ആളില്ലാ കുഞ്ഞന്‍ വിമാനങ്ങള്‍ കേരളത്തിലുമുണ്ടാക്കാം 

തിരുവനന്തപുരം:  അതിവേഗം വളരുന്ന ആളില്ലാ കുഞ്ഞന്‍ വിമാന സാങ്കേതികവിദ്യയില്‍ കേരളത്തിനും സ്ഥാനമുറപ്പിച്ച് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രമായ ഐസിഫോസ് ഡ്രോണ്‍ സമ്മേളനം സംഘടിപ്പിക്കുന്നു.

കുറഞ്ഞ ചെലവില്‍ പൊതുജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക്  ആളില്ലാ വിമാനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ്വെയറും ആപ്ലിക്കേഷനുകളും തയാറാക്കാനായി ഐസിഫോസില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗമാണ് സമ്മേളനത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

ഒക്ടോബര്‍ 28 ഞായറാഴ്ച തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍  നടക്കുന്ന പരിപാടിയില്‍ ഐസിഫോസ് രൂപകല്‍പന ചെയ്ത സ്വതന്ത്ര ഡ്രോണ്‍ മാതൃകകള്‍ പുറത്തിറക്കുന്നതോടൊപ്പം തന്നെ ഐസിഫോസിന്‍റെ കീഴില്‍ ഓപ്പണ്‍ ഡ്രോണ്‍ കമ്യൂണിറ്റി എന്ന കൂട്ടായ്മയ്ക്കും തുടക്കമിടും. സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍ രാവിലെ പത്തിന് പരിപാടി ഉദ്ഘാടനം ചെയ്യും. ഡ്രോണുകളുടെ പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധ ഡ്രോണ്‍ മാതൃകകളുടെ പ്രവര്‍ത്തനത്തിനൊപ്പംതന്നെ അവയുടെ ആപ്ലിക്കേഷനുകള്‍ ഐസിഫോസിലെ ഗവേഷകസംഘവും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേര്‍ന്ന് അവതരിപ്പിക്കും.  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജോയിന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് സന്തോഷ്  ഇന്ത്യയില്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ നിയന്ത്രണങ്ങളും സാഹചര്യങ്ങളും എന്ന വിഷയം അവതരിപ്പിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ ദയാളന്‍  ചിറകുള്ള ആളില്ലാവിമാനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കും.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തന മോഡലുകള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ തങ്ങളുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന തരത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ‘ഐഡിയത്തോണ്‍’ എന്ന പരിപാടി അവതരിപ്പിക്കും.

കേരളത്തില്‍ ഡ്രോണുകള്‍ വ്യാപകമാക്കി ആകാശ നിരീക്ഷണം നടത്തുന്നതിലെ പ്രധാന തടസം ഉപകരണങ്ങളുടെയും സോഫ്റ്റ്വെയറിന്‍റെയും ഉയര്‍ന്ന വിലയാണെന്ന് ഐസിഫോസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് പറഞ്ഞു.  സാങ്കേതികവിദ്യ ലളിതമാണെങ്കിലും ഉപകരണ ഭാഗങ്ങളുടെയും മറ്റും ഗുണനിലവാരം പ്രധാനമാണ്. അതുകൊണ്ടാണ് കുറഞ്ഞ ചെലവില്‍ ഡ്രോണുകള്‍ രൂപകല്പന ചെയ്യാനും ഈ മേഖലയില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്താനും ഐസിഫോസില്‍ ഗവേഷകസംഘം രൂപീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത ഘട്ടത്തില്‍ സ്വന്തമായി ഡ്രോണുകള്‍ വികസിപ്പിച്ച് നല്‍കാനും അവ ഉപയോഗിച്ച് മരുന്നും അത്യാവശ്യ സാധനങ്ങളും എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലും സാഹചര്യങ്ങളിലും വിതരണം ചെയ്യാനുമാണ് ഐസിഫോസ് ഉദ്ദേശിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശ്യാമമാധവപഠനങ്ങള്‍ പ്രകാശനം ചെയ്തു

“സർവ്വരും സോദരത്വേന വാഴുന്ന ” ലോകത്തെ തകർക്കലാണ്  ബ്രാഹ്മണിക അജണ്ട