in , ,

ഇലക്‌ട്രോണിക്‌സ് ഉല്‍പാദനത്തില്‍ കുതിപ്പിനൊരുങ്ങി കേരളം

തിരുവനന്തപുരം: സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ടപ് മേഖലയില്‍ കൈവരിച്ച  മുന്നേറ്റത്തിനു സമാനമായി ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ മേഖലയിലും വമ്പിച്ച ഉല്പാദനം  ലക്ഷ്യമിട്ട് കേരളം ഊര്‍ജിത നടപടികളിലേയ്ക്ക്. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലൂന്നി ഹാര്‍ഡ്‌വെയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതും ഇലക്‌ട്രോണിക് ഉല്പാദന ക്ലസ്റ്ററുള്‍ക്ക് [ Electronics Hub ] സാമ്പത്തികസഹായം നല്‍കുന്നതും ലക്ഷ്യമാക്കി ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ മിഷന്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. 

കേരളത്തില്‍ ഹാര്‍ഡ്‌വെയര്‍ ഉല്പാദനത്തിനുള്ള മാര്‍ഗരേഖ എന്ന പേരില്‍ ഹാര്‍ഡ്‌വെയര്‍ മിഷന്‍ തയാറാക്കിയ ഈ  നയരേഖ  മിഷന്‍ ഡയറക്ടര്‍ ഡോ.സി.ജയശങ്കര്‍ പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഐടി സെക്രട്ടറി എം.ശിവശങ്കര്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു. സംസ്ഥാനത്ത് ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ രൂപകല്പനയ്ക്കും ഉല്പാദനത്തിനു(ഇഎസ്ഡിഎം)മുള്ള സാധ്യതകള്‍, വെല്ലുവിളികള്‍, മാര്‍ഗങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ഐടി നയത്തിന്റെയും ഇഎസ്ഡിഎം നയത്തിന്റെയും തുടര്‍ച്ചയായാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍ നിര്‍മാണമേഖലയിലെ നിക്ഷേപത്തില്‍ കേരളത്തെ നേതൃസംസ്ഥാനമാക്കി മാറ്റുക,  ഇലക്‌ട്രോണിക്‌സ് ഡിസൈന്‍, എംബഡഡ് സോഫ്റ്റ് വെയര്‍ രംഗങ്ങളില്‍ നേതൃസ്ഥാനത്തെത്തിക്കുക,  ഈ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും യഥേഷ്ടം കടന്നുവരാന്‍ അവസരമൊരുക്കുക, ഹാര്‍ഡ്‌വെയര്‍ നിര്‍മാണമേഖലയില്‍ മികച്ച നിലവാരമുള്ള അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുക,  അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നൈപുണ്യവികസനം നല്‍കുക എന്നിവ പുതിയ മാര്‍ഗരേഖ വിഭാവനം ചെയ്യുന്നു. 

സ്റ്റാര്‍ട്ടപ്  അനുകൂല സാഹചര്യം, മെച്ചപ്പെട്ട മനുഷ്യവിഭവശേഷി, ഉയര്‍ന്ന ഉപഭോഗം, മികച്ച നയരൂപീകരണം എന്നിവയ്‌ക്കൊപ്പം ഇലക്‌ട്രോണിക്‌സ്, അനുബന്ധ ഹാര്‍ഡ്‌വെയര്‍ നിര്‍മാണമേഖലയെ  മികവിലേത്തിക്കാന്‍ ലക്ഷ്യമിടുന്ന ശക്തമായ ഈ മാര്‍ഗരേഖ കേരളത്തിന് ഈ രംഗത്ത് കരുത്താകുമെന്നു ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. 

ഈ രംഗത്ത് കഴിവും അനുഭവസമ്പത്തും ഏറെയുള്ള മലയാളികളുടെ നീണ്ട നിരയും പ്രസ്തുത മേഖലയുടെ വികസനത്തിന് എല്ലാ സഹായങ്ങളും നല്‍കാനുള്ള അവരുടെ സന്നദ്ധതയും കേരളത്തിന് മുതല്‍ക്കൂട്ടാണ്. ലക്ഷ്യത്തിലേക്ക് ആദ്യ നീക്കം നടത്തുന്നതിന്റെ പ്രയോജനം ലഭിക്കാനും രാജ്യത്തെ മറ്റ് കേന്ദ്രങ്ങളില്‍നിന്നുള്ള മല്‍സരങ്ങളെ അതിജീവിക്കുന്നതിനും നമ്മുടെ നീക്കങ്ങള്‍ക്ക് കൂടുതല്‍ വേഗം കൈവരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ചിതറിക്കിടക്കുന്ന ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍ കമ്പനികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ നേരിടുന്ന പ്രതിസന്ധികള്‍ തിരിച്ചറിയുകയും അവയുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പദ്ധതികള്‍ വിഭാവനം ചെയ്യുകയുമായിരുന്നു  ഹാര്‍ഡ്‌വെയര്‍ മിഷനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി ചോദ്യോത്തരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേ, ശില്‍പശാലകള്‍, വിപണി വിദഗ്ധരില്‍നിന്നുള്ള അഭിപ്രായശേഖരണം എന്നിവ  നടത്തി പ്രശ്‌നമേഖലകളും സാധ്യതാമേഖലകളും കണ്ടെത്തുകയായിരുന്നു.   

electronics1സംസ്ഥാനത്ത് ഇഎസ്ഡിഎം മേഖലയിലുള്ള പ്രമുഖരെ കണ്ടെത്തുകയും ഇലക്‌ട്രോണിക്‌സ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുടെ പട്ടിക തയാറാക്കുകയും അതനുസരിച്ച് അടിസ്ഥാനശേഷി  വികസിപ്പിക്കുകയുമായിരുന്നു പഠനത്തിന്റെ ലക്ഷ്യമെന്ന് ഡോ.ജയശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 

പ്രാദേശിക ഉല്പാദകരില്‍നിന്ന് നാട്ടിലെ പദ്ധതികള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ വാങ്ങുന്നില്ലെന്നത് ഏറ്റവും വലിയ ആശങ്കയായി പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘കേരളം ആദ്യം’എന്ന പരിഗണനയാണ് വേണ്ടത്. എന്‍എബിഎല്‍ ലാബ് പോലെ സര്‍ട്ടിഫിക്കേഷന്‍, ടെസ്റ്റിംഗ് എന്നിവയ്ക്ക് ആവശ്യമായ സംവിധാനങ്ങളില്ലാത്തതും പ്രശ്‌നമാണ്. നയങ്ങളും നടപ്പാക്കലും തമ്മിലുള്ള വിടവ് വലിയ പോരായ്മായായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ ലഭ്യമായ സേവനങ്ങള്‍ എന്തൊക്കെയാണെന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. 

പഠനവിധേയമാക്കിയ കമ്പനികളില്‍ 25 ശതമാനവും കൂടുതല്‍ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടിരുന്നു. 22 ശതമാനത്തിനു വേണ്ടിയിരുന്നത് നൂതനത്വവും ഗവേഷണ-വികസന മേഖലയിലെ പിന്തുണയുമാണ്. 20 ശതമാനം കമ്പനികള്‍ തങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനത്തിന് സര്‍ക്കാര്‍ ഉത്തരവ് വേണമെന്ന ആവശ്യം ഉന്നയിച്ചു. പ്രാദേശികമായ ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആനൂകൂല്യങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു 20 ശതമാനം കമ്പനികളുടെ ആവശ്യം. 

ഉയര്‍ന്ന വേതനവ്യവസ്ഥയും തൊഴില്‍ സംബന്ധമായ ചെലവുകളുമുണ്ടെങ്കിലം നൈപുണ്യമുള്ള  മനുഷ്യശേഷിയും മികച്ച സാമൂഹിക, രാഷ്ട്രീയ അവബോധവും പ്രത്യേക ഉല്പന്ന മേഖലകള്‍ക്ക് ഗുണകരമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുടക്കത്തില്‍ സര്‍ക്കാര്‍ മേഖലയിലെ പദ്ധതികളില്‍ വിപണന സാധ്യത സൃഷ്ടിച്ചാല്‍ സുസ്ഥിരത കൈവരിക്കാനാകുമെന്ന് നയരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എഫ്‌സിഐ ഒഇഎന്‍, വിഗാര്‍ഡ് തുടങ്ങിയ കമ്പനികളുടെ വിജയം കണക്കിലെടുത്ത് കേരളത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ജപ്പാന്‍, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍, സെര്‍വര്‍ ഉല്പാദനത്തിനായി ഇന്റലുമായി ധാരണാപത്രം ഒപ്പിടുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും നയരേഖയില്‍ വ്യക്തമാക്കുന്നു. പരിശോധനകള്‍ക്കും സാധൂകരണത്തിനുമുള്ള സംവിധാനം സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി സഹകരിക്കാന്‍ യുഎസ്ടി ഗ്ലോബല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 

കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡിനെ വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ഉല്പാദനത്തിലേയ്ക്ക് മാറ്റുക, ഇന്‍ഫര്‍മേഷന്‍-കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇല്ക്‌ട്രോണിക്‌സ് ഉല്പാദനത്തിലെ മികവ് വീണ്ടെടുക്കുന്നതിന് കെല്‍ട്രോണിനെ സജ്ജമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Idukki Perinchamkutti, tribal people, CM, meeting

പെരിഞ്ചാംകുട്ടി: ആദിവാസികളെ പുന:രധിവസിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം ജില്ലയില്‍ എച്ച്.ഐ.വി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു