ടൂറിസത്തിന് മുതൽക്കൂട്ടായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവം; വിശദീകരണവുമായി മന്ത്രി

Kerala Boat Race League , tourism minister ,Kadakampally Surendran

തിരുവനന്തപുരം: ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ ഉല്പന്നമായി കേരള ബോട്ട് റേസ് ലീഗ് ( Kerala Boat Race League ) ജലോത്സവങ്ങൾ മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഐ പി എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് മത്സരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ടൂറിസം മേഖലയിൽ ഈ സർക്കാരിന്റെ ഭരണകാലയളവിൽ ലക്ഷ്യമിടുന്ന വളർച്ച യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ചടുലമായ നടപടികളുമായി സർക്കാരും ടൂറിസം വകുപ്പും മുന്നോട്ട് പോവുകയാണെന്നും അത് മുൻനിർത്തിയാണ് സർക്കാർ കഴിഞ്ഞ വർഷം ടൂറിസം നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ശ്രദ്ധേയമായ പുതിയ ടൂറിസം ഉൽപ്പന്നങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിൽ വളരെ സജീവമായാണ് ഈ സർക്കാർ ഇടപെടുന്നതെന്നും മലബാർ ടൂറിസം വികസനം ലക്ഷ്യമാക്കിയുള്ള 325 കോടി രൂപയുടെ പ്രൊജക്റ്റ് യാഥാർഥ്യമാവുന്നതായും മന്ത്രി വെളിപ്പെടുത്തി.

കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ പരീക്ഷണമായ 100 കോടി രൂപയുടെ പി പി പി പദ്ധതിയായ ജടായു ടൂറിസം പദ്ധതിയും യാഥാർഥ്യമാവുകയാണെന്നും ഇതിന്റെ തുടർച്ചയായാണ്‌ വിവിധ വള്ളംകളികൾ ലീഗടിസ്ഥാനത്തിൽ സംഘടിപ്പിച്ചു കൊണ്ട് ടൂറിസം സീസന്റെ വിവിധ സന്ദർഭങ്ങളിലായി എത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ക്രമീകരണം വരുത്താൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

ഐ പി എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശം വർധിപ്പിക്കുമെന്നും ഐ പി എൽ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോൾ ഇന്നേവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറുമെന്നും വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങൾക്ക് ഉണ്ടാകുന്ന തരത്തിൽ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എക്സ്-ഒഫിഷ്യോ ചെയർമാനുമായ കമ്മിറ്റി നേതൃത്വം നൽകും.

വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം എൽ എ മാർ സംസ്ഥാന തല കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റിയിൽ ജലോത്സവ സംഘാടന പരിചയമുള്ള വിദഗ്ദ്ധരുമുണ്ടാകും. വള്ളം കളി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പതിമൂന്നു കേന്ദ്രങ്ങളിലും സ്ഥലം എം എൽ എ ചെയർമാനായി ബോട്ട് റേസ് ലീഗ് സബ് കമ്മിറ്റികൾ രൂപീകരിക്കും.

വള്ളംകളി ലീഗ് നടക്കുന്ന ഓരോ സ്ഥലത്തും മത്സരത്തിന് മുൻപായി പ്രാദേശികമായി പ്രദർശന വള്ളംകളിയും അതോടൊപ്പം സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ഇതിന് പ്രാദേശിക സമിതികളുടെ സഹകരണം ഉറപ്പാക്കും. ലീഗ് മത്സരങ്ങൾക്ക് പൊതുവായ ഒരു സ്‌പോൺസറെ കണ്ടെത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

തത്സമയ സംപ്രേഷണത്തിനായി ദൃശ്യമാധ്യമങ്ങളുടെ സഹകരണം തേടും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ അടക്കം ആകർഷിക്കുന്ന വിധത്തിൽ വിപുലമായി അന്താരാഷ്ട്ര-ദേശീയ തലങ്ങളിൽ ടൂറിസം വകുപ്പ് പ്രചരണം നടത്തും. വിനോദ സഞ്ചാരികൾക്ക് വള്ളം കളി ആസ്വദിക്കുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം കലണ്ടറിൽ ലീഗ് വള്ളം കളികൾ ഉൾപ്പെടുത്തും .

ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങൾ ഒഴിച്ചുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലമേളകളെല്ലാം ഉൾപ്പെടുത്തിയ കേരള ബോട്ട് റേസ് ലീഗ് സംസ്ഥാനത്തെ കായിക രംഗത്തും, ടൂറിസം രംഗത്തും ഒരേപോലെ നാഴിക കല്ലായി മാറുമെന്നും മന്ത്രി വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കില്ല. പരമാവധി ശനിയാഴ്ചകളിൽ ലീഗ് മത്സരം സംഘടിപ്പിക്കാവുന്ന തരത്തിലാണ് ക്രമീകരണം നടത്തുക.

2018 ആഗസ്റ്റ് 11 മുതൽ നവമ്പർ 1 വരെ നീണ്ടു നിൽക്കുന്നതാണ് കേരള ബോട്ട് റേസ് ലീഗ്. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി യോഗ്യതാ മത്സരമായി കണക്കാക്കി 20 ചുണ്ടൻ വള്ളങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 9 ചുണ്ടൻവള്ളങ്ങളെയാണ് തുടർന്നുള്ള ലീഗ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുക.

ആലപ്പുഴയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളത്തെ പിറവം, പൂത്തോട്ട, തൃശൂരിലെ കോട്ടപ്പുറം, കോട്ടയത്തെ താഴത്തങ്ങാടി, കൊല്ലത്തെ കല്ലട, കൊല്ലം തുടങ്ങിയവയാണ് ലീഗ് മത്സര വേദികൾ. മത്സരങ്ങളിൽ യോഗ്യത നേടുന്ന വള്ളങ്ങളെല്ലാം ഹീറ്റ്സ് മുതല്‍ പങ്കെടുക്കേണ്ടതാണ്.

തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്ന നിബന്ധന പാലിക്കാത്തവരെ അയോഗ്യരാക്കും. നവംബര്‍ 1 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയാണ് കേരള ബോട്ട് റേസ് ലീഗിന് കൊടിയിറങ്ങുക.

ജല മഹോത്സവങ്ങളായി മാറുന്ന ഓരോ പ്രദേശത്തെയും ലീഗ് മത്സരങ്ങൾ നാട്ടിലെ വള്ളം കളി ടീമുകൾക്ക് വലിയ പ്രചോദനമാകും. ടീമുകൾക്ക് സ്‌പോൺസർഷിപ്പ് ഉണ്ടാകുന്നതിനുള്ള സാധ്യതയും തേടാനാകും. പ്രൊഫഷണൽ സ്വഭാവമുള്ള ടീമുകളുടെ രൂപീകരണത്തിന് വഴി തെളിക്കുന്ന ബോട്ട് റേസ് ലീഗ് വള്ളംകളി ടീമംഗങ്ങൾക്ക് സാമൂഹ്യ അംഗീകാരവും സാമ്പത്തിക പിൻബലവും നൽകുന്നതിന് അവസരമൊരുക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.

ലീഗിൽ യോഗ്യത നേടുന്ന മുഴുവൻ ടീമുകൾക്കും ഓരോ വേദിക്കും ബോണസ്സായി നാല് ലക്ഷം രൂപ വീതമാണ് നൽകുക. ഓരോ ലീഗ് മത്സരത്തിലും ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും.

എല്ലാ മത്സരങ്ങൾക്കും 1, 2, 3 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് പോയിന്റ് നൽകി അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 5 പോയിന്റും , രണ്ടാം സ്ഥാനത്തിന് 3 പോയിന്റും , മൂന്നാം സ്ഥാനത്തിന് 1 പോയിന്റും എന്ന രീതിയിലാണ് പോയിന്റ് നില കണക്കാക്കുക. കേരള ബോട്ട് റേസ് ലീഗ് കിരീടം നേടുന്നവർക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നൽകുകയെന്ന് മന്ത്രി അറിയിച്ചു.

ആഗസ്ററ് 11 ന് ആരംഭിച്ച് നവംബർ 1 വരെയുള്ള ശനിയാഴ്ചകളിലാവും ഇത് നടക്കുക. ഏതെങ്കിലും പരമ്പരാഗത ജലോത്സവം ശനിയാഴ്ചകളിൽ നടക്കുന്നുണ്ടെങ്കിൽ ആ ജലോത്സവങ്ങളുടെ പ്രാധാന്യം നഷ്ടമാവാതിരിക്കാൻ ദിവസത്തിൽ ചെറിയ വ്യത്യാസം വരുത്തും.

ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ടൂറിസ്റ്റുകളിൽ മഹാ ഭൂരിപക്ഷവും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നത്. അവർക്കെല്ലാം ഒരു കാഴ്ചവിരുന്നൊരുക്കുന്ന മഹാ ഉത്സവമായിരിക്കും ശനിയാഴ്ച്ചകളിൽ നടക്കുന്ന കേരള ബോട്ട് റേസ് ലീഗെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പ്രാദേശികമായ ജലോത്സവങ്ങൾക്ക് യാതൊരു വിധത്തിലുള്ള കോട്ടവും വരുന്നില്ലെന്നും ഒരു ജലോത്സവത്തിന്റെയും പ്രാധാന്യം കുറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

75 ശതമാനം തുഴച്ചിൽകാരും കേരളീയരായിരിക്കണം എന്ന നിബന്ധന വച്ചത് മലയാളിത്തം പൂർണമായും നഷ്ടപ്പെടുന്ന തരത്തിൽ ജലോത്സവം മാറാതിരിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.

കേരള ബോട്ട് റേസ് ലീഗ് എന്നത് താൽക്കാലികമായി നൽകുന്ന പേരാണെന്നും വളരെ ആകർഷണീയമായ ഒരു പേരും ലോഗോയും പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനായി മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മത്സരം തന്നെ നടത്തുന്നതാണ്.

ഓണവും വള്ളംകളിയും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഓണ സമയത്താണ് കൂടുതലായി വള്ളംകളികൾ ഉണ്ടാകുന്നത്. പക്ഷെ ഇതെല്ലം പ്രാദേശികമായ ക്ലബ്ബുകളാണ് സംഘടിപ്പിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ലീഗ് മാതൃകയിൽ വരുമ്പോൾ ഓരോ വള്ളം കളിക്കുമുള്ള പ്രാധാന്യം വർധിക്കുകയാണ്.

നാലു മാസങ്ങളിൽ പുതിയൊരു ടൂറിസം പ്രൊഡക്ട് ലഭിക്കുമെന്നും നമ്മുടെ സീസൺ ആരംഭിക്കുന്നത് ഒക്ടോബറിലാണെന്നും അല്ലാത്തപ്പോൾ കേരളത്തിൽ എത്തുന്നവർക്ക് ഒരു വള്ളം കളി കാണാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ലെന്നും മന്ത്രി വെളിപ്പെടുത്തി.

ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലേക്കായി സ്ഥിരമായ ഒരു ടൂറിസം പ്രോഡക്റ്റ് കൊണ്ടുവരികയാണെന്നും 13 ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഒരു വലിയ ടൂറിസ്റ്റ് ആകർഷണമായി അത് മാറുമെന്നും ടൂറിസം ഡയറക്ടർ ബാലകിരൺ ഐ എ എസ് പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

കാലവർഷക്കെടുതി: ആറ് ജില്ലകളിൽ റെഡ് അലേർട്ട്; റോഡിൽ താരമായി ആനവണ്ടി

യു എസ് ടി ഗ്ലോബൽ സ്ഥാപനമായ എക്സ്പാൻഷൻ വികസന പാതയിൽ