Kerala, roads, traffic, travellers, jokes, vehicles, comedy, accidents, auto rickshaw, bus, lorry, car, two wheelers, bike, women, pride, over taking, indicator, drivers, crossing, pedestrian, streets,
in ,

പൊതു നിരത്തുകളിലെ മലയാളിത്തമാശകൾ

‘ദൈവത്തിന്റെ സ്വന്തം നാട്ടിലെ’ ‘സാംസ്‌കാരിക പ്രബുദ്ധരായ’ മലയാളികൾ പക്ഷേ പൊതുനിരത്തുകളിൽ ( Kerala roads ) എങ്ങനെയാണ് പെരുമാറുന്നതെന്ന് ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം മനസ്സിൽ ഒളിപ്പിച്ചിരുന്ന ഇരട്ടത്താപ്പ്.

ഹോൺ മുഴക്കേണ്ട ആവശ്യം തീരെയില്ലാത്ത അവസരത്തിൽ പോലും കർണ്ണകഠോരമായ ശബ്ദത്തിൽ ഹോൺ മുഴക്കി രസിക്കുന്നവർ, ഒരാൾ തന്റെ വാഹനത്തെ മറികടന്നു മുന്നേറിയാൽ അഭിമാനക്ഷതം സംഭവിച്ചതായി കരുതി അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വന്തം അഭിമാനത്തെ കാത്തു സൂക്ഷിക്കുന്നവർ.

( ഒരു വനിത ഓടിക്കുന്ന വാഹനമാണ് ഓവർ ടേക്ക് ചെയ്തതെങ്കിൽ അഭിമാനക്ഷതം കുറച്ചു കൂടും; പ്രത്യേകിച്ച് ചില പുരുഷ ഡ്രൈവർമാർക്ക്. )

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലിരുന്ന് തന്റെ വായിൽ നിന്നും പുറപ്പെട്ട ഉമിനീർധാര റോഡിലേയ്ക്ക് നീട്ടി തുപ്പുന്നവർ. ആ ധാരയാൽ അഭിഷിക്തരാകുന്നവർ മിക്കവാറും ഇരുചക്ര വാഹന യാത്രക്കാരായിരിക്കുമെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ!

ഇത്തിരിക്കുഞ്ഞന്മാരുടെ അഭ്യാസങ്ങൾ

kerala-roads-traffic-travellers-jokes-vehicles-comedy

സൈലൻസറിന് വിശ്രമമരുളി ‘ചെത്ത് പയ്യന്മാർ’ അതിഘോരമായ ശബ്ദത്തിൽ വളഞ്ഞും പുളഞ്ഞും റോഡിലൂടെയും ഇടവഴികളിലൂടെയും അപകടകരമായ രീതിയിൽ കുതിച്ചു പായവെ മനസിലുദിക്കുക ‘ഈ ജീപ്പിനു മദമിളകി’ എന്നോ, ‘മാറിക്കോ, മാറിക്കോ, ദൂരെ, ദൂരെ’ എന്നോ ഉള്ള തട്ടുപൊളിപ്പൻ ഗാനങ്ങളാകാം.

ഇരുചക്ര വാഹനങ്ങളിലെ വനിതാ യാത്രക്കാരികൾ

ഇനി ചില വനിതാ യാത്രക്കാരികളുണ്ട്. ഇരുചക്ര വാഹനത്തിലിരിക്കവെ ഷോൾ, സാരി എന്നീ വസ്ത്രങ്ങളെ അലക്ഷ്യമായി വിടർത്തിയിട്ട് ചിറകുകളാക്കി സഞ്ചരിക്കുന്നവർ. പുറകേ വരുന്നവരുടെ ഉത്തരവാദിത്തമാണ് ഇത്തരക്കാരെ ബോധവത്കരിക്കുക എന്നുള്ളത്.

‘ശൂ, ശൂ’ വിളികളും ഹോണടികളുമായി ഇവരുടെ ശ്രദ്ധ ആകർഷിച്ച് കാര്യമറിയിക്കുവാനുള്ള പുറപ്പാടിൽ മറ്റ് വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും സർവ്വസാധാരണം. ഇനി അഥവാ കാര്യം അറിയിച്ചാലോ തന്നോടെന്തോ അസഭ്യം പറഞ്ഞ രീതിയിലാകും മിക്കവരും കണ്ണുരുട്ടലിലൂടെ പ്രതികരിക്കുക.

kerala-roads-traffic-travellers-jokes-vehicles-comedy-bike

വനിതാ ഡ്രൈവർമാരുടെ നാട്യ നടനം

ഇരുചക്ര വാഹനമോടിക്കുന്ന വനിതകളുടെ ഡ്രൈവിങ്‌ ശ്രദ്ധിച്ചാൽ ബഹുരസമാണ്. ഒന്നുകിൽ ‘കളരിക്ക് പുറത്ത്; അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്’ എന്നാണ് ഞാനുൾപ്പെടെയുള്ള വനിതാ ഡ്രൈവർമാരുടെ തിയറി.

ഒന്നുകിൽ കാലുകൾ നിലത്തിട്ടിഴച്ച്, തുഴയാക്കി തുഴഞ്ഞു കൊണ്ട്, ഒച്ചിഴയും വേഗത്തിൽ മറ്റ് യാത്രക്കാരുടെ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നവർ.

ഇനി മറ്റു ചിലരോ, ‘ചെത്തുപയ്യൻസി’നെയും അത്ഭുതപ്പെടുത്തുമാറ് വേഗത്തിൽ മിസൈൽ പോലെ പായുന്നവർ. അങ്ങനെയുമുണ്ട് പ്രകടനക്കാർ ഈ പൊതു നിരത്തുകളിൽ.

masked girl

ഇത്തരക്കാരെ കാണുന്ന മാത്രയിൽ മറ്റുള്ളവർ ഭവ്യതയോടെ ഒഴിഞ്ഞു മാറുന്നത് കൊണ്ടാകാം പല അപകടങ്ങളും ഒഴിവാകുന്നതെന്ന് നിങ്ങൾക്കും തോന്നിയിട്ടില്ലേ?

എന്നാൽ ഒഴിഞ്ഞു മാറി ബഹുമാനം പ്രകടിപ്പിക്കുന്ന വണ്ടികൾ പലരും മറ്റ് വണ്ടികളുമായി ആലിംഗനബദ്ധരാകുന്നതും ചുംബിക്കുന്നതും പലപ്പോഴും കാണാനാകും.

പക്ഷേ, അതിന് കാരണക്കാരിയായവൾ മിനിട്ടുകൾക്ക് മുൻപേ അവിടം വിട്ടിട്ടുണ്ടാകും എന്നതാണ് നഗ്നസത്യം.

ആനവണ്ടിയും ലോറി വണ്ടിയും

lorry3

റോഡിലെ ഇത്തിരിക്കുഞ്ഞന്മാരോട് പരമ പുച്ഛരസം പ്രകടിപ്പിക്കുന്ന ഈ തടിമാടൻ വണ്ടികളുടെ രീതികളും ചിട്ടകളും ഇപ്പോഴും പഴയതു തന്നെയാണെന്ന് നി:സംശയം പറയാം.

മാസ് എൻട്രി നടത്തുക, റോഡ് ബ്ലോക്കാക്കിക്കൊണ്ട് പാർക്ക് ചെയ്യുക, അതി ഭയാനകമായ രീതിയിൽ ഹോണടിച്ച് പീഡിപ്പിക്കുക, കടുകട്ടിയുള്ള പുക പടലം ബഹിർഗമിക്കുക ഇത്യാദി കലാപരിപാടികൾ അവരിന്നും തുടരുന്നു.

‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘വരവേൽപ്പ്’ എന്നീ ചിത്രങ്ങളിലെ രംഗങ്ങൾ നിത്യവും അരങ്ങേറുന്ന ഈ നാട്ടിൽ നമുക്കിതൊന്നും പുത്തരിയല്ലല്ലോ!

നൃത്തം കളിക്കുന്ന വഴിയാത്രക്കാർ

തിരക്കിട്ട് സശ്രദ്ധം വണ്ടിയോടിച്ച് മുന്നേറവെ ആകസ്മികമായി ഒരു നായ മുന്നിൽച്ചാടി വട്ടം ചുറ്റുന്നു. നായയ്ക്ക് ട്രാഫിക് പരിജ്ഞാനമില്ലെങ്കിലും നാം അവയെ ശപിച്ചും കൊണ്ട് വീണുരുണ്ടും നാണം കെട്ട് അവിടെ നിന്ന് ചാടിപ്പിടഞ്ഞെണീറ്റും മുന്നോട്ട് പോകുന്നു.

നായയുടെ അവസ്ഥയാണ് റോഡ് ക്രോസ്സ് ചെയ്യുന്ന വേളയിൽ ചില വഴിയാത്രക്കാർ അവലംബിക്കുന്നത്. വാഹനം അടുത്തെത്തവെ റോഡിലേയ്ക്ക് ചാടിയിറങ്ങുന്ന ഇവർ വടക്കോട്ടാണോ തെക്കോട്ടാണോ പോകുന്നതെന്നറിയാൻ ഡ്രൈവർക്ക് യാതൊരു നിർവ്വാഹവുമില്ല തന്നെ.

ഈ കലാപരിപാടിയിൽ അത്രയധികം നിപുണർ മുതിർന്ന വഴിയാത്രക്കാരികൾ ആണെന്നുള്ളത് വിശേഷിച്ച് പറയേണ്ടതില്ലല്ലോ അല്ലേ. സ്ത്രീ വിരുദ്ധ പരാമർശമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും അനുഭവസ്ഥർ അത് സമ്മതിച്ചു തരില്ല.

ദ കാ ാ ാ ാ ാ………………ർ ർ ർ ർ ർ

ഇനി ഒരു സ്ത്രീ വിരുദ്ധ പ്രസ്താവന കൂടി നടത്തിക്കൊള്ളട്ടെ. ചില മെയിൽ ഷോവനിസ്റ്റുകൾ അധിക്ഷേപിക്കുന്ന കുറച്ചു ഫെമിനിച്ചികൾ ഈയുള്ളവൾക്ക് മാപ്പേകട്ടെ.

വനിതകൾ ഓടിക്കുന്ന കാറുകളെ വളരെപ്പെട്ടെന്ന് തിരിച്ചറിയാം. ആ കാറുകൾക്ക് പിന്നിലായി യാത്ര ചെയ്യേണ്ടി വരുന്ന വാഹനങ്ങളുടെ കാര്യം ബഹു കഷ്‌ടമെന്നു തന്നെ പറയേണ്ടി വരും.

ഓവർ ടേക്ക് ചെയ്യാൻ അനുവദിക്കാതെ, ചിലപ്പോൾ വേഗത്തിൽ കുതിച്ചും അപ്രതീക്ഷിതമായി വേഗം കുറച്ചും ആ കാറുകൾ ഓടുമ്പോൾ പുറകിലെ വാഹനങ്ങളിലുള്ളവർ ആ ‘വനിതാ കാറു’കളിൽ തട്ടാതെയും മുട്ടാതെയും മുന്നോട്ടു പോകുവാൻ നല്ല അഭ്യാസങ്ങൾ തന്നെ കാട്ടേണ്ടി വരും.

ഇനി ചില കാറുകളുണ്ട്. അല്ല ബഹുഭൂരി പക്ഷവും ഇപ്പോൾ അങ്ങനെ തന്നെയാണ്. എങ്ങനെയെന്നാൽ, നമ്മുടെ ആനവണ്ടിയെയും ലോറി ഏമാന്മാരെയും ലജ്ജിപ്പിക്കുന്ന വിധത്തിൽ പുക പടലം പുറത്തു വിടുന്നവർ.

‘പറക്കും തളികകൾ’ ഇമ്മട്ടിൽ പുകയും പുറപ്പെടുവിച്ച്, പൊടിയും പറത്തി മുന്നേറവെ പെട്ടെന്നു ഒരൊഴിഞ്ഞ കോണിൽ ദ കാ ാ ാ ാ ാ………………ർ നിർത്തുന്നു. അതാ ഗ്ലാസ് തുറക്കുന്നു. ഝടുതിയിലതാ ഒരു ചവർ ബോംബ് പുറത്തേയ്ക്ക് ചീറിപ്പായുന്നു.

ചവർ ബോംബ് ഗുരുത്വാകർഷണത്തിന് വിധേയമാകും മുൻപ് തന്നെ ‘പൊടി പോലുമില്ല കണ്ടു പിടിക്കാൻ’ എന്ന മട്ടിൽ ‘കാർപ്രതി’ അവിടം വിട്ടിട്ടുണ്ടാകും.

kerala-roads-traffic-travellers-jokes-vehicles-comedy-auto

ചില ഓട്ടോ ‘സേട്ട’ന്മാരുടെ കലാപ്രകടനം

നമ്മുടെ വണ്ടത്താനെ പോലുള്ള ഈ വണ്ടിയെ പറ്റി പറയാതെ ഈ തെരുവോര നാടകക്കഥ എങ്ങനെ പൂർത്തിയാക്കാനാണ്?! വണ്ടിന്റെ ആകൃതി പരിഗണിച്ചാൽ അത് ഒരിക്കലും പറക്കില്ലെന്ന് കരുതേണ്ടി വരുമെന്നാണ് വിദഗ്ദ്ധരായ ശാസ്ത്രജ്ഞർ ഇപ്പോഴും പറയുന്നത്.

എന്നിട്ടും ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ഉരുളൻ കുഞ്ഞന്മാർ മൂളിപ്പാറിപ്പറക്കുന്നു; ലക്കും ലഗാനുമില്ലാതെ. അത്തരത്തിൽ ഏവരെയും അത്ഭുതപരതന്ത്രരാക്കുവാനുള്ള ലൊട്ടു ലൊടുക്ക് വിദ്യകളൊക്കെ വണ്ടുകളോട് രൂപ സാദൃശ്യമുള്ള ഓട്ടോകൾക്കുണ്ട്.

വളഞ്ഞും പുളഞ്ഞും ചീറിപ്പാഞ്ഞും ആ വിദ്വാന്മാരങ്ങനെ നീങ്ങും. ഒപ്പം റൈറ്റ് ഇൻഡിക്കേറ്റർ പലപ്പോഴും ഓണായിരിക്കും. പുറകിലെ വാഹനങ്ങൾ സ്വാഭാവികമായും കരുതും ഓട്ടോയിപ്പോൾ വലത്തോട്ട് തിരിയുമെന്ന്.

എന്നാൽ തെറ്റി. അത് വലത്തോട്ടോ ഇടത്തോട്ടോ തിരിയില്ല. കുറേ കഴിയുമ്പോൾ പുറകിലെ വാഹനം കരുതും ‘ഹയ്യട അങ്ങനിപ്പം പറ്റിക്കേണ്ടെന്ന്’. ആ മനസ്സ് വായിച്ചറിഞ്ഞിട്ടെന്ന വണ്ണം ആ ചിന്തയെ അപ്പാടെ തകിടം മറിച്ച് ‘ഓട്ടോ അദ്ദേഹം’ അതാ വലത്തോട്ട് വെട്ടിച്ച ശേഷം ഇടത്തോട്ടൊരു വെട്ടിത്തിരിയൽ.

image_1200x603xt

ചീട്ടു കൊട്ടാരം നിലം പൊത്തും മട്ടിൽ പുറകിൽ വന്ന ഇരുചക്ര വാഹനങ്ങൾ താഴെ വീഴവെ കാറുകളുടെയും മറ്റും വക തട്ടും മുട്ടും ആവോളം കിട്ടുന്നു. പിന്നെയവിടെ അടിയായി, പിടിയായി, കോലാഹലമായി, ആകെയൊരു മാമാങ്കമായി. പക്ഷേ ‘ഓട്ടോ സേട്ടൻ’ ഇതിനകം ഇന്ത്യൻ അതിർത്തി കടന്നിട്ടുണ്ടാകും.

ഇനിയുമുണ്ടേറെ രസങ്ങൾ, രസക്കൂട്ടുകൾ. പൊട്ടിപൊളിഞ്ഞ റോഡുകൾ, ആളെ വീഴ്ത്തും ഓടകൾ, നനഞ്ഞൊലിച്ച ബസ് സ്റ്റാൻഡുകൾ, കാഴ്ച മറയ്ക്കും ഫ്ളക്സുകൾ, വഴി മുടക്കും ജാഥകൾ, ചെവി പൊട്ടിക്കും കോളാമ്പികൾ.

കണ്ണു തുളയ്ക്കുന്ന ലേസർ രശ്മികൾ വാഹനങ്ങളിൽ ഘടിപ്പിച്ചവർ, ഹോണടിച്ചാലും വഴി മാറിത്തരാതെ റോഡിൽ നിലയുറപ്പിച്ച് കൊച്ചു വർത്തമാനത്തിൽ മുഴുകുന്നവർ ….അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി സുവിശേഷങ്ങൾ. വിസ്‌താര ഭയത്താൽ തത്ക്കാലം നിർത്തട്ടെ. ശുഭയാത്ര.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vivo , Nex S, Nex A ,India ,launch ,date ,July 19,specifications , price, smartphones,

വിവോയുടെ നെക്സ എ, നെക്സ എസ് ഇന്ത്യൻ വിപണിയിലെത്തുന്നു

fish, formalin, Kerala, CIFT, Malayali, food items, health issues, fishermen,

മീൻ തൊട്ടുകൂട്ടിയാലും വിഷം; ഉത്തരവാദികളാര്?