Kerala Police , search, railway track, baby, phone, mother, 2 year old baby, phone call, police, complaints, railway, information,
in

റെയിൽവേ ട്രാക്കിൽ പിഞ്ചു കുഞ്ഞ്‌; രക്ഷകരായി കേരളാ പോലീസ്

കൊച്ചി: കേരളാ പോലീസിനെതിരെയുള്ള ( Kerala Police ) ആരോപണങ്ങൾ വ്യാപകമായി ഉയരുന്ന ഇക്കാലത്ത് ‘ആക്‌ഷന്‍ ഹീറോ’കള്‍ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയ വാർത്ത പുറത്തു വന്നു. കളമശ്ശേരിയിൽ രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ പോലീസുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷിക്കാനായി.

വര്‍ഷങ്ങൾ നീണ്ട പ്രാര്‍ത്ഥനക്കും ചികിത്സകൾക്കും ഒടുവില്‍ കിട്ടിയ രണ്ടു വയസുകാരന്‍റെ ജീവനാണ് കാക്കിധാരികള്‍ രക്ഷപ്പെടുത്തിയത്. വെറും രണ്ടു മിനിറ്റ് സമയം കൊണ്ടാണ് ഇരുട്ടത്ത് കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ കാക്കിധാരികള്‍ ഓടിയെത്തി പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ഏകദേശം ഒന്നര മണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ഇരുട്ടത്ത് കരഞ്ഞു കൊണ്ട് നടന്നു പോകുന്ന കുഞ്ഞിനെ കണ്ട വിവരം കളമശ്ശേരി സ്റ്റേഷനിലേക്കറിയിച്ചത്.

ഫോണ്‍ കോള്‍ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ പ്രസന്നനും സിപിഒമാരായ അനിലും നിയാസ് മീരാനും കുട്ടിയെ കണ്ടെന്നു പറയുന്ന സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശതയിലായിരുന്നു.

കുഞ്ഞിനേയും വാരിയെടുത്ത് അരകിലോമീറ്ററോളം നടന്നപ്പോള്‍ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടെത്തി. പെട്ടെന്ന് തന്നെ കുഞ്ഞിനെ റോഡിലെത്തിച്ച് പോലീസ് വാഹനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചു.

കുഞ്ഞിന് വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരിയാണ് കുഞ്ഞിന്‍റെ അമ്മ.

കുഞ്ഞിനെ കാണാതായപ്പോള്‍ അവര്‍ അന്വേഷിച്ചത് കുഞ്ഞ് പോയതിന്‍റെ എതിർ ദിശയിലേയ്ക്കായിരുന്നു. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും നേരം ആ അമ്മ നിറ കണ്ണുകളോടെ ആ കാക്കിധാരികള്‍ക്ക് നേരെ കൈകൂപ്പി.

റെയില്‍വേ ട്രാക്കില്‍ നിന്നും ആ കുഞ്ഞിനെ കളമശ്ശേരി പോലീസ് രക്ഷപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞ ശേഷം സകലരും തിരക്കിയത് ദൈവദൂതനെ പോലെ കൃത്യ സമയത്ത് തന്നെ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തറിയിച്ച ആ അജ്ഞാതന്‍ ആരാണെന്നായിരുന്നു.

കോളര്‍ ഐഡിയില്‍ നിന്നും ആ നമ്പറിലേക്ക് കളമശ്ശേരി പോലീസ് തിരിച്ചു വിളിച്ചപ്പോഴാണ് വിളിച്ചറിയിച്ച ആൾ ഒരു സിവില്‍ പോലീസ് ഓഫീസര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. പല തവണ വിളിച്ചതിന് ശേഷമാണ് ആ കോള്‍ കണക്ട് ആയതെന്ന് കളമശ്ശേരി പോലീസ് അറിയിച്ചു.

കെഎപി 5 ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനീഷ് മോന്‍ ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ അരിക്കോട്ടെ കരുവാരക്കാട് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ഒരു കുഞ്ഞിനെ ട്രാക്കിനരികിൽ കണ്ടതായി വിളിച്ചറിയിച്ചത്.

റേഞ്ച് പ്രോബ്ലം ആയതിനാല്‍ പലവട്ടം സ്റ്റേഷനിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കോള്‍ കണക്ട് ആകാത്ത ടെന്‍ഷനിലായിരുന്നു അനീഷ് മോന്‍. ഫോണ്‍ ചെയ്തതിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ അനീഷിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനും സന്തോഷം.

ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാരെ കുറിച്ചുള്ള വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്ന കേസുകളില്‍ അന്‍പത് ശതമാനവും പോലീസിനെതിരായ പരാതികളാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും ഈയടുത്താണ്.

കൈക്കൂലി ആവശ്യപ്പെടല്‍, പെരുമാറ്റത്തിലെ അപമര്യാദകള്‍, കേസ് എടുക്കാതിരിക്കല്‍ തുടങ്ങി നിരവധി പരാതികളാണ് കമ്മീഷന് മുന്‍പാകെ എത്തിയത്. എന്നാല്‍ ചെയ്യുന്ന ജോലിയോട് വളരെയധികം ആത്മാർത്ഥതയുള്ള കേരളാ പൊലീസിന്‍റെ വില കളയുന്നത് അഴിമതിക്കാരായ ചുരുക്കം ചില ഓഫീസര്‍മാരാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു.

Kerala Police , railway track, baby, search, phone, mother, 2 year old baby, phone call, police, complaints, railway, information,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

SpiceJet air hostesses, alleged, strip-search, airlines, security personnel, rape, SpiceJet, crew, protest, Chennai, airport,

ദേഹ പരിശോധന: സ്‌പൈസ്‌ജെറ്റ് എയര്‍ഹോസ്റ്റസുമാരെ അപമാനിച്ചതായി പരാതി

നേര് പുലരുന്ന നാട്ടിലെ കൊച്ചു കൊച്ചു നുണകൾ