കണ്ണാശുപത്രി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു 

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ (ആര്‍.ഐ.ഒ.) പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

നേത്രചികിത്സാ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വലിയ അഭിമാനമാണ് ഈ സ്‌പെഷ്യാലിറ്റി ബ്ലോക്കെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ഥലപരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. സര്‍ക്കാരിന്റെ പ്രധാന മിഷനുകളിലൊന്നായ ആര്‍ദ്രം മിഷന്റെ ഭാഗമായി സര്‍ക്കാരാശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി ജനസൗഹൃദമാക്കി വരികയാണ്. അതിന്റെ ഭാഗമായാണ് സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇ-ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളൊരുക്കി വരുന്നത്. 

2010 സെപ്റ്റംബറില്‍ ഈ ബ്ലോക്കിന് ശിലാസ്ഥാപനം നടത്തിയെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെട്ടിടത്തിന്റെ ചട്ടക്കൂട് മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് നിരവധി മീറ്റിംഗുകളും ഇടപെടലുകളും നടത്തി ഇലട്രിക്കല്‍, സ്വീവേജ്, വാട്ടര്‍ സപ്ലൈ, വൈദ്യുതി, ആധുനിക മെഷീനുകള്‍, തസ്തികകള്‍ എന്നിവയെല്ലാം സജ്ജമാക്കിയത്. മികച്ച സൗകര്യങ്ങളൊരുക്കുന്നതിന് ആധുനിക ഉപകരണങ്ങളും മതിയായ ജീവനക്കാരും വേണം. ഇതിന്റെ ഭാഗമായാണ് അധ്യാപകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെ 92 പുതിയ തസ്തികകള്‍ ഈ ബ്ലോക്കിന് വേണ്ടി സൃഷ്ടിച്ചത്. 

വളരെയധികം പഴക്കമുള്ള കണ്ണാശുപത്രിയിലെ പഴയ കെട്ടിടം നവീകരിച്ച് പൈതൃകമായി നിലനിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ പുതിയ ബ്ലോക്കിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന മുറികളില്‍ റെറ്റിന, ലോ വിഷന്‍, കോണ്ടാക്ട് ലെന്‍സ് എന്നീ ക്ലിനിക്കുകള്‍, കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ പുനര്‍ജ്യോതി എന്നിവ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം സ്വാഗതമാശംസിച്ച ചടങ്ങില്‍ നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ ഹൈദ്രു ഇ.കെ., കൗണ്‍സിലര്‍മാരായ വഞ്ചിയൂര്‍ ബാബു, അഡ്വ. സതീഷ് കുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍.ഐ.ഒ. സൂപ്രണ്ട് ഡോ. ഷീബ സി.എസ്. എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിമുക്ത ഭടന്മാർക്ക് സർക്കാർ കൈത്താങ്ങാകും: മന്ത്രി

തിരുവനന്തപുരം വേൾഡ് ട്രേഡ് സെന്ററിന് ധാരണാപത്രം ഒപ്പുവച്ചു