ഉഡാനിൽ ഭാഗമായാല്‍ വികസനത്തെ ബാധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ്  ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്.

സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ വികസനം: എം. പിമാർ സഹകരിക്കണം 

കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ സംസ്ഥാനത്തു നിന്നുള്ള എം. പിമാരുടെ സഹകരണം മുഖ്യമന്ത്രി തേടി. റെയില്‍വേ കോച്ച് ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ വലിയ അലംഭാവം ഉണ്ടായി. ഈ വിഷയം കൂട്ടായി ഉന്നയിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു റെയില്‍വേ സോണുകളില്‍ നിന്ന് പുതിയ ട്രെയിനുകള്‍ വരുമ്പോള്‍ കേരളത്തിന് നഷ്ടമുണ്ടാവുന്ന സ്ഥിതിയുണ്ട്. അങ്കമാലി ശബരി റെയില്‍പാത ദേശീയ പദ്ധതിയായി കണക്കാക്കി നടപ്പാക്കണം. ഇതിന്റെ ചെലവ് വഹിക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പിന്നാക്കം പോകുന്ന അവസ്ഥയാണ്. ഇക്കാര്യത്തില്‍ ഒന്നിച്ച് സമ്മര്‍ദ്ദം ചെലുത്തണം. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അവലോകന യോഗം നടത്തി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍പാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ കൃത്യമായി സര്‍ക്കാര്‍ നടത്തുന്നുണ്ട്. ചങ്ങനാശേരി ചിങ്ങവനം സെക്ഷനില്‍ വികസനത്തിനുള്ള ഭൂമി ജനുവരിയിലും ഹരിപ്പാട് അമ്പലപ്പുഴ സെക്്ഷനിലെ ഭൂമി ഫെബ്രുവരിയിലും കൈമാറി. കുറുപ്പന്തറ ഏറ്റുമാനൂര്‍ സെക്ഷനിലെ ഭൂമി ഏപ്രിലില്‍ കൈമാറിയിട്ടുണ്ട്. ഏറ്റുമാനൂര്‍ കോട്ടയം ചിങ്ങവനം സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ബാക്കി ഭൂമി ഉടന്‍ കൈമാറും. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാനുള്ള റെയില്‍വേയുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്.

ജില്ലാ കളക്ടര്‍ ഇതില്‍ നടപടി ആരംഭിച്ചു. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനെ 27 റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണം ഏല്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളതിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധം 

വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിക്കണമെന്നാണ് താത്പര്യം: മുഖ്യമന്ത്രി