അക്കൗണ്ടിൽ നിന്ന് പണം പോയാൽ ബാങ്ക് ഉത്തരവാദിയെന്ന് ഹൈക്കോടതി

കൊച്ചി: ഉപയോക്താവ് അറിയാതെ അയാളുടെ അക്കൗണ്ടിൽ നിന്ന് പണം പോയാൽ അത് മടക്കി നല്കാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രധാനമായ ഒരു വിധിയിലൂടെ കേരള ഹൈക്കോടതി വ്യക്തമാക്കി. 

ഇക്കാര്യത്തിൽ ബാങ്കുകൾ അയയ്ക്കുന്ന എസ്.എം.എസ് അലർട്ടുകൾ നിശ്ചിത ബാദ്ധ്യതയിൽ നിന്ന് അവയെ ഒഴിവാക്കുന്നില്ല. ബാങ്ക് തട്ടിപ്പുകൾ വ്യാപകമാവുകയും ഉപയോക്താക്കളുടെ പണം നഷ്ടമാവുകയും ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിൽ സുപ്രധാന വിധിയാണ് ഇക്കാര്യത്തിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത് .

അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അതു സംബന്ധിച്ച എസ്.എം.എസ് അലർട്ടുകൾ മിക്ക ബാങ്കുകളും ഉപയോക്താക്കൾക്ക് നൽകാറുണ്ട്. അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ഉപയോക്താവ് അറിയാതെയാണെങ്കിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടാനുള്ള നിർദ്ദേശമാണ് ഇത്തരം അലർട്ടുകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാദ്ധ്യതയിൽ നിന്ന് ഒഴിവാകാൻ ബാങ്കുകൾക്കാവില്ല എന്നാണ്  കോടതി വിധി. 

എസ്.എം.എസ് അലർട്ടുകൾ ബാങ്കുകൾ സ്വമേധയാ നല്കുന്ന സേവനമാണ്. അതിനുള്ള അപേക്ഷ നല്കുന്നവർക്കും അല്ലാത്തവർക്കും ആ സേവനം നല്കികി വരുന്നുണ്ട്. എന്നാൽ ബാങ്കും അതിന്റെ കസ്റ്റമറും തമ്മിൽ എർപ്പെടുന്ന ഒരു കരാറിന്റെ സ്വഭാവമല്ല അതിനുള്ളത്. മറിച്ചാണെങ്കിൽ  ഇരുകൂട്ടരും തമ്മിലുള്ള  കരാർ വ്യവസ്ഥയിൽ തന്നെ അക്കാര്യം പ്രത്യേകം ഉൾക്കൊള്ളിക്കണം, കോടതി നിരീക്ഷിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഇടപാടുകാരനാണ് പി.വി. ജോർജ്. 22.03.2012 നും 26.03.2012 നും ഇടയിൽ അയാളുടെ അക്കൗണ്ടിൽ നിന്ന് 40,910. 36 രൂപ നഷ്ടമായി. ബ്രസീലിലെ വിവിധ എ ടി എമ്മുകൾ വഴിയാണ് പണം പിൻവലിച്ചത്. ഒരു ഓഫ് ഷോർ റിഗ്ഗിൽ ജോലി ചെയ്യുന്ന തനിക്ക് എപ്പോഴും ഫോൺ ഉപയോഗിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ ബാങ്ക് അയച്ചു കൊടുത്ത അലർട്ടുകൾ കണ്ടിട്ടില്ലെന്നും അയാൾ വാദിച്ചു. എന്നാൽ എസ്‌.എം.എസ് അലർട്ടിലൂടെ പണം പിൻവലിക്കപ്പെട്ടിട്ടുള്ള വിവരം യഥാസമയം അറിയിച്ചിട്ടുള്ളതിനാൽ അയാളുടെ  നഷ്ടത്തിന്  തങ്ങൾ ഉത്തരവാദികളല്ല എന്നായിരുന്നു എസ്.ബി.ഐ യുടെ വാദം.

ബാങ്കിന്റെ വാദം തള്ളിക്കൊണ്ടാണ്  കോടതി വിധി പ്രസ്താവിച്ചത്. ഇക്കാര്യത്തിൽ ആർ.ബി.ഐ പുറത്തിറക്കിയ സർക്കുലർ കൂടി ജസ്റ്റിസ് സി.ബി.സുരേഷ് കുമാർ ഉദ്ധരിച്ചു.

ബാങ്കും കസ്റ്റമറും അല്ലാതെ മൂന്നാമതൊരാൾ കസ്റ്റമറുടെ പണം തട്ടിപ്പിലൂടെ കൈക്കലാക്കിയാൽ അത് ബാങ്കിന്റെ സുരക്ഷാ വീഴ്ചയായി കാണേണ്ടി വരും. അതിനാൽ പണം മടക്കി നല്കാനുള്ള ബാദ്ധ്യത ബാങ്കിനുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചോദ്യം ചോദിച്ച് മുട്ടുകുത്തിക്കൂ, അല്ലെങ്കിൽ ബോയ്‌ക്കോട്ട് ചെയ്യൂ…

വാഗ്ദാനങ്ങൾ വാരി വിതറി കേന്ദ്ര ബജറ്റ്