നവോത്ഥാനത്തെ പിന്നോട്ടു വലിക്കുന്നവർക്കെതിരേ ജനകീയ പ്രതിരോധമുയരണം: കടകംപള്ളി

തിരുവനന്തപുരം: കേരളത്തിന്റെ മഹത്തായ നവോത്ഥാന പാരമ്പര്യത്തെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരേ ജനകീയ പ്രതിരോധമുയരണമെന്നു സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും അംഗീകരിക്കില്ലെന്നു കേരളം പ്രഖ്യാപിക്കുന്ന ദിവസമായിരിക്കും പുതുവത്സര ദിനമെന്നും മന്ത്രി പറഞ്ഞു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവൻഷൻ സെന്ററിന്റെയും ഡിജിറ്റൽ മ്യൂസിയത്തിന്റെയും നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ പാതയാണു സർക്കാർ പിന്തുടരുന്നതെന്നു മന്ത്രി വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും നവോത്ഥാന ചിന്തകളിലൂടെ നാട് സഞ്ചരിക്കുകയും വേണം.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് വനിതാ മതിൽ. എല്ലാ പിന്തിരിപ്പൻ ആശയങ്ങളേയും  പ്രതിരോധിക്കുന്ന സ്‌നേഹമതിലായി വനിതാ മതിൽ മാറുമെന്നും മന്ത്രി പറഞ്ഞു. 

ടൂറിസം വകുപ്പിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽപ്പെടുത്തിയാണ് ചെമ്പഴന്തി ഗുരുകുലത്തിൽ അത്യാധുനിക കൺവൻഷൻ സെന്ററും ഡിജിറ്റൽ മ്യൂസിയവും നിർമിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട നിർമാണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.    രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ 16000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കൺവൻഷൻ സെന്ററിൽ 1200 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. 

8000 ചതുരശ്ര അടിയിൽ മുകളിലത്തെ നിലയിൽ നിർമിക്കുന്ന ശ്രീനാരായണ ഗുരു ഡിജിറ്റൽ മ്യൂസിയത്തിൽ നാലു ഹാളുകളിലായി ഗുരുവിന്റെ ജീവിതത്തിലെ നാലു ഘട്ടങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യാനുഭവമാക്കും. 18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റേഴ്‌സ് സഹകരണ സംഘത്തിനാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്.

ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ കെ.എസ്. ഷീല, സുദർശനൻ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. യശോധരൻ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം സി.ഇ.ഒ. നീന എന്നിവർ പ്രസംഗിച്ചു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശര്‍ക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ പനേല

രണ്ടു വ്യക്തികൾ കൈ കോർക്കുമ്പോൾ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?