എല്ലാ വിഭാഗങ്ങളുടേയും ഒന്നിച്ചുള്ള വളർച്ചയാണു നാടിന്റെ പുരോഗതി : മന്ത്രി കെ.ടി. ജലീൽ

തിരുവനന്തപുരം: എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചു വളരുമ്പോഴാണു നാട് പുരോഗമിക്കുന്നതെന്നു ന്യൂനപക്ഷ ക്ഷേമ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ. കേരള സിവിൽ സർവീസ് അക്കാദമിയിൽ ഈ വർഷം പൊതുവിഭാഗത്തിൽ പ്രവേശനം നേടിയ പകുതിയിലേറെ വിദ്യാർഥികളും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളതാണെന്നത് കേരളത്തിൽ നടക്കുന്ന സാമൂഹിക വിപ്ലവത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. അക്കാദമിയുടെ തിരുവനന്തപുരം സെന്ററിലെ ഈ വർഷത്തെ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

400 വിദ്യാർഥികളുള്ള സിവിൽ സർവീസ് ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 203 വിദ്യാർഥികൾ പൊതുവിഭാഗം മെറിറ്റിൽ പ്രവേശനം നേടിയെന്നതു കേരളത്തിൽ മാത്രം നടക്കുന്ന സാമൂഹിക വിപ്ലവമാണ്. സാമൂഹിക പുരോഗതിയുടെ വലിയ അളവുകോലാണിത്. ഓരോ ജാതിയും സമുദായവും ഒരേ രീതിയിൽ അഭിവൃദ്ധിപ്പെടുകയും മുന്നോട്ടു പോവുകയും ചെയ്യുമ്പോഴാണു നാടും രാജ്യവും പുരോഗമിക്കുന്നത്. ഇത്തരം സമൂഹിക പരിഷ്‌കരണത്തിനു സിവിൽ സർവീസ് അക്കാദമി പോലുള്ള സ്ഥാപനങ്ങൾ മുൻകൈയെടുക്കണം.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു കരുണാർദ്രമായ മനസ് ഇല്ലാതെപോയാൽ അതിന്റെ ദുരിതം നാട് മുഴുവൻ അനുഭവിക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാപ്രളയത്തിൽനിന്നു കേരളത്തെ കൈപിടിച്ചുയർത്താൻ സഹായിച്ച യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാതൃകാപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരുടെ ജീവസ്പന്ദനങ്ങൾ മനസിലാക്കി അവരെ സഹായിക്കാൻ കഴിയുന്നവരാകണം ഐ.എ.എസ്. ഉദ്യോഗസ്ഥരെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മണ്ണന്തല അംബേദ്കർ ഭവൻ ക്യാംപസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ അലി അസ്ഗർ പാഷ, മണ്ണന്തല വാർഡ് കൗൺസിലർ എൻ. അനിൽ കുമാർ, സെന്റർ ഫോർ കണ്ടിന്യൂയിങ് ഡയറക്ടർ പി. അനിത ദമയന്തി എന്നിവരും പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊച്ചി കപ്പല്‍ശാലക്ക് ആന്‍ഡമാനിൽ അറ്റകുറ്റപ്പണി കേന്ദ്രം

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് ആസ്ട്രാസെനികാ