പട്ടാമ്പി കോളെജിൽ ജനുവരി 23 മുതൽ 26 വരെ നടക്കുന്ന കവിതാ കാർണിവലിന്റെ നാലാമത് എഡിഷനെപ്പറ്റി പ്രധാന സംഘാടകനും എഴുത്തുകാരനുമായ
സന്തോഷ് ഋഷികേശ്
കേരളം-കവിത; ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകൾ എന്ന പ്രമേയത്തിൽ നടക്കുന്ന കവിതയുടെ കാർണിവൽ നാലാം സംഗമം പ്രളയാനന്തരം കേരളം വീണ്ടെടുക്കേണ്ട കവിതയെ സംബന്ധിച്ച വിചാരങ്ങൾക്കുള്ള വേദിയാണ്.
അടയാളപ്പെടുത്തപ്പെട്ട സ്ഥലങ്ങളെ സംബന്ധിച്ച വീണ്ടുവായനകളും മുഖ്യധാരാസാഹിത്യവിചാരങ്ങളിൽ മറക്കപ്പെട്ട, മറയ്ക്കപ്പെട്ട, പ്രാന്തവത്കരിച്ച ഇടങ്ങളുടെ വീണ്ടെടുപ്പുമാണ് ഈ കാർണിവൽ. ചരിത്രത്തിൽ ഒരു തിരുത്ത്.
നമ്മുടെ സാഹിത്യവിചാരങ്ങളുടെ ലോകത്ത് ഒരിക്കലും കടന്നുവരാത്ത ഒരു വിഭാഗമാണ് അംഗപരിമിതർ. പലപ്പോഴും അത്ര തെളിച്ചമില്ലാത്ത്… ചില നിഴലുകളായി അവരുടെ സാന്നിധ്യം നമ്മുടെ പല കൃതികളിലും കടന്നുവന്നിട്ടുണ്ടെങ്കിൽകൂടി അവരുടെ എഴുത്തിന്റെയും വായനയുടെയും ലോകത്തെക്കുറിച്ച് നമ്മൾ അന്ധരാണ്.
നമ്മുടെ സാഹിത്യചിന്തയിലാദ്യമായി അന്ധതാവെല്ലുവിളി നേരിടുന്നവർ അവരുടെ എഴുത്തിനെ വായനയെ കവിതയെ സംബന്ധിച്ച ഉൾക്കാഴ്ചകളെ പങ്കുവെക്കുന്ന സംവാദവേദി ഈ കാർണിവലിൽ ഒരുങ്ങുന്നു. ജനുവരി 24, 25 തീയതികളിലായി അന്ധതാവെല്ലുവിളി നേരിടുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും സമൂഹം കാർണിവലിൽ പങ്കാളിയാവുന്നു. അംഗപരിമിതരുടെ പ്രതിനിധാനം മുഖ്യധാരാസമൂഹത്തിൽ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് സംസ്ഥാന വൈസ് പ്രസിഡന്റും ഫാറൂഖ് കോളേജ് അധ്യാപകനുമായ ഡോ ഹബീബ് ജനുവരി 24 ന് ഉച്ചയ്ക്ക് 2.30 ന് പ്രഭാഷണം നടത്തുന്നു.
ഈ മേഖലയിലെ ആദ്യ ഗവേഷണ പ്രബന്ധത്തിന്റെ രചയിതാവാണ് അദ്ദേഹം. അന്ധരുടെ വായനാലോകത്തെക്കുറിച്ച് അവർ നയിക്കുന്ന സംവാദം, എഴുത്തുകാരുമായുള്ള മുഖാമുഖം, അന്ധരായ കവികളുടെ കവിതാവതരണങ്ങൾ, അന്ധരുടെ എഴുത്ത്, വായനാ ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടുദിവസത്തെ പ്രദർശനം പ്രത്യേകയിടത്ത് ഒരുക്കിയിരിക്കുന്നു.
അംഗപരിമിതർ സാഹിത്യലോകത്തവരുടെ ഇടം സ്ഥാപിച്ചെടുക്കുന്ന ഈ ചരിത്രസന്ദർഭത്തിൽ നിങ്ങളുമുണ്ടാവണം.
നമ്മുടെ എഴുത്തിന്റെ, വായനയുടെ ലോകം കൂടുതൽ ജനാധിപത്യപൂർണ്ണമാകട്ടെ, കവിത ബഹുസ്വരമാകട്ടെ. ജീവിതം കവിതയാകട്ടെ.
വീണ്ടെടുക്കുന്ന കേരളം എല്ലാവരുടേതുമാകട്ടെ…
Comments
0 comments