ചിക്കൻപോക്‌സ്: ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിക്കൻപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വായു വഴിയാണ് ചിക്കൻപോക്‌സ് വൈറസ് പകരുന്നത്. അസൈക്ലോവീർ എന്ന ആന്റിവൈറൽ മരുന്ന് രോഗാരംഭം മുതൽ ഉപയോഗിക്കുന്നത് രോഗം വേഗത്തിൽ ഭേദമാകാനും രോഗതീവ്രതയും സങ്കീർണ്ണതകളും കുറയ്ക്കാനും സഹായിക്കും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടുമുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണം കാണും.

പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കൻപോക്‌സിന്റെ പ്രാരംഭ ലക്ഷണം. തുടർന്ന് ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകൾ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകൾ എല്ലാം ഒരേ സമയം അല്ല ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത് നാല് ദിവസം മുതൽ ഒരാഴ്ചയ്ക്കുള്ളിൽ കുമിളകൾ താഴ്ന്നു തുടങ്ങും.

രോഗ പ്രതിരോധശേഷി കുറവായിട്ടുള്ളവരിലും അപൂർവ്വമായി കുട്ടികളിലും മുതിർന്നവരിലും കൂടാതെ മറ്റ് രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവരിലും രോഗത്തിന്റെ സങ്കീർണ്ണതകൾ ഉണ്ടാവും.

ഗർഭിണികളിൽ ആദ്യത്തെ മൂന്നുമാസത്തെ കാലയളവിൽ രോഗം പിടിപെട്ടാൽ ഗർഭം അലസാനും ഗർഭസ്ഥ ശിശുവിനു വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകാനും സാധ്യതയുണ്ട്.

ചിക്കൻപോക്‌സ് ബാധിച്ചു കഴിഞ്ഞാൽ ശരീരത്തിൽ തുടരെയുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും. ശരീരം വൃത്തിയായി സൂക്ഷിക്കണം.

നഖങ്ങൾ വെട്ടി, കൈകൾ ആന്റി ബാക്ടീരിയൽ സോപ്പുപയോഗിച്ച് ശുചിയാക്കണം. രോഗിക്ക് കുടിക്കാൻ ധാരാളം വെള്ളം നൽകണം. ഏത് ആഹാരവും കഴിക്കാം. രോഗി വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. ചിക്കൻ പോക്‌സിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്.

ഫലപ്രദമായ ആന്റിവൈറൽ മരുന്ന് ഡോക്ടറുടെ നിർദ്ദേശാനുസരണം യഥാസമയം കഴിച്ചാൽ രോഗം പൂർണ്ണമായി ഭേദപ്പെടും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരോഗ്യ വകുപ്പിൽ ഇ-ഓഫീസ് സംവിധാനം ഫയൽ നീക്കം കാര്യക്ഷമമാക്കി: മന്ത്രി

ആധുനിക സാങ്കേതിക വിദ്യയും ഉല്പന്നങ്ങളുമായി രാജ്യാന്തര സ്പോര്‍ട്സ് എക്സ്പോ തലസ്ഥാനത്ത്