ഹാങ്ങ് ഓവർ മാറ്റാൻ ഇതേയുള്ളൂ മാർഗം 

മദ്യപാനികളിൽ മിക്കവരുടെയും  പരാതിയാണ് പിറ്റേന്നത്തെ ഹാങ്ങ് ഓവർ പ്രോബ്ലം.  ” ഇന്നത്തോടെ നിർത്തി, ഇനി കൈകൊണ്ട് തൊടില്ല ”  എന്ന് അടിച്ചു ഫിറ്റാവുന്നവർ ചുമ്മാ പറയാറുണ്ട്.  എന്നാൽ പിറ്റേന്ന് അതിരാവിലെ തന്നെ ഇക്കൂട്ടർ ഹാങ്ങ് ഓവർ മാറ്റാനായി മാത്രം  വീശിപ്പോവും.  എന്താണീ ഹാങ്ങ് ഓവർ ? വീസൽജിയ (veisalgia) എന്നാണ് ഹാങ്ങ് ഓവറിന്റെ മെഡിക്കൽ നാമം. വീശൽ അധികമായാലുള്ള പ്രശ്നമെന്നും പറയാം ! ” അമിതോപയോഗത്തെത്തുടർന്നുള്ള അസ്വസ്ഥത ” എന്നർത്ഥമുള്ള  kveis എന്ന നോർവീജിയൻ വാക്കും ” വേദന ” എന്നർത്ഥമുള്ള  algia  എന്ന ഗ്രീക്ക് വാക്കും ചേർന്നാണ് വീസൽജിയ ഉണ്ടായത്. 

കഴിക്കുന്ന മദ്യത്തിൽ 25 ശതമാനവും രക്തത്തിൽ നേരിട്ട് കലരുകയാണ് ചെയ്യുന്നത്. അവശേഷിക്കുന്നത് ചെറുകുടലിൽവച്ച് ആഗിരണം ചെയ്യപ്പെടും. മദ്യത്തിൽ ആൽക്കഹോൾ കണ്ടന്റ് കൂടുതലാണെങ്കിൽ  ആഗിരണം വളരെ വേഗത്തിൽ നടക്കും .അതിനാലാണ് മണവാട്ടിയും ആനമയക്കിയും ജവാനുമെല്ലാം ഠപ്പേന്ന് കേറി പണി തുടങ്ങുന്നതും ആൽക്കഹോൾ കണ്ടന്റ് കുറഞ്ഞ സ്മിർനോഫും മറ്റും അല്പാല്പമായി കേറിപ്പിടിക്കുന്നതും . ഭക്ഷണം കഴിക്കാതെ രണ്ടെണ്ണം വീശിയാൽ  അത് നാലെണ്ണത്തിന്റെ ഫലം  കാണിക്കും എന്നാണ്. 

ഭക്ഷണത്തിന്റെ സാന്നിധ്യം ആഗിരണത്തിന്റെ തോത് കുറയ്ക്കും. അകത്താക്കുന്ന മദ്യത്തിൽ ഭൂരിഭാഗവും കരൾ വിഘടിപ്പിക്കും. പത്ത് ഗ്രാം ആൽക്കഹോൾ ഇങ്ങനെ വിഘടിപ്പിക്കാൻ ലിവറിന് ഒരു മണിക്കൂർ സമയം വേണമെന്നാണ് കണക്ക്. രണ്ടു രീതിയിലാണ് മദ്യത്തിലെ ആൽക്കഹോളിനെ  ലിവർ കൈകാര്യം ചെയ്യുന്നത്. ആദ്യത്തേതിൽ ആൽക്കഹോൾ ഡിഹൈഡ്രോജിനേസ്  (adh ) വിഘടിച്ച് അസറ്റാൽഡിഹൈഡും ആൽഡിഹൈഡ് ഡീഹൈഡ്രോജിനേസുമായി(aldh ) മാറ്റുന്നു . അത് പിന്നീട് അസിറ്റേറ്റ് ആയി ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു.  നോർമൽ അളവിൽ മദ്യം കഴിക്കുന്നവരുടെ കാര്യമാണ് ഇപ്പറഞ്ഞത്.

മുഴുക്കുടിയന്മാരിൽ മറ്റൊരു തരത്തിലാണ് പ്രവർത്തനം. ഹാങ്ങ് ഓവറിന്റെ കാരണം കൃത്യമായി  കണ്ടെത്താനായിട്ടില്ലെങ്കിലും അസറ്റാൽഡിഹൈഡിന്റെ സാന്നിധ്യമാണ് ഹാങ്ങ് ഓവറിനുള്ള  കാരണമായി പറയപ്പെടുന്നത്. നേരത്തെ പറഞ്ഞതുപോലെ ആൽക്കഹോൾ വിഘടിച്ചാണ് അസറ്റാൽഡിഹൈഡ് ഉണ്ടാവുന്നത്. അമിതമായ അളവിൽ മദ്യം കഴിക്കുമ്പോൾ ശരീരത്തിൽ അസറ്റാൽഡിഹൈഡിന്റെ അളവും ഉയർന്നു നിൽക്കും. മനം പിരട്ടൽ, ഛർദി, അമിതമായി വിയർക്കൽ , ചർമത്തിന് ചുവന്ന നിറം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.

ശരീരത്തിലെ സൈറ്റോകീൻ തന്മാത്രകളുടെ അളവും ഹാങ്ങ് ഓവർ ലക്ഷണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ  സംവിധാനം (ഇമ്മ്യൂൺ വ്യവസ്ഥ) പുറത്തെടുക്കുന്നതാണ്  സൈറ്റോകീൻ തന്മാത്രകൾ. അമിതമായ അളവിൽ മദ്യം അകത്തുചെന്നാൽ സൈറ്റോകീൻ തന്മാത്രകളുടെ അളവും വർധിക്കും. തൽഫലമായി തലവേദന, മനം പിരട്ടൽ, ഛർദി, പേശീവേദന, മാനസികാസ്വസ്ഥത എന്നിവ അനുഭവപ്പെടും.  സ്വാഭാവിക പ്രതിരോധ സംവിധാനം ശരീരത്തിൽ പ്രവർത്തനക്ഷമമാണ് എന്നതിന്റെ  ലക്ഷണമായി അതിനെ കണ്ടാൽ മതി.

എത്ര കുടിച്ചാലും പിറ്റേന്ന് അതിന്റെ ഹാങ്ങ് ഓവർ ഒട്ടും അനുഭവപ്പെടാത്തവരുണ്ട്. അവരെയാണ് സൂക്ഷിക്കേണ്ടത്. മദ്യത്തിലെ  ആൽക്കഹോൾ കണ്ടന്റിനെ  അസറ്റാൽഡിഹൈഡായി വിഘടിപ്പിക്കാൻ സഹായിക്കുന്ന ഒരു കൂട്ടം എൻസൈമുകളുണ്ട് . അവയാണ് ആൽക്കഹോൾ ഡിഹൈഡ്രോജിനേസ് .  ചില വ്യക്തികളിൽ  ജനിതക വ്യതിയാനം കാരണം  ആൽക്കഹോൾ കണ്ടന്റിനെ അസറ്റാൽഡിഹൈഡായി മാറ്റാൻ  ഏറെ സമയം എടുക്കുന്നു. 

ഹാങ്ങ് ഓവറിന് പ്രതിവിധികൾ ഒന്നുമില്ല. മദ്യം കഴിക്കുന്നതിനിടയിൽ ധാരാളം വെള്ളം കുടിക്കുകയോ  മദ്യത്തിന് മുന്നോടിയായി നന്നായി  ഭക്ഷണം കഴിക്കുകയോ ചെയ്താൽ  ഹാങ്ങ് ഓവർ പ്രശ്നങ്ങൾ  ഒരു പരിധിവരെ കുറയ്ക്കാം. അതിനാൽ തലേന്നടിച്ച് പിമ്പിരിയായവർ വെള്ളം കുടി കൂട്ടുന്നതാണ് ( മദ്യമല്ല , ശുദ്ധമായ  ജലം തന്നെ) ഒരേയൊരു  പ്രതിവിധി. ജ്യൂസും ഉപ്പിട്ട നാരങ്ങാ വെള്ളവും കഞ്ഞിവെള്ളവും മോരും മറ്റും  ധാരാളം കഴിക്കുക. അമിത മദ്യപാനം നിർജ്ജലീകരണത്തിലേക്കു നയിക്കാം. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത്  മാത്രമാണ് പരിഹാരം. നന്നായി ഭക്ഷണം കഴിച്ചുള്ള വിശ്രമവും ഉറക്കവുമെല്ലാം  ഗുണം ചെയ്യും. പിന്നീട്  കുറെ നാളത്തേക്ക് ‘മറ്റേ വെള്ളം’ തുള്ളിപോലും തൊടാതിരിക്കുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആനന്ദ് പട് വർധന്റെ പന്ത്രണ്ട് ചോദ്യങ്ങൾ

ഇന്ത്യൻ സിനിമകൾ  പാകിസ്താനിൽ പ്രദർശിപ്പിക്കില്ല