ആരോഗ്യ പുനര്‍ നിര്‍മ്മാണത്തില്‍ ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് കേരളം

തിരുവനന്തപുരം: വികസിത രാജ്യങ്ങള്‍ക്ക് പോലും മാതൃകയായ കേരളത്തിന്റെ ആരോഗ്യ പുനര്‍നിര്‍മ്മാണത്തിന് ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കേവലം കേരളത്തെ പുനസൃഷ്ടിക്കുകയല്ല ചെയ്യുന്നത്. നവോത്ഥാനത്തിന്റെ പുത്തന്‍ സംവിധാനങ്ങളോടെയുള്ള നവകേരളമാണ് സൃഷ്ടിക്കുന്നത്. അതിനായി ലോകത്തിലെ എല്ലായിടത്തുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടേയും മറ്റുള്ളവരുടേയും സഹായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

‘കേരളത്തിലെ ദുരന്ത നിവാരണവും പ്രളയ ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തെ അധികരിച്ച് ദുബായില്‍ നടന്ന ദുബായ് ഹെല്‍ത്ത് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തവേയാണ് ലോക രാഷ്ട്രങ്ങളോട് മന്ത്രി സഹായം അഭ്യര്‍ത്ഥിച്ചത്. 

ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓഖി, നിപ, പ്രളയം എന്നിവയെ അതിജീവിക്കാനായി. ഈ മൂന്ന് സാഹചര്യത്തിലും തിരിച്ചുവരാനുള്ള കഴിവും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ പങ്കും പരീക്ഷിക്കപ്പെടുകയാണ് ചെയ്തത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവയെയെല്ലാം കേരളം തരണം ചെയ്തു.

ഈ മൂന്ന് ദുരന്തങ്ങളിലും ആരോഗ്യ വകുപ്പിന്റെ പങ്ക് വളരെ വലുതായിരുന്നു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിലൂടെയും മികച്ച ചികിത്സകളിലൂടെയും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് ജീവിത്തിലേക്ക് തിരികെക്കൊണ്ടു വരാന്‍ ആരോഗ്യ വകുപ്പിനായത്. 

പ്രളയാനന്തരമുണ്ടായ പകര്‍ച്ച വ്യാധികളെ ഫലപ്രദമായി കേരളത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നത് ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടമാണ്. വ്യക്തമായ പ്ലാനിംഗും ശക്തമായ പ്രവര്‍ത്തനങ്ങളും ഏകോപനവുമാണ് പ്രളയാനന്തര പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷപ്പെടാന്‍ കേരളത്തെ സഹായിച്ചത്. ആരോഗ്യ രംഗത്ത് കേരളം മറ്റു പല വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന തരത്തിലേക്ക് ഉയര്‍ന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. പ്രളയാനന്തരമുണ്ടായ ഏറ്റവും വലിയ വിപത്ത് പകര്‍ച്ചവ്യാധികളുടെ വന്‍തോതിലുള്ള വ്യാപനമായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് എല്ലാ പ്രതിരോധ നടപടിക്രമങ്ങളും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞത് വലിയ നേട്ടമായി.

അപ്രതീക്ഷിതമായി നിപ വൈറസ് ബാധയുണ്ടപ്പോള്‍ പകച്ചു നില്‍ക്കാതെ പൊതുജന ശൃംഖലയെയാകെ ശാസ്ത്രീയമായി സംഘടിപ്പിക്കാന്‍ സാധിച്ചു. ലോകത്തിന് തന്നെ ഭീഷണിയായ നിപ വൈറസിനെ രണ്ടാമത്തെ കേസില്‍ തന്നെ കണ്ടെത്താനായത് സംസ്ഥാനത്തിന്റെ നേട്ടമാണ്. അല്ലെങ്കില്‍ അത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേനെ. ഏത് വികസിത രാജ്യത്തിന് പോലും സ്വപ്നം കാണുന്നതിനപ്പുറം വളരെ ഫലപ്രദമായാണ് നിപയെ തടഞ്ഞുനിര്‍ത്താനായത്. നിപ വൈറസില്‍ മരണമടഞ്ഞ നഴ്‌സ് ലിനിയ്ക്കായി സെമിനാറിലെ ഈ പ്രസംഗം സമര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു. 

ലെബനന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഘസാന്‍ ഹസ്ബാനി ചടങ്ങില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരിതാശ്വാസനിധി: ടൂറിസം വകുപ്പ് 6.06 കോടി രൂപ കൈമാറി

കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം സാക്ഷ്യപ്പെടുത്താന്‍ ‘അസെന്‍ഡ് 2019’