responsible tourism, Kerala, minister, Kadakampally 
in ,

കേരളത്തിന് 9 ദേശീയ ടൂറിസം പുരസ്കാരങ്ങൾ 

തിരുവനന്തപുരം: പ്രളയദുരിതത്തിനിടയിലും ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് അംഗീകാരമായി മാറിയിരിക്കുകയാണ് ദേശീയ ടൂറിസം പുരസ്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്‍റെ നാല് ഔദ്യോഗിക എന്‍ട്രികള്‍ ഉള്‍പ്പെടെയാണ് 9 ദേശീയ പുരസ്കാരങ്ങള്‍.

ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ ജെ അല്‍ഫോണ്‍സ് പുരസ്കാര ദാനം നടത്തി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വര്‍മ്മയുള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിന്‍റെ ദുരിതകാലം കഴിഞ്ഞുവെന്നും സഞ്ചാരികളെ വരവേല്‍ക്കാന്‍ സംസ്ഥാനം പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞതായും കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) കെ ജെ അല്‍ഫോണ്‍സ് പറഞ്ഞു.

ഒരു മാസം മുമ്പ് കേരളത്തിലെ 14 ജില്ലകളിലെ 13 ജില്ലകളും വെള്ളത്തിനടിയിലായിരുന്നുവെന്ന് മന്ത്രി കെ ജെ അല്‍ഫോണ്‍സ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് സംസ്ഥാനം സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നു. സംസ്ഥാനത്തിന്‍റെ അതിജീവനത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എല്ലാവരെയും അദ്ദേഹം ക്ഷണിച്ചു.

സംസ്ഥാന ടൂറിസം വകുപ്പ് നാല് പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്. മികച്ച ടൂറിസം ഫിലിം, രാജ്യത്തെ സമഗ്ര ടൂറിസം വികസത്തിലെ രണ്ടാം സ്ഥാനമടക്കമാണ് നാല് പുരസ്കാരങ്ങള്‍.

വിദേശഭാഷാപ്രസിദ്ധീകരണങ്ങളിലെ മികവ്, ഉത്തരവാദിത്ത ടൂറിസം പദ്ധതി എന്നിവയില്‍ ഹാള്‍ ഓഫ് ഫെയിം പുരസ്കാരമാണ് കേരള ടൂറിസം കരസ്ഥമാക്കിയത്.

ഇതു കൂടാതെ സംസ്ഥാനത്തെ സ്വകാര്യ ടൂറിസം മേഖല അഞ്ച് പുരസ്കാരങ്ങളും കരസ്ഥമാക്കി. മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റ് , ബെസ്റ്റ് സ്റ്റാന്‍ഡ്എലോണ്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് സ്വകാര്യ സംരംഭകര്‍ നേടിയത്.

പുതിയ ഉത്പന്നങ്ങളെ അവതരിപ്പിച്ചതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന ഖ്യാതി സംസ്ഥാനം തിരികെ പിടിച്ചിരിക്കുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ദേശീയ ടൂറിസം പുരസ്കാരലബ്ധി സംസ്ഥാനത്തെ ടൂറിസം രംഗത്തിന്‍റെ ത്വരിത വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതത്തില്‍ നിന്നും കേരളം വളരെ വേഗം തിരിച്ചെത്തിയെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെത്തുകയെന്നതാണ് സംസ്ഥാനത്തിന്‍റെ അടിയന്തരമായ ആവശ്യം. മികച്ച സൗകര്യങ്ങളാണ് സംസ്ഥാനം ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസം മേഖലയെ അന്താരാഷ്ട്ര രംഗത്ത് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്നതാണ് ദേശീയ ടൂറിസം പുരസ്കാരത്തിലെ മികച്ച പ്രകടനമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു.

മികച്ച വിപണന രീതികള്‍ അവലംബിച്ചതിന്‍റെ അംഗീകാരമായി രണ്ട് ‘പാറ്റ’ പുരസ്കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചിരുന്നുവെന്ന് പി ബാല കിരണ്‍ ചൂണ്ടിക്കാട്ടി. ദേശീയ ടൂറിസം പുരസ്കാരങ്ങള്‍ സംസ്ഥാനത്തിന്‍റെ പ്രതീക്ഷകള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയിലൂടെ പ്രാദേശിക ജനതയ്ക്ക് ജീവിതമാര്‍ഗ്ഗം ലഭ്യമാക്കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം.  ആ പദ്ധതി ഫലപ്രദമായി വയനാട്ടില്‍ പൂര്‍ത്തിയാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ പ്രാദേശികമായ തൊഴിലും സംസ്കാരവും ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ഇതു വഴി സാധിച്ചിട്ടുണ്ട്.

മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്കാരം സംസ്ഥാനത്തെ ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ കോണ്‍കോഡ് എക്സോട്ടിക് വോയേജസ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി.

ബെസ്റ്റ് ഇന്‍ക്രഡിബിള്‍ ഇന്ത്യ ബെഡ് ആൻഡ് ബ്രേക്ക് ഫാസറ്റ് വിഭാഗത്തില്‍ മൂന്നാറിലെ റോസ്ഗാര്‍ഡന്‍ ഹോംസ്റ്റേ പുരസ്കാരം നേടി. മികച്ച വെല്‍നെസ്സ് സെന്‍റര്‍ പുരസ്കാരം കോവളത്തെ സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആൻഡ് ആയുര്‍വേദ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. മികച്ച സ്റ്റാന്‍ഡ് എലോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററിനുള്ള പുരസ്കാരം അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിനാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഫയര്‍ഫോഴ്സില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും 

സ്ത്രീകളുടെ അസ്തിത്വത്തെ അംഗീകരിക്കുന്ന വിധി