കേരള ടൂറിസം ആദ്യമായി  ഇസ്രായേല്‍ ടൂറിസം മാര്‍ക്കറ്റില്‍

കൊച്ചി: ചരിത്രത്തിലാദ്യമായി കേരള ടൂറിസം ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന ഇന്‍റര്‍നാഷണല്‍ മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ (ഐഎംടിഎം) പങ്കെടുത്തു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശീയരുടെ വരവും ടൂറിസം മേഖലയിലെ സഹകരണവുമായിരുന്നു ലക്ഷ്യം.

ദ്വിദിന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ ടൂറിസം ഡയറക്ടര്‍  പി ബാലകിരണ്‍ നയിച്ചു. ഇസ്രായേലിലെ ടൂറിസം മേഖല ഉള്‍പ്പെടുത്തി മധ്യപൂര്‍വേഷ്യയില്‍  നടക്കുന്ന ഔദ്യോഗിക പ്രൊഫഷണല്‍ എക്സിബിഷനായ ഐഎംടിഎമ്മിന്‍റെ ഇരുപത്തിയഞ്ചാം പതിപ്പ് വ്യാഴാഴ്ച സമാപിച്ചു.

പിതൃരാജ്യത്തിലേക്ക് മടങ്ങുന്നതിനു മുന്‍പേ കേരളത്തില്‍ താമസമാക്കിയ യഹൂദന്‍മാരുടെ ഐതിഹാസിക ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്ന  മാനോഹരമായ ആദ്യ കോഫി ടേബിള്‍ ബുക്ക്  ഐഎംടിഎമ്മില്‍ കേരള ടൂറിസം പുറത്തിറക്കി. കേരളത്തിന്‍റെ സ്റ്റാള്‍ സന്ദര്‍ശിച്ച  ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍  പവന്‍ കപൂര്‍  ബുക്കിന്‍റെ ഔദ്യോഗിക പ്രകാശനം നിര്‍വ്വഹിച്ചു.

സംസ്ഥാന ടൂറിസത്തിലെ  നാഴികക്കല്ലാണ് ഐഎംടിഎമ്മിലെ പങ്കാളിത്തമെന്ന്  ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മത്സാരാധിഷ്ടിതമായ ആഗോള വിപണിയില്‍ വിദേശികളെ ആകര്‍ഷിക്കുന്നതിന് പുതിയ വിപണികളില്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കാന്‍ പ്രശസ്ത സംരംഭമായ ഐഎംടിഎമ്മിലെ പങ്കാളിത്തം ആക്കം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ  ടെല്‍ അവീവില്‍ നിന്ന് സെപ്റ്റംബറില്‍ കൊച്ചിയിലേയ്ക്ക് ഏര്‍കിയ ഇസ്രായേലി എയര്‍ലൈന്‍സ് നേരിട്ട്  സര്‍വീസ് ആരംഭിക്കും.  ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഇപ്പോള്‍  നേരിട്ട് വിമാന സര്‍വ്വീസുകളുണ്ട്.  ഇത് ടൂറിസം മേഖലയില്‍  രാജ്യത്തിന് പൊതുവിലും  കേരളത്തിന് പ്രത്യേകിച്ചും കരുത്തേകുമെന്ന്  അദ്ദേഹം വ്യക്തമാക്കി.

പാരമ്പര്യേതര വിപണികളില്‍ നിന്ന് വിനോദസഞ്ചാരികളെ എത്തിക്കുന്നതിനുള്ള കേരള ടൂറിസത്തിന്‍റെ തീവ്രമായ പ്രചാരണത്തിന്‍റെ ഭാഗമാണ് ഐഎംടിഎമ്മിലെ പങ്കാളിത്തമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് വ്യക്തമാക്കി. യുഎഇ, സൗദി അറേബ്യ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ സംസ്ഥാന ടൂറിസം വ്യക്തമായി  ചുവടുറപ്പിച്ചിട്ടുണ്ട്.  ഇസ്രായേല്‍ ടൂറിസവുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിലൂടെ കേരള ടൂറിസത്തിന് ഇസ്രായേലില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.

2018ല്‍ ഇസ്രായേലില്‍ നിന്ന് 15,339 സഞ്ചാരികളാണ് കേരളത്തിലേക്കെത്തിയത്. 2016 ല്‍ എത്തിയ  10,922 സഞ്ചാരികളുടേയും   2017 ല്‍ എത്തിയ 11,892 സഞ്ചാരികളുടേയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 2018ല്‍ 29 ശതമാനം വര്‍ദ്ധനവാണുള്ളത്.  ഇസ്രായേലില്‍ നിന്ന് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ 2013-18 കാലയളവില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

അനുകൂല പ്രതികരണങ്ങള്‍ തേടാന്‍ സന്ദര്‍ശനം സഹായിച്ചതായി  ബാലകിരണ്‍ പറഞ്ഞു. ഇസ്രായേല്‍ ടൂറിസം മേഖലയിലേയും ആതിഥേയ മേഖലയിലേയും വിവിധ പങ്കാളികളുമായും ചര്‍ച്ചകള്‍ നടത്തിയതായും ഇരു രാജ്യങ്ങളും ഉള്‍പ്പെടുന്ന തുടര്‍ സന്ദര്‍ശനങ്ങള്‍ക്ക് ഇത് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യന്‍ മണ്ണിലെ പുരാതന നിവാസികളാണ് കൊച്ചിയിലെ ജൂതന്‍മാര്‍. ന്യുയോര്‍ക്കിലുള്ളതിനേക്കാളും എണ്ണത്തില്‍ മാത്രമല്ല സംസ്കാരത്തിന്‍റെ കാര്യത്തിലും ഔന്നത്യമുള്ള അനേകം ജൂതന്‍മാര്‍ കൊച്ചിയിലുണ്ട്. 1792ല്‍ 2,000 ജൂതന്‍മാരും ഒന്‍പത് സിനഗോഗുകളും കൊച്ചിയില്‍ ഉണ്ടായിരുന്നു. 72 ജൂതന്‍മാരും ഒരു സിനഗോഗുമാണ് ന്യുയോര്‍ക്കിലുണ്ടായിരുന്നത്.

‘വണ്‍ ഹാര്‍ട്ട്, ടു വേള്‍ഡ്സ്- ദ സ്റ്റോറി ഓഫ് ദ ജ്യൂസ് ഓഫ് കൊച്ചി’ എന്ന കോഫി ടേബിള്‍ ബുക്കില്‍ കൊച്ചിയില്‍ അധിവസിക്കുന്ന ജൂതന്‍മാരുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. തങ്ങളെ വീണ്ടെടുത്ത ഇന്ത്യയോടുള്ള അഗാധമായ സ്നേഹവും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിതൃരാജ്യത്തിലേക്കെത്തുന്നതിന് 2000 വര്‍ഷങ്ങളായുള്ള ജൂതന്‍മാരുടെ അഭിലാഷവും ആവിഷ്കരിച്ചിട്ടുണ്ട്.

സ്റ്റാര്‍ക്ക് വേള്‍ഡ് പബ്ലിഷിങ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തെ പണ്ഡിതനും ചരിത്രകാരനുമായ ഡോ കെ എസ് മാത്യുവും ക്രിയേറ്റിവ് ഡയറക്ടറും എഴുത്തുകാരിയുമായ  യാമിനി നായരുമാണ്  കാലാനുസൃത വിവരണങ്ങള്‍ നല്‍കി കോര്‍ത്തിണക്കിയിരിക്കുന്നത്. കൊച്ചിയിലെ ജൂതന്‍മാരുടെ വിശ്വാസത്തേയും സംസ്കാരത്തേയും ചരിത്രത്തേയും സ്വപ്നങ്ങളേയും മനോഹരമായി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ ശേഖരങ്ങളില്‍നിന്നും മ്യൂസിയം ആര്‍ക്കെവുകളില്‍  നിന്നും ശേഖരിച്ച ഇസ്രായേല്‍- കേരള പശ്ചാത്തലങ്ങള്‍, സാംസ്കാരിക ആചാരങ്ങള്‍, ആഹാരരീതികള്‍, എബ്രായ മലയാള പാട്ടുപുസ്തകങ്ങള്‍, ചിതറിപ്പാര്‍ത്ത യഹൂദരുടെ ഇസ്രോയേലിലേക്കുള്ള കുടിയേറ്റം എന്നിവയെ  പ്രതിഫലിപ്പിക്കുന്ന ഇരുന്നൂറോളം ചിത്രങ്ങളാണ് ബുക്കില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. പരദേശി, കടവുംഭാഗം, പറവൂര്‍, മാല, ചെണ്ടമംഗലം, നഷ്ടമായ തെക്കുംഭാഗം സിനഗോഗ് എന്നീ എറണാകുളത്തെയും മട്ടാഞ്ചേരിയിലേയും ഏഴ് സിനഗോഗുകളുടെ വര്‍ണനയും പുസ്തകത്തെ ആശയ സമ്പന്നമാക്കുന്നു.

കൊച്ചിയില്‍ ഇപ്പോള്‍ 30 ജൂതന്‍മാരേ അവശേഷിക്കുന്നുള്ളൂ. രാജാക്കന്‍മാരാല്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ട ജൂതരുടെ സമാധാനപരമായുള്ള സാമൂഹിക- സാംസ്കാരിക സഹവര്‍ത്തിത്വമാണ് ഈ പുസ്തകത്തിന്‍റെ പ്രമേയമെന്നും  ബാലകിരണ്‍ വ്യക്തമാക്കി.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വനിതാ ഫുട്ബോള്‍ അക്കാദമി രൂപീകരിക്കും: മന്ത്രി ഇ.പി. ജയരാജന്‍

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ സ്പന്ദനത്തിന് അംഗീകാരം