എല്ലാ ചികിത്സാ രീതികളും ഒരു കുടക്കീഴില്‍ കൊണ്ടു വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ചികിത്സാ രീതികളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഇതിലൂടെ രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയും. ചില വിദേശരാജ്യങ്ങളില്‍ അലോപ്പതിയും പരമ്പരാഗത ചികിത്സാ രീതിയും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാതൃകയാണ് സംസ്ഥാനം മാതൃകയാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആയുഷ് ചികിത്സാ രീതിക്ക് പ്രത്യേകം പ്രോത്സാഹനം ആവശ്യമാണ്. 

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളില്‍ ഏറെയും പരമ്പരാഗത ചികിത്സ തേടിയെത്തുന്നവരാണ്. അതിനാല്‍ ഈ രംഗത്ത് നിലവാരം ഉറപ്പുവരുത്തി അവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ല. 

സേവന മേഖലകളെ സ്വകാര്യ വത്കരിക്കാന്‍ നീക്കം നടത്തുന്നകാലത്താണ് കേരളം ആരോഗ്യ രംഗത്ത് ജനകീയ ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ആയുഷ് ചികിത്സാ രംഗത്തെ നൂതന ആശയങ്ങള്‍ നടപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശിയ തലത്തില്‍ അംഗീകാരം നേടിയ കേരളം രോഗീ സൗഹൃദ ആശുപത്രികള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രോഗ നിയന്ത്രണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പരമ്പരാഗത ചികിത്സാ രംഗത്തെ നഷ്ടപ്പെട്ട അറിവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെട്ടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യങ്ങളെ സംരക്ഷണം ഉറപ്പുവരുത്തണം. 

വീടുകളിലും ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  കമ്പനികളിലും മറ്റും ഔഷധത്തോളം നിര്‍മ്മിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കണമെന്നും മുഖ്യന്ത്രി അഭിപ്രായപ്പെട്ടു. ഔഷധ സസ്യകൃഷി പ്രോത്സാഹനവും കയറ്റുമതിയും സര്‍ക്കാര്‍ ലക്ഷ്യമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. 

ഔഷധകൃഷി പ്രോത്സാഹനത്തിലൂടെ കൂടുതല്‍ പേര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയും. കര്‍ഷകരുടെ ഉത്പന്നം ശേഖരണം, വിതരണം എന്നിവയും ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളത്തെ ആയുഷ് ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യം. 

വിദേശത്തുള്ള വിദഗ്ദ്ധരുടെ സേവനവും കേരളത്തില്‍  ഉപയോഗപ്പെടുത്താനുള്ള പ്രാരംഭ നടപടിക്കുള്ള തുടക്കമാണ് ആയുഷ് കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു.കോണ്‍ക്ലേവിന്റെ തുടര്‍ പ്രവര്‍ത്തനം എന്ന രീതിയില്‍ എല്ലാ വര്‍ഷവും അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ആയുഷ് മേഖലയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി ആഗോള ആയുഷ് ശൃംഖല രൂപീകരിക്കണം. 

പുതുസംരംഭങ്ങള്‍ക്ക് സാധ്യതയുള്ള രംഗമായി ആയുഷ് മാറിയെന്നും പരമ്പരാഗത ആശയങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക വത്കരണം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.ഔഷധകൃഷി പ്രോത്സാഹത്തിന് കൃഷിവകുപ്പ് മുന്‍ഗണന നല്‍കുമെന്നു കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. 

ആദിവാസി മേഖലകളില്‍ ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കും. ആദ്യഘട്ടത്തില്‍ ചാലക്കുടി ആദിവാസി മേഖലയില്‍ പദ്ധതിക്ക് തുടക്കം കുറിക്കും.പരമ്പരാഗത ചികിത്സാ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഔഷധ സസ്യങ്ങളുടെ അപര്യാപ്തതയെന്നും മന്ത്രി വ്യക്തമാക്കി.ചടങ്ങില്‍ എല്‍എസ്ജി ലീഡേഴ്‌സ് മീറ്റില്‍ മികച്ച ആയുഷ് പദ്ധതി നടപ്പാക്കിയതിന് സമ്മാനാര്‍ഹരായവര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. എംഎല്‍എമാരായ ഒ. രാജഗോപാല്‍, ഐബി സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

ലോക മാതൃഭാഷാ ദിനാചരണം ഫെബ്രുവരി 21ന്

എത്ര പെട്ടെന്നാണ് സഖാക്കളേ നിങ്ങളുടെ മനസ്സിൽ ഹിംസ നൂറു ഡിഗ്രിയിൽ  ചൂടുപിടിക്കുന്നത്