Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 
in ,

കേരള ട്രാവല്‍ മാര്‍ട്ട് സെപ്തം 27 മുതല്‍; മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ചതാക്കുമെന്ന് സംഘാടകര്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വ്യവസായ മേളയായ കെടിഎമ്മിന്‍റെ പത്താം ലക്കത്തിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27 ന് കൊച്ചിയില്‍ തുടക്കമാകും. മുന്‍ വര്‍ഷങ്ങളിലേക്കാളും മികച്ച രീതിയിലായിരിക്കും ഇക്കുറി കേരള ട്രാവല്‍ മാര്‍ട്ട് നടത്തുകയെന്ന് കെടിഎം സൊസൈറ്റി അറിയിച്ചു.

പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തില്‍ തിരിച്ചു വരവ് കേരള ട്രാവല്‍ മാര്‍ട്ടിലൂടെയായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത്തിലാണ് കെടിഎമ്മിന്‍റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍, നയരൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും. അവസാനദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടേയും ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ നടക്കുന്ന ഈ പരിപാടിയിലേക്കുള്ള രജിസ്ട്രേഷനുകള്‍ മുഴുവന്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി കെടിഎം പ്രസിഡന്‍റ്  ബേബി മാത്യു അറിയിച്ചു. 393 വിദേശ ബയര്‍മാരും 1095 ആഭ്യന്തര ബയര്‍മാരുമാണ് കെടിഎമ്മിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചയുടെ പട്ടിക സെപ്തംബര്‍ പത്തിന് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ടൂറിസം രംഗം മെച്ചപ്പെട്ടു തുടങ്ങി. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത തടസ്സങ്ങളെല്ലാം നീങ്ങി. സീസണ്‍ തുടങ്ങിയതിനാല്‍ ബുക്കിംഗുകളും കാര്യമായി നടക്കുന്നു.

ഏതു പ്രതിസന്ധിയേയും അതിജീവിക്കുന്നവരാണ് കേരളീയര്‍ എന്ന സന്ദേശം ലോകത്തിനെ അറിയിക്കാനുള്ള അവസരമാണ് കെടിഎമ്മെന്ന് കേന്ദ്രടൂറിസം മന്ത്രാലയത്തിന്‍റെ ഉപദേശക സമ്മിതി വിദഗ്ധാംഗവും കെടിഎമ്മിന്‍റെ മുന്‍ പ്രസിഡന്‍റുമായിരുന്ന ശ്രീ ഏബ്രഹാം ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.  ലോകത്തിലെ 73 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൊച്ചിയിലെത്തുന്നുണ്ട്.  അവരിലൂടെ ലോകത്തിനു മുന്നില്‍ നേര്‍ക്കാഴ്ചയായി അവതരിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരതാശ്വാസത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കെടിഎമ്മിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ 28 ടൂറിസം അനുബന്ധ സംഘടനകള്‍ ചേര്‍ന്ന് കര്‍മ്മസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ശുചീകരണം, റോഡുകള്‍ ഗതാഗതയോഗ്യമാക്കല്‍, അവശ്യ സാധനങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഈ കര്‍മ്മസേന സജീവമാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാരിന് എല്ലാവിധ സഹായവും കര്‍മ്മസേന വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോകോത്തര ബയര്‍മാരേയും സെല്ലര്‍മാരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെടിഎം-2018 ഈ   മേഖലയിലെ പ്രമുഖരുമായി  ചര്‍ച്ച നടത്തുന്നതിനും മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവസരങ്ങള്‍ നല്‍കും.

കെടിഎമ്മില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളുടെ താമസത്തിനായി നാലു ദിവസത്തേക്ക് കൊച്ചിയിലെ 1000 മുറികള്‍ വിവിധ ഹോട്ടലുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി എത്തുന്ന തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരളത്തിന്‍റെ വടക്കും തെക്കും മധ്യത്തിലുമായി സൗജന്യമായി ടൂര്‍ പാക്കേജ് നല്‍കുന്നുണ്ട്.

കെടിഎം തുടങ്ങുന്നതിനു മുമ്പായി സെപ്തംബര്‍ 23 മുതല്‍ 27 വരെയായിരിക്കും ഇത്. 20 വിദേശ മാധ്യമ പ്രവര്‍ത്തരും ഇന്ത്യയില്‍ നിന്നുള്ള 26 മാധ്യമപ്രവര്‍ത്തക്കുമാണ് ഈയവസരം ഉണ്ടായിരിക്കുന്നത്. ഇതു കൂടാതെ കെടിഎമ്മിനു ശേഷം 400 പ്രതിനിധികള്‍ക്ക് വേണ്ടിയും ടൂര്‍ പാക്കേജ് ഒരുക്കുന്നുണ്ട്. ആയുര്‍വേദ മേഖലയുള്‍പ്പെടെയുള്ള ആറ് ടൂറുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

പൊതുസ്വകാര്യ പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയൂര്‍വേദ റിസോര്‍ട്ട്, സാംസ്കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഖ്യ പങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുള്ള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാകും.

സമ്പൂര്‍ണ മാലിന്യ സംസ്കരണം, ജൈവകൃഷി പ്രോത്സാഹനം, ഊര്‍ജത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം, തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വ്യാപക ഉപയോഗം തുടങ്ങിയവ കെടിഎം-2016 ന്‍റെ പരിഗണനാ വിഷയങ്ങളായിരുന്നെങ്കില്‍  ഇത്തവണ പ്രധാന വിഷയങ്ങള്‍ മഴവെള്ള സംഭരണം, പ്ലാസ്റ്റിക് ഉപയോഗ ലഘൂകരണം, ഹരിതാഭ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് 

വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ ഒന്‍പത് നദികളെ ലക്ഷ്യമാക്കി ‘മലബാര്‍ റിവര്‍ ക്രൂയിസ്’ എന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ്, ട്രഷറര്‍ ഗോപിനാഥ് റാവു, ജോയിന്‍റ് സെക്രട്ടറി ഹരി കെ സി, മാനേജിംഗ് കമ്മിറ്റി അംഗം മല്ലിക ദിനേശ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പ്രളയം മാറി, മനോഹാരിത വീണ്ടെടുത്ത് കേരളം 

ഇന്ത്യയിലെ പ്രഥമ ഡിസൈന്‍ സമ്മര്‍ സ്കൂള്‍ കൊച്ചിയില്‍