കേരള സർക്കാർ ഓഫിസുകൾ ഇ-മാലിന്യമുക്തം

തിരുവനന്തപുരം: സർക്കാർ ഓഫിസുകൾ ഇ-മാലിന്യമുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കളക്ടറേറ്റിൽനിന്ന് ഇ-മാലിന്യങ്ങളും വഹിച്ചുള്ള ആദ്യ ലോറി പുറപ്പെട്ടു. പഴയ കംപ്യൂട്ടറുകളും പ്രിന്ററും സ്‌കാനറും ഫോട്ടോസ്റ്റാറ്റ് മെഷീനുകളുമൊക്കെയായി 3000 കിലോ ഇ-മാലിന്യമാണു കളക്ടറേറ്റിലെ വിവിധ ഓഫിസുകളിൽനിന്നു ശേഖരിച്ചത്.

പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗം ഉപയോഗശൂന്യമെന്നു സാക്ഷ്യപ്പെടുത്തുന്ന പഴഞ്ചൻ ഇലക്ട്രോണിക് ഉപകരണങ്ങളാണു നീക്കുന്നത്. പദ്ധതിക്കായി സർക്കാർ രൂപീകരിച്ചിട്ടുള്ള ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുന്ന ഇ-വേസ്റ്റ് ആദ്യം പാലക്കാടും പിന്നീടു ഹൈദരാബാദിലുമെത്തിച്ചു പുനരുപയോഗ മാർഗത്തിൽ സംസ്‌കരിക്കും.

കിലോയ്ക്കു പത്തു രൂപ നിരക്കിലാണു ശേഖരിക്കുന്നത്.  ഈ രംഗത്തെ പ്രമുഖരായ എർത്ത്‌സെൻസ് എന്ന ഏജൻസിയാണു ക്ലീൻ കേരള കമ്പനിക്കുവേണ്ടി മാലിന്യ നിർമാർജന ജോലികൾ നിർവഹിക്കുന്നത്.

കുടപ്പനക്കുന്ന് കളക്ടറേറ്റിൽനിന്നു പാലക്കാടുള്ള കളക്ഷൻ സെന്ററിലെത്തിക്കുന്ന ഇ-മാലിന്യങ്ങൾ അവിടെനിന്നു വേർതിരിച്ചു ഹൈദരാബാദിലെ റീസൈക്കിൾ യൂണിറ്റിലേക്കു കൊണ്ടുപോകും.  പ്ലാസ്റ്റിക് ഭാഗങ്ങളും ലോഹങ്ങളും പ്രത്യേകമായാണു നിർമാർജനം ചെയ്യുന്നത്.

കംപ്യൂട്ടറുകളുടെ സി.പി.യു ബോർഡുകളിൽ പൂശിയിട്ടുള്ള സ്വർണം വരെ പ്രത്യേകം വേർതിരിച്ചെടുക്കുന്ന തരം പുനരുപയോഗ സംസ്‌കരണ രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്.  ഇങ്ങനെ കിട്ടുന്ന സ്വർണം ഇലക്ട്രോപ്ലേറ്റിംഗിനും മറ്റും ഉപയോഗിക്കും.

ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനുവേണ്ടി എല്ലാ സർക്കാർ ഓഫിസുകളിലും ഒരു നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.  സർക്കാർ ഓഫിസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാൻ ഇവർക്കു പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

കളക്ടറേറ്റിൽനിന്നുള്ള ഇ-മാലിന്യവും വഹിച്ചുള്ള ആദ്യ ലോറി ഇന്നലെ പാലക്കാട്ടേക്കു പുറപ്പെട്ടു. കളക്ടറേറ്റ് വളപ്പിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്കയും ചേർന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ. വിനോദ്, ഹരിത കേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബാ പ്യാരേലാൽ, ശിരസ്തദാർ ജി. പ്രദീപ് കുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ അധിക സീറ്റുകള്‍

സൗരോർജ്ജ പ്രഭയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്