മരണം 29; നാലു പേരെ കാണാതായി

ഇടുക്കി: മഴക്കെടുതിയിൽ സംസ്ഥാനത്ത് 29 പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. 10ന് വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയും മരിച്ചു. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേർ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരിൽ രണ്ടും വയനാട്ടിൽ നാലും പേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് 53,501 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേർ കഴിയുന്നു. ആഗസ്റ്റ് പത്തിന് വൈകിട്ട് നാലു മണി വരെയുള്ള കണക്കാണിത്. ആലപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ ഇപ്പോഴും ജനങ്ങൾ കഴിയുന്നുണ്ട്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേർ കഴിയുന്നു.

മലപ്പുറത്ത് 13 ക്യാമ്പുകളിൽ 1050 പേർ കഴിയുന്നുണ്ട്. ഇടുക്കിയിൽ പത്ത് ക്യാമ്പുകളിൽ 533 പേരുണ്ട്. കോഴിക്കോട് 848 പേർ പതിനെട്ട് ക്യാമ്പുകളിൽ കഴിയുന്നു. കണ്ണൂരിൽ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരിൽ 13 ക്യാമ്പുകളിൽ 1029 പേർ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേർ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളിൽ 3000 പേരുണ്ട്.  കനത്ത മഴയിൽ സംസ്ഥാനത്ത് 71 വീടുകൾ ഭാഗികമായും 29 വീടുകൾ പൂർണമായും നശിച്ചു.

വാവുബലി: ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്ക്

ഡാമുകള്‍ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മണപ്പുറത്തെ കര്‍ക്കിടക വാവുബലിക്കെത്തുന്നവര്‍ക്ക് അതീവ സുരക്ഷയൊരുക്കും. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവര്‍ക്ക് എറണാകുളം ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ആഗസ്റ്റ് പത്തിന് ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു.

ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്.  എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍, 20 ലൈറ്റ് ബോട്ടുകള്‍, 40 ലൈഫ് ജാക്കറ്റുകള്‍, പ്രത്യേക റോപുകള്‍,  സ്‌കൂബ ടീം എന്നിവ സജ്ജമാണ്.

കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും  സുരക്ഷ കര്‍ശനമാക്കും. മൂവാറ്റുപുഴ ആര്‍ ഡി ഒ എം.ടി.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് ടീമിനെ ഇന്നലെ അര്‍ധരാത്രി മുതല്‍ ഇവിടെ വിന്യസിച്ചു. ഫയര്‍ ഫോഴ്‌സും സംസ്ഥാന പോലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയര്‍മാരും ഇവിടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ ബാരിക്കേഡുകള്‍ കെട്ടി ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാന്‍ എത്തുന്നവര്‍ക്കെല്ലാം കര്‍മം നിര്‍വഹിക്കുന്നതിനും മറ്റു തടസങ്ങള്‍ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴ: റെഡ് അലര്‍ട്ട്

കനത്ത മഴയുടെ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്റ്റ് പതിനാലു വരെയും ഇടുക്കിയില്‍ 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പുഴ, ചാല്‍ എന്നിവയിലും ബീച്ചില്‍ കടലിലും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥര്‍ മാറിത്താമസിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അനുസരിക്കണം. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയക്കെടുതി നേരിടാൻ എൻ ഡി ആർ എഫും പ്രതിരോധ സേനയും

അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷനും ഇതര ആനുകൂല്യങ്ങളും നല്‍കും: മന്ത്രി