കേരള ബ്ലോക് ചെയിന്‍ അക്കാദമി ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ കേന്ദ്രമാകും

തിരുവനന്തപുരം: ലോകത്ത് ഒരു സര്‍ക്കാരിന്‍റെ കീഴിലുള്ള ഏക ബ്ലോക് ചെയിന്‍ സംരംഭമായ കേരള ബ്ലോക് ചെയിന്‍ അക്കാദമി (കെബിഎ) ആഗോള പങ്കാളികള്‍ക്ക് ഈ സാങ്കേതികവിദ്യയിലൂന്നിയ നൂതനാശയങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രമുഖ കേന്ദ്രമായി  മാറുമെന്ന് കാനഡയിലെ എംഎല്‍ജി ബ്ലോക് ചെയിന്‍ സിഇഒയും സ്ഥാപകനുമായ മൈക്കിള്‍ ഗോര്‍ഡ് പ്രസ്താവിച്ചു. 
 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്- കേരളയില്‍ (ഐഐഐടിഎം-കെ) നടന്ന കെബിഎ സര്‍ട്ടിഫൈഡ് ബ്ലോക്ചെയ്ന്‍ അസോസിയേറ്റ് പ്രോഗ്രാമിന്‍റെ ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആക്സിലറേറ്റഡ് ബ്ലോക്ചെയ്ന്‍ കംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 
 
അടിസ്ഥാനഘട്ടം എന്ന നിലയില്‍  ബ്ലോക്ചെയിന്‍ വ്യവസായത്തിലെ  തൊഴിലവസരങ്ങള്‍ നേടിയെടുക്കണമെന്നും ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയിലെ  ആശയങ്ങളുപയോഗിച്ച് എല്ലാ വ്യവസായങ്ങളേയും പുനഃര്‍നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
സാമൂഹ്യപരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കലാണ് ബ്ലോക്ചെയിനിന്‍റെ പ്രധാന ഭാഗം.  എല്ലാ കെബിഎ സെഷനുകളുടെയും സമാപനത്തോടനുബന്ധിച്ച് ആശയവിനിമയം നടത്തുന്നതിന് ആഗോള പങ്കാളികളെ എത്തിക്കും. തുടര്‍ന്ന് ആശയങ്ങള്‍ രൂപീകരിക്കുന്നതിനും അവ യാഥാര്‍ത്ഥ്യമാക്കുന്നതിനും ഒരു സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
എബിസിഡി പ്രോഗ്രാമിന്‍റെ ഭാഗമായുള്ള അഞ്ചു ദിവസത്തെ കോഴ്സില്‍ 23 പേരാണ് പങ്കെടുക്കുന്നത്. എല്ലാ മാസവും ഈ കോഴ്സ് നടത്തുന്നുണ്ട്.  ബ്ലോക്ചെയിന്‍ വിദ്യാഭ്യസത്തിനും പരിശീലനത്തിനുമായി കെബിഎയും എംഎല്‍ജി ബ്ലോക്ചെയ്നും സംയുക്തമായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
 
പഠനം, ടീം രൂപീകരണം, ഹാക്കത്തോണ്‍ പ്രോജക്ടുകളെ മത്സരങ്ങളിലേക്കെത്തിക്കല്‍  എന്നീ മൂന്നുഘട്ടങ്ങളാണ് ബ്ലോക്ചെയിന്‍ പരിശീലനത്തിലുള്ളത്. കെബിഎ കോഴ്സുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പങ്കെടുക്കുന്നവര്‍ക്ക് ബ്ലോക്ചെയിന്‍ മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
ആഗോളതലത്തില്‍ ബ്ലോക്ചെയിന്‍ വിപ്ലവത്തിന്‍റെ വ്യാപനം ആരംഭിച്ചിരിക്കേ  അനുകൂലമായ സാഹചര്യത്തിലൂടെ ഈ അവസരങ്ങളെ സ്വായത്തമാക്കുന്നതിനായി നമുക്ക് വളര്‍ച്ച കൈവരിക്കുന്നതിനും ആഗോള പങ്കാളികളെ ആകര്‍ഷിക്കുന്നതിനുമുള്ള അവസരമാണിതെന്ന് കെബിഎ പ്രൊഫസര്‍ (ഇന്‍ചാര്‍ജ്) ഡോ. എസ്. അഷ്റഫ് പറഞ്ഞു. സര്‍ക്കാരിന്‍റേയും ഐഐഐടിഎംകെയുടേയും സഹകരണത്തോടെ ഏഷ്യയില്‍ തന്നെ കുറഞ്ഞ ചെലവിലാണ് കെബിഎ ഈ കോഴ്സ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍ജി ബ്ലോക്ചെയിന്‍ ടെക്നോളജി ഡയറക്ടര്‍  ജെഫ് ഹൊലെക്,  മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക റീജിയണ്‍ ലീഡ് നവാസ് ഇബിന്‍ മുഹമ്മദ്, കെബിഎ കണ്‍വീനര്‍ എസ് ആദര്‍ശ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
 
ബ്ലോക്ചെയ്നിലും  അനുബന്ധ സാങ്കേതികവിദ്യകളിലുമുള്ള നൈപുണ്യത്തില്‍ കേരളത്തെ ദേശീയ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സ്റ്റേറ്റ് ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) കഴിഞ്ഞ ജൂലൈ മുതല്‍  എബിസിഡി പ്രോഗ്രാം ആവിഷ്കരിച്ചത്. 
 
എന്‍ജിനീയറിംഗ്, സയന്‍സ് ഡിപ്ലോമ-ഡിഗ്രി നേടിയവര്‍ക്കും പഠിക്കുന്നവര്‍ക്കും കോഴ്സില്‍ പങ്കെടുക്കാം. ജോലിയുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശീലനം ലഭ്യമാക്കും. മൂന്നു വര്‍ഷം കൊണ്ട് 25,000 വിദഗ്ധരെ  സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഐഐഐടിഎം-കെയിലെ ഗവേഷണ, വികസന വിഭാഗമായ കേരള ബ്ലോക്ചെയിന്‍ അക്കാദമിയാണ് പരിശീലിപ്പിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം: ശൈലജ ടീച്ചര്‍

നെല്ല് സംസ്‌കരണത്തിന് ആറ്റിങ്ങലിൽ സൗകര്യമൊരുങ്ങുന്നു