കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കും: മന്ത്രി 

തിരുവനന്തപുരം: കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന സേഫ് & ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ആവിഷ്‌കരിച്ച സേഫ് & ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ സംസ്ഥാനതല ഉദ്ഘാടനം നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം ശീലമാക്കുന്നതിലൂടെയും പുതുതലമുറയില്‍ നൂതനമായ ഒരു ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും ആരോഗ്യപ്രദമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനാകും. ഇതിന്റെ ഭാഗമായി എല്ലാ ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസിന് കീഴിലേയും രണ്ട് സ്‌കൂളുകളില്‍ ബോധവത്ക്കരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തും. വീടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും അതിന്റെ പ്രാധാന്യവും മനസിലാക്കിക്കൊടുക്കുന്നതിനും വീടുകളില്‍ നിന്നും തയ്യാറാക്കിക്കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു. ഇങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടേയും ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പദ്ധതി നടപ്പാക്കുമ്പോള്‍ ജങ്ക് ഫുഡ്, കൃത്രിമ നിറങ്ങള്‍, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ആരോഗ്യപ്രദവും ചടുലവുമായ ജീവിതത്തിലെ പ്രാധാന്യം, ഭക്ഷ്യസുരക്ഷയുടേയും പോഷകാഹാരത്തിന്റേയും ആവശ്യകത എന്നിവയെ കുറിച്ച് ആധികാരികമായ അറിവ് വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാകും.

കേരളം ആരംഭിച്ച ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം കേരളത്തില്‍ ഈ വര്‍ഷം 206 സ്‌കൂളുകളില്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കുട്ടികളിലും ഘട്ടംഘട്ടമായി അധ്യാപകരിലും രക്ഷിതാക്കളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷി നയം നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയതില്‍ ദേശീയ അവാര്‍ഡും സമഗ്ര സംഭാവനയ്ക്ക് ഭാരത് ജ്യോതി അവാര്‍ഡും ലഭിച്ച മന്ത്രിയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആദരിച്ചു.

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍ കെ. ശീലാസ്, സെന്റ് ഗൊരേറ്റീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അക്വീന, ജോ. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ എ.കെ. മിനി, പി.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടര്‍ മോനി എം. എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലഹരിവിരുദ്ധക്ലബ്ബുകള്‍ വ്യാപിപ്പിക്കും: എക്സൈസ് മന്ത്രി

സത്യം പറഞ്ഞാ വിശ്വസിക്കുവോ: സംവൃത തിരിച്ചു വരുന്നു