തുള്ള ചലച്ചിത്രകാരന്റെ തെളിഞ്ഞ ചരിത്രബോധവും മിഴിവുള്ള ദൃശ്യാവബോധവും പ്രേക്ഷകരെന്ന നിലയിൽ നമ്മെ ഏറെ ആനന്ദിപ്പിച്ചവയാണ്.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ് എഫ് എസ് ഐ ) പ്രസിഡന്റായും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കെ ആർ മോഹനൻ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്ന വേളയിൽ ഫിലിം ഫെഡറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി അനുസ്‍മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

KR Mohanan_blivenews.com

ജൂൺ 25-ന് വൈകുന്നേരം 3.30 മുതൽ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലാണ് പരിപാടി. 3.30-ന് കെ ആർ മോഹനന്റെ ചിത്രത്തെക്കുറിച്ചുള്ള സംവാദം നടക്കും

ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, സംവിധായകൻ സഞ്ജു സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 5.30-ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ് ഘാടനം ചെയ്യും.

സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്‌ണൻ, ലെനിൻ രാജേന്ദ്രൻ, കമൽ, ബീന പോൾ, ചെലവൂർ വേണു, പ്രമോദ് പയ്യന്നൂർ, വി കെ ജോസഫ് , മഹേഷ് പഞ്ചു എന്നിവർ സംബന്ധിക്കും.

കർണ്ണാടകത്തിൽ വലതുപക്ഷ മതവർഗീയവാദികളാൽ കൊല ചെയ്യപ്പെട്ട പ്രമുഖ മാധ്യപ്രവർത്തക ഗൗരി ലങ്കേഷിനെപ്പറ്റി ദീപു സംവിധാനം ചെയ്ത ‘നമ്മുടെ ഗൗരി’ (Our Gauri ) എന്ന ചലച്ചിത്രം 6.30-ന്  പ്രദർശിപ്പിക്കും.

അവസാന ശ്വാസം വരെ മത സൗഹാർദ്ദത്തിനും സാമുദായിക ഐക്യത്തിനും വേണ്ടി നിലകൊണ്ട ഗൗരി ലങ്കേഷിന്റെ രാഷ്ട്രീയ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് 67 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

International Yoga Day 2018 , Modi, Pinarayi, PM, CM, UN, June 21, 

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; 50,000 ആളുകളോടൊപ്പം ദിനം ആചരിച്ച് പ്രധാനമന്ത്രി

സ്വവസതികളിലെ പരിശോധനയ്ക്ക് ഫീസ്; നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടർമാർ