മുഖ്യമന്ത്രി എത്തി; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം

ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് സർക്കാരെന്നും പ്രളയ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകർന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശിച്ചു.

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ രാവിലെ എട്ടിന് പുറപ്പെട്ട മുഖ്യമന്ത്രി ആദ്യം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലിറങ്ങി. ക്യാമ്പിലേക്ക് പോകുന്നതിനായി തയ്യാറാക്കിയ വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികൾക്കുമൊപ്പം നടന്നാണ് കോളജ് ഹാളിലെ ക്യാമ്പിലെത്തിയത്.

ഭക്ഷണവും താമസവും ശരിയല്ലേയെന്നും വീടുകൾ നഷ്ടമായവർക്ക് എല്ലാം വീണ്ടെടുത്തു നല്കുമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അവിടെ കഴിയുന്നവരുടെ അടുത്തേക്ക് ചെന്നത്. ഭക്ഷണവും താമസവും സുഭിക്ഷമാണെന്നും തിരിച്ചു ചെല്ലുമ്പോൾ വീട് അവിടെയില്ലെന്ന ദു:ഖം മാത്രമാണുള്ളതെന്നും ക്യാമ്പിൽ കഴിയുന്ന ചില സ്ത്രീകൾ മുഖ്യമന്ത്രിയോടു പറഞ്ഞു.

വീടുകൾ ശരിയാക്കി നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. മത്‌സ്യത്തൊഴിലാളികളോടും മറ്റു രക്ഷാപ്രവർത്തകരോടുമുള്ള കടപ്പാട് പറഞ്ഞാൽ തീരുന്നതല്ലെന്ന് ക്യാമ്പിലുള്ളവർ അറിയിച്ചു.

ഇവിടെ നിന്ന് കോഴഞ്ചേരിയിലേക്ക് ആകാശമാർഗം തിരിച്ച മുഖ്യമന്ത്രി സെന്റ്‌തോമസ് കോളേജ് മൈതാനത്ത് ഇറങ്ങിയ ശേഷം തെക്കേമലയിലെ എം.ജി. എം ഓഡിറ്റോറിയത്തിലെത്തി.

സൗകര്യങ്ങളെക്കുറിച്ച് മുഖ്യന്ത്രി ക്യാമ്പിൽ കഴിയുന്നവരോട് ചോദിച്ചറിഞ്ഞു. ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അവർ അറിയിച്ചു. വീട്ടിലേക്ക് മടങ്ങുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ചാണ് മിക്കവരും വിഷമം പറഞ്ഞത്. എല്ലാവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരിയാണെന്ന് അദ്ദേഹം അവരെ അറിയിച്ചു. മന്ത്രി മാത്യു ടി. തോമസ്, എം. എൽ. എമാരായ വീണ ജോർജ്, രാജു എബ്രഹാം, ജില്ലാ കളക്ടർ പി. ബി. നൂഹ് എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് ഹെലികോപ്റ്ററിൽ ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ ഇറങ്ങിയ ശേഷം ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർസെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലെത്തി. തകർന്ന വീടുകൾ പുനർനിർമിക്കുമെന്നും ചെളിയും മാലിന്യവും നിറഞ്ഞ വീടുകൾ വൃത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ക്യാമ്പിൽ കഴിയുന്നവരെ അറിയിച്ചു. രേഖകൾ നഷ്ടപ്പെട്ട വിഷമം ചിലർ പങ്കുവച്ചു.

ഇവ ലഭിക്കുന്നതിന് സർക്കാർ വേണ്ടതു ചെയ്യുമെന്നും ആരും ആശങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒരു കുടുംബം പോലെ കഴിയണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ സർക്കാർ ആദരിക്കുമെന്നും അറിയിച്ചു.

മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി. എം. തോമസ് ഐസക്ക്, പി. തിലോത്തമൻ, ജില്ലാ കളക്ടർ സുഹാസ് എന്നിവർ സന്നിഹിതരായിരുന്നു. പിന്നീട് നോർത്ത് പറവൂർ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ എത്തിയ അദ്ദേഹം ഗ്രിഗോറിയോസ് സ്്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ഇവിടെയുള്ളവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, വി. ഡി. സതീശൻ എം. എൽ. എ എന്നിവർ ക്യാമ്പിലെത്തിയിരുന്നു. പറവൂരിൽ നിന്ന് ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മുഖ്യമന്ത്രിയെത്തിയത്.

പ്രളയക്കെടുതിയിൽ വീട് പൂർണമായും തകർന്ന് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അവരുടെ വീടുകൾ പൂർവസ്ഥിതിയിലാകുന്നതു വരെ പ്രത്യേക സൗകര്യമൊരുക്കി ക്യാമ്പുകളിൽ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഇവർക്ക് പൂർണ പരിരക്ഷ നൽകും.

ഓരോ ക്യാംപുകളും സന്ദർശിക്കുമ്പോൾ തന്നെ അന്തേവാസികളോടുള്ള സർക്കാരിന്റെ അടുപ്പത്തിന് കൂടുതൽ അർത്ഥം ഉണ്ടാവുകയാണ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഈ പ്രളയത്തെ നമ്മൾ നേരിട്ടത് ഒരേ മനസോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പിലുള്ള പ്രായമായവരും സ്ത്രീകളും തങ്ങളുടെ മഴക്കെടുതി ദുരിതങ്ങൾ മുഖ്യമന്ത്രിയോട് പങ്കുവെച്ചു. സർക്കാർ ഒപ്പമുണ്ടെന്നും ഇനിയും മുന്നേറാനുണ്ടെന്നും മുഖ്യമന്ത്രി അവരോടു പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഇന്നസെന്റ് എം.പി, ബി. ഡി. ദേവസി എം. എൽ. എ എന്നിവർ സന്നിഹിതരായിരുന്നു.

റവന്യു മന്ത്രി. ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരത്തിന്റെ യുവജനം രചിക്കുന്നു, സഹായത്തിന്റെയും മനുഷ്യത്വത്തിന്റെയും പുതുചരിത്രം

ശുചീകരണ പ്രവർത്തനങ്ങളിൽ മാതൃകയായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ