in ,

അംഗപരിമിതര്‍ക്ക് അപകട ഘട്ടങ്ങളില്‍  സര്‍ക്കാരിന്റെ ‘പരിരക്ഷ’

തിരുവനന്തപുരം: അംഗപരിമിതര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഇനി സര്‍ക്കാര്‍ സഹായം. ‘പരിരക്ഷ’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം അപകടമോ അടിയന്തര സാഹചര്യമോ നേരിടുന്നതിനു സാമ്പത്തിക സഹായം ലഭിക്കും. സാമൂഹ്യ നീതി  വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

അംഗപരമിതരായവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം നല്‍കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. പ്രഥമ ശുശ്രൂഷ, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഭക്ഷണം, വസ്ത്രം എന്നിവക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. പ്രകൃതി ദുരന്തം, അഗ്നിബാധ എന്നീ സാഹചര്യങ്ങളിലും പരിരക്ഷയുണ്ടാകും. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കെണ്ടത്തുന്ന അംഗപരിമിതരെയും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്ന അംഗപരിമിതരേയും പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുന്നതിനും സഹായം ലഭിക്കും. അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന സേവനമായതിനാല്‍ ദാരിദ്ര്യ രേഖാ പരിധി കണക്കാക്കാതെയാകും സഹായം നല്‍കുന്നത്.

ജില്ലാ കളക്ടര്‍ അധ്യക്ഷനായും ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ കണ്‍വീനറായുമുള്ള മോണിറ്ററിങ് കമ്മിറ്റിയാണു പദ്ധതി നിര്‍വഹണത്തിനായി ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നത്. 25000 രൂപ വരെയുള്ള സഹായം മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് നല്‍കാം. 40 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള വൈകല്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

തിരുവനന്തപുരം ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. അംഗപരിമിതര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പണം ഈടാക്കുന്നതായുള്ള പരാതികള്‍ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിനും കര്‍ശന നടപടിക്കും ജില്ലാ മെഡിക്കല്‍ ഓഫിസറെ യോഗം ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം: ഓണ നന്മ സമ്മാനിക്കാൻ ഉത്തരവാദിത്ത മിഷൻ

കേരളത്തിൽ കോടതികളുടെ സ്ഥിതി ദയനീയമെന്ന് റിപ്പോർട്ട്