ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച് കൊണ്ടു വരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച് കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിനായി നല്ല ബോധവത്ക്കരണം ഉണ്ടാകേണ്ടതുണ്ട്. പൊതുജനങ്ങള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്ന് വില്‍പ്പനശാലകള്‍ എന്നിവരെ പങ്കാളികളാക്കിക്കൊണ്ടു വേണം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ മരുന്ന് നല്‍കൂ എന്ന നിലപാട് മരുന്ന് ശാലകളും ഏറ്റെടുക്കണം.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. ഇതില്‍ നിന്നും മാറി സഞ്ചരിക്കുന്നുണ്ടോയെന്നറിയാന്‍ പ്രത്യേക ജാഗ്രതാ സംവിധാനവും ഉണ്ടാകേണ്ടതാണ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഈ കര്‍മ്മ പദ്ധതി രാജ്യത്തിനാകെ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan – KARSAP) മാസ്‌കറ്റ് ഹോട്ടലില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആന്റി ബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതു മൂലമുള്ള ആപത്തുകള്‍ ഒഴിവാക്കാനും നേരിടാനുമാണ് ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ആദ്യ കര്‍മ്മ പദ്ധതി കൂടിയാണിത്.

ആന്റിബയോട്ടിക്കുകള്‍ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. പക്ഷെ ഇതിന്റെ അമിതമായ ഉപയോഗം ഒട്ടേറെ അത്യാപത്തുകളാണ് ഉണ്ടാക്കുന്നത്. കേരളത്തെ സംബന്ധിച്ചടുത്തോളം ഇത് ഏറ്റവും അഭിമാനകരമായ നിമിഷമാണ്. ഓരോ വ്യക്തിയും ഡോക്ടര്‍മാരായി മാറുന്നതാണ് പലപ്പോഴും ഉണ്ടാകുന്ന പ്രശ്‌നം.

എവിടെ നിന്നെങ്കിലും മനസിലാക്കി വച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ഓരോരുത്തരും ചില അസുഖങ്ങള്‍ക്ക് സ്വമേധയ മരുന്നുകള്‍ കഴിക്കുന്നു. ഇതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ക്രമ രഹിതവും അമിതവുമായ മരുന്നുപയോഗത്തിന്റെ ഫലമായി പിന്നെ മരുന്നുകളേ കഴിക്കാന്‍ പറ്റാത്ത അവസ്ഥ ചിലര്‍ക്ക് ഉണ്ടാകുന്നു. അത്തരം ആളുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് സൂചന. ഈ തിരിച്ചറിവാണ് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിനെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളം മറ്റൊരു നാഴികക്കല്ലാണ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന നിമിഷമാണ്.

ഈ കര്‍മ്മ പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം ഘട്ടത്തില്‍ വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എങ്കിലും ആരോഗ്യ വകുപ്പിലെ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

നിപയേയും പ്രളയാനന്തര പകര്‍ച്ചവ്യാധികളേയും വിജയകരമായി പ്രതിരോധിച്ച ആത്മ വിശ്വാസം ആരോഗ്യ വകുപ്പിനുണ്ട്. അതേ ഊര്‍ജത്തോടെ തന്നെ ഈ കര്‍മ്മ പദ്ധതിയും സാക്ഷാത്ക്കരിക്കുന്നതാണ്. സംസ്ഥാനത്ത് വളരെ വലിയ തോതിലാണ് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്. 20,000 കോടിയോളം മരുന്നുകളാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. അതില്‍ 20 ശതമാനവും ആന്റിബയോട്ടിക്കുകളാണെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

ആന്റിബയോട്ടിക്കുകള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്ന് കമ്പനികള്‍ എന്നിവ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം ആവശ്യമാണ്. എല്ലാ വിഭാഗങ്ങളേയും യോജിപ്പിച്ച് വണ്‍ ഹെല്‍ത്ത് പ്രോഗ്രാമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. രോഗ പ്രതിരോധത്തിനും മറ്റുമായി ആയുഷ് വകുപ്പിനെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ഡബ്ലിയു.ആര്‍. ഇന്ത്യ പ്രതിനിധി ഡോ. ഹെങ്ക് ബേക്ഡം, ഡബ്ലിയു.എച്ച്.ഒ. പ്രതിനിധി ഡോ. അനൂജ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നമ്പര്‍ പ്ലേറ്റുകളിൽ അലങ്കാരം വേണ്ടെന്ന് കേരള പോലീസ്

കോഴിക്കോട് സൺ ഡൗൺ ബസാറിന് അരങ്ങൊരുങ്ങി