കാവല്‍ പദ്ധതി നവംബര്‍ 1 മുതല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

കേസില്‍പെട്ട 1056 കുട്ടികള്‍ക്ക് ജീവിതത്തിന്റെ പുതുപ്രതീക്ഷ 

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്‌ക്കരിച്ച സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതി നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

സംസ്ഥാനത്തെ 9 ജില്ലകളിലായി നിയമവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള 1056 കുട്ടികളെ ജീവിതത്തിന്റെ മുഖ്യാധാരയിലേക്ക് കൊണ്ടു വരാന്‍ കാവല്‍ പദ്ധതിയിലൂടെ ഇതുവരെ കഴിഞ്ഞു. ഈ പദ്ധതിയുടെ വിജയത്തെത്തുടര്‍ന്നാണ് കാസര്‍ഗോഡ്, വയനാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുതുതായി ആരംഭിക്കുന്ന ജില്ലകളിലെ വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കുള്ള 6 ദിവസത്തെ പരിശീലനം നവംബറില്‍ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ നല്‍കും. അതോടെ 2000ത്തിലധികം കേസില്‍പ്പെട്ട കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാവല്‍ പദ്ധതിയുടെ സേവനം ലഭ്യമാവും.

കാവല്‍ പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. കേരളം നടപ്പിലാക്കിയ കാവല്‍ പദ്ധതിയുടെ മാതൃകയില്‍ നിംഹാന്‍സിന്റെ സഹായത്തോടെയാണ് ആ സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്നത്.

2017 ഏപ്രില്‍ മാസത്തിലാണ് കാവല്‍ പദ്ധതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് തുടങ്ങിയത്. 2018 ജനുവരി 1 മുതല്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ തുടങ്ങിയ പദ്ധതി വകുപ്പ് വിഭജനത്തെ തുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. സംയോജിത സംരക്ഷണ പദ്ധതിയുടെ കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നല്‍കുന്നത് ബാംഗളൂര്‍ നിംഹാന്‍സ് ആണ്. തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വ്യക്തിഗത കൗണ്‍സിലിംഗ്, ഗ്രൂപ്പ് കൗണ്‍സിലിംഗ്, ജീവിത നൈപുണി പരിശീലനം, രക്ഷാകര്‍തൃ ബോധനം, സാമൂഹിക ഇടപെടല്‍, കൂട്ടുകാര്‍ക്കിടയിലെ ഇടപെടല്‍, മാതാപിതാക്കള്‍ക്ക് പ്രത്യേക കൗണ്‍സലിംഗ്, കുട്ടികളുടെ ആവശ്യവും താല്പര്യവും നോക്കി തൊഴില്‍ പരിശീലനം, പഠന സഹായം, ലഹരി വിമുക്ത ചികിത്സ, മാനസിക രോഗ ചികിത്സ തുടങ്ങി ഒരു കുട്ടിയുടെ ആവശ്യവും സാഹചര്യവും മുന്‍നിര്‍ത്തി വ്യക്തമായ ആസൂത്രണത്തോടെ നിരന്തര ഇടപെടല്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. കുട്ടികളുടെ വീട്ടില്‍ നിരന്തരം സന്ദര്‍ശനം നടത്തിയും പ്രദേശത്തെ പ്രധാനപ്പെട്ട വ്യക്തികള്‍, സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പോലീസ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേസുണ്ടായതിനെ തുടര്‍ന്നും അല്ലാതെയും സ്‌കൂളില്‍ നിന്നും കൊഴിഞ്ഞു പോയ 250 ഓളം കുട്ടികളെ പഠനത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പദ്ധതിയ്ക്ക് സാധിച്ചിട്ടുണ്ട്. കേസുകളില്‍ ഉള്‍പെട്ടതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് ഇവരില്‍ ഏറെയും. മുമ്പേ പഠനം മുടങ്ങിയ കുട്ടികള്‍ ഓപ്പണ്‍ സ്‌കൂള്‍ വഴിയാണ് പഠനം തുടരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നൈപുണ്യ വികസന കോഴ്‌സുകളില്‍ 64 കുട്ടികള്‍ പഠിക്കുന്നു. ഇത്തരം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ കുട്ടികള്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തു വരുന്നു.

കുട്ടികള്‍ വീണ്ടും കേസുകളില്‍ പെടുന്നതിന്റെ എണ്ണം വലിയ തോതില്‍ കുറയ്ക്കുവാന്‍ കാവല്‍ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. ആദ്യം തുടങ്ങിയ 3 ജില്ലകളില്‍ നടത്തിയ പഠനം അനുസരിച്ച് നേരത്തെ 100ല്‍ 15 കുട്ടികള്‍ വീണ്ടും കേസില്‍പ്പെട്ട് ബാലനീതി ബോര്‍ഡിന് മുമ്പില്‍ വന്നിരുന്നെങ്കില്‍ കാവല്‍ ഇടപെടലിന് ശേഷം അത് 100ല്‍ 3 എന്ന നിരക്കിലേക്ക് കുറഞ്ഞിട്ടുണ്ട്.

കേസുകള്‍ തീര്‍പ്പാക്കപ്പെട്ടവരില്‍ കുറച്ചു പേരെ കുടുംബത്തിന്റെ സഹകരണത്തോടെ വിദേശങ്ങളില്‍ പുനരധിവസിപ്പിക്കാനും കഴിഞ്ഞു. കേസില്‍പ്പെട്ട സാഹചര്യവും കൂട്ടുകെട്ടും മാറ്റുന്നതിന്റെ ഭാഗമായി ചിലര്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉപരി പഠനം നടത്തുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും പോലീസന്റെ സഹായവും കുട്ടികളില്‍ പരിവര്‍ത്തനം ഉണ്ടാക്കുവാന്‍ ഏറെ സഹായിക്കുതായി പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ ഇത്തരം പിന്തുണയും സഹായവും കിട്ടാത്തവരും ലഹരി മാഫിയയില്‍ അകപ്പെട്ടതുമായ കുട്ടികളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുക ശ്രമകരമാണ്. പോലീസ്, ബാലനീതി ബോര്‍ഡ്, വനിതാ ശിശു വികസന വകുപ്പ്, തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ യോജിച്ച പ്രവര്‍ത്തനം സാധ്യമാക്കുന്നതില്‍ വിജയിച്ചു എന്നതാണ് കാവലിന്റെ പ്രസക്തി.

ഇതുതന്നെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ കാവല്‍ പദ്ധതി മാതൃകയാക്കാന്‍ ശ്രമിക്കുന്നതും. കേസില്‍പ്പെടുന്ന കുട്ടികളാണ് പിന്നീട് വലിയ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലുകളില്‍ എത്തുന്നതെന്ന പതിവ് സംസാരം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വനിതാ ശിശു വികസന വകുപ്പും കാവല്‍ പ്രവര്‍ത്തകരും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോഹൻലാലിന്റെ മരക്കാർ: സാമൂതിരിയായി പ്രമുഖ നടൻ എത്തിയേക്കും

ഭൂമി ന്യായവില പുനർ നിർണയം സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി