ഖേലോ ഇന്ത്യ: കേരള ടീമുകളുടെ മേല്‍നോട്ടത്തിന് സെല്‍ 

തിരുവനന്തപുരം:  അടുത്തവര്‍ഷം  പൂനെയില്‍ നടക്കുന്ന രണ്ടാം ദേശീയ തല യുവജന കായിക മേളയായ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2019 ല്‍ ( കെഐവൈജി) കേരളത്തിന്‍റെ മികച്ച പ്രകടനം ലക്ഷ്യമാക്കി മേല്‍നോട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ സെല്‍ രൂപീകരിക്കുന്നു.

വിവിധ കായികയിനങ്ങളുടെ പരീശീലന ക്യാംപുകള്‍ നിരീക്ഷിക്കുന്നതിനും ടീമുകളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമാണ് കെഐവൈജി സെല്‍ രൂപീകരണം ലക്ഷ്യമിടുന്നത്.  ജനുവരി 9 മുതല്‍ 20 വരെയാണ് മേള നടക്കുന്നത്.

സംസ്ഥാന കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ ഇ.പി ജയരാജന്‍റെ നിര്‍ദ്ദേശപ്രകാരം ഈ ആഴ്ചയുടെ തുടക്കത്തില്‍ സെല്‍ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. പ്രഗത്ഭരായ കോച്ചുകളില്‍നിന്നും ജിവി രാജ സ്പോര്‍ട്സ് സ്കൂളിലേയും കണ്ണൂര്‍ സ്പോര്‍ട് ഡിവിഷനിലേയും സ്റ്റാഫില്‍നിന്നുമുള്ളവരെ അംഗങ്ങളാക്കി. കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ ആയിരിക്കും സെല്‍ രൂപവല്‍കരിക്കുക

പരിശീലന ക്യാംപുകള്‍ നിരീക്ഷിക്കുന്നതിന്‍റേയും കെഐവൈജിയില്‍ ടീമുകളുടെ പങ്കാളിത്തത്തിനും പ്രകടനത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്‍റേയും ഉത്തരവാദിത്തം സെല്ലിനാണ്.

ടീമുകള്‍ക്ക് രൂപം നല്‍കി ഒരാഴ്ചയ്ക്കകം പരിശീലന ക്യാംപുകള്‍ ആരംഭിക്കും. കായിക മേഖലയിലെ  മനശാസ്ത്രജ്ഞരുടേയും ഫിസിയോതെറാപ്പിസ്റ്റുകളുടേയും സേവനവും പ്രയോജനപ്പെടുത്തും.

ദേശീയ തലത്തില്‍ വിജയികളായ ടീമുകളെ നയിച്ചിട്ടുള്ള  ഉദ്യോഗസ്ഥരെ ടീം മാനേജരര്‍മാരായി തെരഞ്ഞെടുക്കും. കായിക യുവജനകാര്യ ഡയറക്ടറേറ്റിലും (ഡിഎസ്വൈഎ) സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലുമുള്ള   കോച്ചുകളില്‍  ദേശീയ പരിശീലന ക്യാംപുകളില്‍ മികച്ച പ്രകടനവും വൈദഗ്ധ്യവും കാഴ്ചവച്ചിട്ടുള്ളവരാണ്  തെരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുക.

സ്പോര്‍ട്സ് മെഡിസിന്‍ മെഡിക്കല്‍ ഓഫീസര്‍, രാജീവ് ഗാന്ധി സ്പോര്‍ട്സ്മെഡിസിന്‍ സെന്‍റര്‍, രണ്ടു വനിതകള്‍ അടങ്ങുന്ന നാല് ഫിസിയോ തെറാപിസ്റ്റുകള്‍ എന്നിവരാണ് കെഐവൈജി സ്ക്വാഡില്‍ ഉള്‍പ്പെടുന്നത്.  2015ല്‍ കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസില്‍ ടീമുകള്‍ക്കായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകളിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിലുള്ള വ്യക്തികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.

മികച്ച വീഡിയോ വിശകലനത്തിനും ടീമുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുമായി പരീശീലന ക്യാംപുകളിലേയും വിവിധ ഇടങ്ങളിലെ കായിക പ്രകടനങ്ങളുടേയും  വീഡിയോകള്‍  ടീം പരിശീലകര്‍ക്ക് ലഭ്യമാക്കുന്നതിന് വീഡിയോ റെക്കോര്‍ഡിങ്ങിനുള്ള സൗകര്യം ഒരുക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേരള സംഘത്തിന്‍റെ ചീഫ് ദ മിഷനേയും വൈസ് ചീഫ് ദ മിഷനേയും മുന്‍കാല പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിഎസ്വൈഎ ഡയറക്ടര്‍ നിയോഗിക്കും.

കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അഫിലിയേഷന്‍ സസ്പെന്‍ഡു ചെയ്യുകയോ റദ്ദാക്കുകയോ ചെയ്ത അസോസിയഷനുകളുടെ ഇനങ്ങളിലെ സെലക്ഷന്‍ കമ്മിറ്റിയിലേയ്ക്ക്  രാജ്യാന്തര മേളകളില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയെ നിരീക്ഷകനായി  നിയോഗിക്കും. സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞാലുടന്‍ ടീം അംഗങ്ങളുടെ പട്ടിക സര്‍ക്കാരിനു സമര്‍പ്പിക്കണം.

പൂനെയില്‍ മലുംഗ -ബലേവാഡിയിലെ ശിവ ഛത്രപതി സ്പോര്‍ട്സ് സമുച്ചയത്തിലാണ് രണ്ടാമത്തെ ഖേലോ ഗെയിംസ് നടക്കുക. 2018 ഡല്‍ഹിയില്‍ നടന്ന ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസ് എന്ന പ്രഥമ പതിപ്പില്‍ 17 വയസ്സിനു താഴെയുള്ളവര്‍ക്കുമാത്രമായിരുന്നു പങ്കാളിത്തം. എന്നാല്‍ ഇത്തവണ പതിനെട്ടുവിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍  21 വയസ്സിനു താഴെയുളളവര്‍ക്ക് മത്സരിക്കാം.  ടേബിള്‍ ടെന്നീസും ടെന്നീസും പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചരിത്രം പറഞ്ഞ് മെസേജസ് ഫ്രം ദി അറ്റ്ലാന്‍റിക് പാസേജ്

രഹ്ന ഫാത്തിമക്ക് ഉപാധികളോടെ ജാമ്യം