in ,

മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരം 

ബാൾട്ടിമോർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ശ്യാംസുന്ദര്‍ കൊട്ടിലില്‍ എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജയും സ്വീകരണത്തിന് നന്ദി പറഞ്ഞു. അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും കൈരളി ടിവിയുടെ യു.എസ് പ്രതിനിധി ജോസ് കാടാപുറവും ചടങ്ങില്‍ സംബന്ധിച്ചു.

പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമെന്ന് സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥാപിതമാകുന്ന അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ സഹകരിക്കാന്‍ കഴിയും. ഐ.എച്ച്.വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മുന്നേറണമെങ്കില്‍ ആരോഗ്യമുളള ജനത എന്ന അടിത്തറ വേണം. ആയുര്‍വേദത്തിന്റെ നാടായ കേരളത്തില്‍ അന്താരാഷ്ട്ര ആയുര്‍വേദഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ പച്ചമരുന്നുകളിലെ രോഗം സുഖപ്പെടുത്തുന്ന രാസഘടകങ്ങള്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്. അതു സാധിച്ചാല്‍ ശാസ്ത്രീയമായി വലിയ തോതില്‍ മരുന്നുകള്‍ ഉല്പാദിപ്പിക്കാനും ലഭ്യമാക്കാനും സാധിക്കും. നിര്‍ദിഷ്ട ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് ഈ ദിശയില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയും.

സാമൂഹ്യ വികസന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന് പ്രധാന കാരണം നമ്മുടെ സാര്‍വത്രികമായ പൊതുജനാരോഗ്യ സംവിധാനങ്ങളാണ്. മിക്കവാറും സൗജന്യമായി ചികിത്സ നല്‍കാന്‍ കേരള ത്തിന് കഴിയുന്നു. ആരോഗ്യരംഗത്തെ സൂചികകളില്‍ കേരളം വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. ഇന്ത്യയില്‍ ഏറ്റവും മുന്നിലും. മുഴുവന്‍ നവജാതശിശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുന്ന പരിപാടി ഏതാനും ദശാബ്ദം മുമ്പ് കേരളം നടപ്പാക്കിയിരുന്നു. അതോടൊപ്പം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീകൃതമായ പോഷകാഹാരവും ലഭ്യമാക്കി. ഇതിന്റെ പ്രയോജനം സമൂഹത്തില്‍ പ്രകടമാണ്, അദ്ദേഹം പറഞ്ഞു.

ആയുര്‍ദൈര്‍ഘ്യവും മാറിയ ഭക്ഷണ രീതികളും കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ‘ആര്‍ദ്രം’ മിഷനിലൂടെ ഈ വെല്ലുവിളി നേരിടാന്‍ കേരളം തയ്യാറെടുക്കുകയാണ്. രണ്ടാമത്തെ രോഗിയില്‍ നിന്ന് തന്നെ നിപ വൈറസ് സ്ഥിരീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ആദ്യം രോഗം ബാധിച്ച് മരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തി നിരീക്ഷണവലയത്തില്‍ കൊണ്ടു വന്നു. രോഗലക്ഷണങ്ങള്‍ കണ്ട മുഴുവന്‍ പേരെയും ഒറ്റപ്പെടുത്തി പ്രത്യേകം നിരീക്ഷിച്ചു.

നിപ സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ജാഗ്രതയിലായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ടായിരത്തിലധികം പേരെ നിരീക്ഷണത്തില്‍ കൊണ്ടു വന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിത്യേന അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ജാഗ്രതയോടെയും കൂട്ടായുമുളള ഈ പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ സ്വീകരണം. 1996-ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ബഹുമുഖമായ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഹ്യൂമന്‍ വൈറോളജിയില്‍ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തന കേന്ദ്രമാണ് ബാൽടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി.

ബാൾട്ടിമോർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി യിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മറുപടി പ്രസംഗത്തിനായി താഴെ കാണുന്ന വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക:

VIDEO:    VID-20180707-WA0028

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൗര പദ്ധതിയില്‍ 200 മെഗാവാട്ട് സൌരോര്‍ജ്ജ ഉല്‍പ്പാദനത്തിനായി ടെണ്ടര്‍ നടപടികള്‍ 

കൊച്ചി- മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു കോടി രൂപ