കെ-സ്വിഫ്റ്റ്: സംസ്ഥാനത്തെ സംരംഭകര്‍ക്കായി  ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം 

കൊച്ചി: പുത്തന്‍ സംരംഭങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ലക്ഷ്യമിടുന്നതും  സംസ്ഥാനത്ത് സംരംഭകത്വ സംസ്കാരത്തിന് ഉണര്‍വേകി  വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കുന്നതുമായ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റുമായി (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സസ്) സംസ്ഥാന സര്‍ക്കാര്‍.

കേരളത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11 ന് ബോള്‍ഗാട്ടി  ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ‘അസെന്‍ഡ് 2019’-ല്‍ അനുമതികള്‍ക്കുള്ള വേഗതയാര്‍ന്നതും സുതാര്യവുമായ സംവിധാനമായ കെ-സ്വിഫ്റ്റ് അവതരിപ്പിക്കും. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച്  ലളിതമായി കൃത്യസമയത്തിനുള്ളില്‍ അനുമതികള്‍ ത്വരിതഗതിയില്‍ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകളേയും ഇതില്‍ ഏകോപിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വ്യവസായ മേഖലക്കും പങ്കാളികള്‍ക്കും ഗുണകരമായ രീതിയില്‍ അനായാസമായി ബിസിനസ് ചെയ്യാനുതകുന്ന ഭരണ, നയ പരിഷ്കാരങ്ങളെയാണ് അസെന്‍ഡില്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ  ക്ലിയറന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രഥമ സംയോജിത പ്ലാറ്റ്ഫോമാണ് കെ-സ്വിഫ്റ്റ്.

വിവര സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് ഭരണത്തെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവും സുതാര്യവും ഉപഭോക്തൃസൗഹൃദവുമാക്കുക എന്ന സുപ്രധാന ദൗത്യവുമായാണ് കെ-സ്വിഫ്റ്റിന്‍റെ രൂപകല്‍പ്പന. സമയബന്ധിതമായി ലൈസന്‍സ് അനുവദിക്കുന്നതിനും അനുമതികള്‍ ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാര്‍ തലത്തിലെ ഭാവി ഇടപാടുകള്‍ക്കുള്ള വേദിയാണിത്.

നഗരകാര്യാലയം, പഞ്ചായത്ത് കാര്യാലയം, നഗര-ഗ്രാമ ആസൂത്രണം, ഫാക്ടറീസ്-ബോയിലേഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, മൈനിംഗ്-ജിയോളജി, വനം-വന്യജീവി, തൊഴില്‍, ഫയര്‍-റെസ്ക്യൂ സര്‍വ്വീസസ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി, ഭൂഗര്‍ഭ ജലവകുപ്പ് എന്നീ  14 വകുപ്പുകളുടെ /ഏജന്‍സികളുടെ സേവനം കെ-സ്വിഫ്റ്റില്‍ ലഭിക്കും. എല്ലാ അപേക്ഷകളും യൂണിഫൈഡ് കോമണ്‍ ആപ്ലിക്കേഷന്‍ ഫോമിലൂടെയാണ് (സിഎഎഫ്) സമര്‍പ്പിക്കേണ്ടത്.

വിവരങ്ങള്‍ ലഭ്യമാക്കുന്ന ഗൈഡ്, ഏകീകൃത പെയ്മെന്‍റ് സംവിധാനം, സമയബന്ധിത ക്ലിയറന്‍സ്, ഡിജിറ്റല്‍ അനുമതികള്‍, ക്ലിയറന്‍സുകളുടെ ഓണ്‍ലൈന്‍ വിതരണം, സംയോജിത ലൈസന്‍സുകള്‍ എന്നിവ കെ-സ്വിഫ്റ്റിന്‍റെ പ്രത്യേകതയാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ അപ്‌ലോഡ്  ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ആപ്ലിക്കേഷനുകളുടെ  ട്രാക്കിങ്ങിനും നടപടിക്രമങ്ങള്‍ക്കുമായി ഉപഭോക്താവിനും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമായി നിശ്ചിത ഡാഷ്ബോര്‍ഡുകളുണ്ട്. സുതാര്യത ഉറപ്പാക്കാന്‍ എല്ലാ ക്ലിയറന്‍സ് പ്രക്രിയകള്‍ക്കും മൂന്നാംകക്ഷി വെരിഫിക്കേഷനുള്ള സാധ്യതയും കെ-സ്വിഫ്റ്റ് ഉറപ്പാക്കിയിട്ടുണ്ട്.

ക്ലിയറന്‍സുകളിലും ഭരണതലത്തിലുമുളള വിപ്ലവകരമായ മാറ്റങ്ങളിലൂടെ സംരംഭങ്ങള്‍ക്ക് ചുവടുറപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്. ക്ലിയറന്‍സ് പ്രക്രിയയിലുളള പ്രത്യക്ഷ ലക്ഷ്യസ്ഥാനങ്ങള്‍ കുറയ്ക്കുകയും  കൂടുതല്‍ കാര്യക്ഷമവും പ്രയോജനപ്രദവുമാക്കുകയുമാണ് കെ-സ്വിഫ്റ്റ്.

സംരംഭകരും സര്‍ക്കാരുമായുളള  ബന്ധം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കേരള സര്‍ക്കാര്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെല്ലുകള്‍ (ഐപിഎഫ്സി) രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ക്ക് ക്ലിയറന്‍സുകള്‍ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിലേയും ഏജന്‍സികളിലേയും ഉദ്യോഗസ്ഥരാണ് ഐപിഎഫ്സിയിലുള്ളത്.

സംസ്ഥാനത്ത് സംരംഭങ്ങള്‍ക്കായുള്ള എല്ലാ അനുമതികളും നിക്ഷേപകന് ഒരുക്കി നല്‍കുകയാണ് ഐപിഎഫ്സിയുടെ ദൗത്യം. സമര്‍പ്പിച്ച അപേക്ഷകള്‍ ട്രാക്ക് ചെയ്യുന്നതിനും പങ്കാളികളായ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും നിരന്തരം പ്രതികരണം തേടുന്നതിനും തടസ്സങ്ങളൊഴിവാക്കി സമയബന്ധിത വിതരണം ഉറപ്പുവരുത്തുന്നതിനും ഇതിന് ചുമതലയുണ്ട്. സംരംഭങ്ങളാരംഭിച്ച് കേരളത്തില്‍ ചുവടുറപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സാധ്യമായ സഹായങ്ങളും ഐപിഎഫ്സി ലഭ്യമാക്കും.

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെ  (കെഎസ്ഐ ഡിസി) മാനേജിംഗ് ഡയറക്ടറായിരിക്കും ഐപിഎഫ്സിയുടെ സിഇഒ. തലസ്ഥാനത്ത് കെഎസ്ഐഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാരായ  ഐപിഎഫ്സിയില്‍ അതതു ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ജനറല്‍ മാനേജര്‍മാര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാനിലും വെനീസിലും റോട്ടർഡാമിലും ബെർലിനിലും നിരൂപക പ്രശംസയേൽക്കേണ്ട നടൻ

പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിക്കാം: മുഖ്യമന്ത്രി