in ,

കനകക്കുന്നിൽ ഡിജിറ്റല്‍ മ്യൂസിയവും, മിയാവാക്കി മാതൃകാവനവും 

തിരുവനന്തപുരം: ചരിത്രമുറങ്ങുന്ന കനകക്കുന്നു കൊട്ടാരം വിദേശ ആഭ്യന്തര     സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്കു തുടക്കമായി. തലസ്ഥാനത്തിന്‍റെ പൈതൃക മുഖഛായയായ കനകക്കുന്നിന്‍റെ പൗരാണികതയും രാജകീയ പ്രൗഢിയും നിലനിര്‍ത്തുന്നതിനുളള സരക്ഷണ പദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കനകക്കുന്നിലെ സൂര്യകാന്തി മൈതാനത്തില്‍ അഞ്ചുസെന്‍റില്‍ ഒരുക്കുന്ന മിയാവാക്കി മാതൃകാ വനത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികളെപ്പോലെ തിരുവിതാംകൂര്‍ പൈതൃക സംരക്ഷണ പദ്ധതി ആവിഷ്കരിക്കണമെന്ന് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ മിയാവാക്കി വനമാതൃക കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവിതാംകൂറിന്‍റേയും കേരളത്തിന്‍റേയും സംസ്കാരമാണ് ഡിജിറ്റല്‍ മ്യൂസിയത്തിലൂടെ അനാവരണം ചെയ്യുന്നതെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് വ്യക്തമാക്കി.

ലോകോത്തര സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഡിജിറ്റല്‍ മ്യൂസിയം വിഭാവനം ചെയ്യുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ ഡിജിറ്റല്‍ മ്യൂസിയത്തിന്‍റേയും പൈതൃക സംരക്ഷണ പദ്ധതിയുടേയും നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിന്‍റേയും തിരുവിതാംകൂറിന്‍റേയും ചരിത്രം അനാവരണം ചെയ്യുന്ന 8.94 കോടി രൂപയുടെ പദ്ധതിയായ ഡിജിറ്റല്‍ മ്യൂസിയം ഭൂപ്രകൃതി, മതങ്ങള്‍, ആചാരങ്ങള്‍, കല, സംസ്കാരം, സുഗന്ധവ്യഞ്ജനങ്ങള്‍, ആയൂര്‍വേദം, ഔഷധസസ്യക്കലവറ എന്നിവയുടെ സംക്ഷിപ്തശേഖരമാണ്. ഓട്ടോമോട്ടീവ് ടിക്കറ്റിംഗ്, മോഷന്‍ സെന്‍സര്‍ സ്ക്രീന്‍, ഇന്‍ററാക്ടീവ് ടേബിള്‍ ടോപ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഫോട്ടോഗ്രാഫ് പാനല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഓഡിയോ വിഷ്വല്‍ സോണ്‍, ലേസര്‍ പ്രൊജക്ഷനോടുകൂടിയ ഇടനാഴികള്‍, പ്രൊജക്ഷന്‍ മാപ്പിംഗ്, പാലസ് മോഡല്‍ ആന്‍ഡ് പ്രൊജക്ഷന്‍, സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോ എന്നിവയാണ് ഈ പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. ഇതുകൂടാതെ  2.95 കോടി രൂപയുടെ സംരക്ഷണ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ തയാറാക്കുന്ന ആദ്യ മിയാവാക്കി മാതൃകാ വനമാണ് കനകക്കുന്നിലേത്. ടൂറിസം വകുപ്പ് അഞ്ചു സെന്‍റിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒപ്പം മൈക്രോ ഇറിഗേഷന്‍ സംവിധാനവുമുണ്ട്. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികള്‍ നട്ടു പിടിപ്പിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥ പുന:സ്ഥാപിക്കുകയാണ് മിയാവാക്കി മാതൃകയുടെ അടിസ്ഥാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ  വെല്ലുവിളികള്‍ നേരിടാന്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച  മാതൃക മിയാവാക്കിയുടേതാണെന്ന് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. 

സസ്യശാസ്ത്രജ്ഞനും ജപ്പാനിലെ യോക്കോഹോമ സര്‍വകലാശാലയില്‍ എമറിറ്റസ് പ്രൊഫസറുമായ തൊണ്ണൂറ്റിയൊന്നുകാരനായ ഡോ. അക്കിറാ മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ മാതൃകയിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രണ്ടായിരത്തോളം ഇടങ്ങളിലായി അഞ്ചു കോടിയില്‍പരം  മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. 

മിയാവാക്കി മാതൃക പ്രകാരം കുറഞ്ഞത് രണ്ടര സെന്‍റില്‍  (ആയിരം ചതുരശ്രയടി) ഒരു സ്വാഭാവിക വനം വച്ചു പിടിപ്പിക്കാം. 70 മുതല്‍ 100 വരെ ഇനത്തിലുള്ള സസ്യങ്ങള്‍ ഈ സ്ഥലത്തു നട്ടു വളര്‍ത്തണം.  ഉയര്‍ന്ന മരങ്ങള്‍, വള്ളികള്‍, കുറ്റിച്ചെടികള്‍, അടിക്കാട്ടിലെ ചെടികള്‍ ഇവയൊക്കെ ഓരോ ചതുരശ്ര മീറ്ററിലും ഇടകലര്‍ത്ത നട്ടാണ് കാടു വളര്‍ത്തുന്നത്. ഇത്രയും സ്ഥലത്ത് നാലിനം  ചെടികള്‍വരെ വച്ചുപിടിപ്പിക്കാം. ആദ്യ മൂന്നു വര്‍ഷം കള പറിക്കുകയും വളവും വെള്ളവും നല്‍കുകയും വേണം. പിന്നീട് അവ സ്വാഭാവികമായി വളരും. 

ഈ മാതൃകയില്‍ ചെടികള്‍  ഒരു വര്‍ഷം കൊണ്ട് മൂന്നു മീറ്റര്‍ ഉയരത്തിലെത്തി പത്തു വര്‍ഷത്തെ വളര്‍ച്ച നേടും. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മിയാവാക്കി വനത്തില്‍ നൂറു വര്‍ഷത്തെ  സ്വാഭാവിക വനത്തിന്‍റെ വളര്‍ച്ച കാണാം.  

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. വി.കെ. ദാമോദരന്‍ പ്രസിഡന്‍റായ നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷനാണ്  ഈ പദ്ധതിയുമായി ടൂറിസം വകുപ്പിനെ സമീപിച്ചത്. 

നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ നാലു മാസം കൊണ്ട്  പദ്ധതി പൂര്‍ത്തിയാക്കി. ഇന്‍വിസ് മള്‍ട്ടിമീഡിയ, കള്‍ച്ചര്‍ ഷോപ്പീ  ഓര്‍ഗാനിക് മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ചെലവടക്കമുള്ള നിര്‍വഹണം പൂര്‍ത്തിയാക്കിയത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കബീറിന്റെ ദിവസങ്ങളിലൂടെ ജഗതി തിരിച്ചുവരുന്നു

കോവളം വികസനത്തിന് ഇരുപതു കോടി രൂപയുടെ സമഗ്ര പദ്ധതി